തിരുവനന്തപുരം: തലസ്ഥാനത്തെ എസ്. എഫ്. ഐ. പ്രവർത്തകർ സർക്കാർ വാഹനം അടിച്ചു തകർത്ത് പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാർ സമർപ്പിച്ച രണ്ടാമത്തെ പിൻവലിക്കൽ ഹർജിയും തള്ളിയ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി സംസ്ഥാന സർക്കാരിനെയും സർക്കാർ അഭിഭാഷകയെയും രൂക്ഷമായി വിമർശിച്ചു. പ്രതികളെയും മൂന്നു സാക്ഷികളെയും ഏപ്രിൽ 5 ന് വിചാരണക്കായി ഹാജരാക്കാനും കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടറോട് കോടതി ഉത്തരവിട്ടു. സർക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ കോടതി അനാവശ്യ ഹർജി നൽകിയതിന് കനത്ത പിഴ സർക്കാരിന് ചുമത്തേണ്ടതാണെന്ന് നിരീക്ഷിച്ചു. എന്നാൽ അതിന് ഈ ഘട്ടത്തിൽ മുതിരുന്നില്ലെന്നും പറഞ്ഞ കോടതി സർക്കാരിനെ താക്കീത് ചെയ്തു.

നിയമ വശങ്ങൾ നോക്കാതെ സർക്കാരിന്റെ ഉത്തരവ് അതേപടി കണ്ണുമടച്ച് വിഴുങ്ങിക്കൊണ്ട് സർക്കാർ അഭിഭാഷക സർക്കാരിന്റെ ഉപകരണമായി പ്രവർത്തിച്ചുവെന്ന് വിലയിരുത്തിയ മജിസ്‌ട്രേട്രേട്ട് എ. അനീസ സർക്കാർ അഭിഭാഷകയായ ഉമാ നൗഷാദിനെ രൂക്ഷമായ ഭാഷയിൽ ശകാരിക്കുകയും ചെയ്തു. സ്വതന്ത്രമായ മനസ് അർപ്പിക്കാതെ ബാഹ്യ പ്രേരണായാലും യാതൊരു ഉത്തമ വിശ്വാസവുമില്ലാതെയാണ് സർക്കാർ അഭിഭാഷക ഹർജി സമർപ്പിച്ചത്. 2008 ൽ സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജി തള്ളി പ്രതികൾ വിചാരണ നേരിടാൻ ഉള്ള ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ പോയിട്ടില്ല. ആ സാഹചര്യത്തിൽ പ്രതികൾ വിചാരണ നേരിടാനുള്ള ആദ്യ ഉത്തരവ് നിലനിൽക്കെ അതേ ആവശ്യവുമായി സർക്കാർ ഇറക്കിയ കളവായ രണ്ടാമത്തെ ഉത്തരവ് അതേ പടി വിഴുങ്ങി അതിന്റെ പിൻബലത്തിൽ പിൻവലിക്കൽ ഹർജി സമർപ്പിച്ചത് നിയമനടപടികളുടെ ദുരുപയോഗമാണ്.

സർക്കാർ നടപടി നീതിന്യായ വ്യവസ്ഥക്ക് ഹാനി വരുത്തുന്നതാണ്. എക്‌സിക്യൂട്ടീവിന്റെ ആജ്ഞക്ക് മുമ്പിൽ കുനിഞ്ഞു നിന്നാണ് സർക്കാർ അഭിഭാഷക പ്രവർത്തിച്ചത്. ഇത്തരം കേസുകൾ പിൻവലിക്കാൻ അനുമതി നൽകുന്നത് നിയമത്തിന്റെ സുഗമമായ പ്രവർത്തനത്തെ ഞെക്കിക്കൊല്ലലും പ്രകടമായ അനീതിയുമാകും. വിചാരണയോടെ പ്രോസിക്യൂഷൻ തുടരാൻ അനുവദിക്കുന്നതാണ് നീതിയുടെ താൽപര്യം സംരക്ഷിക്കാൻ പര്യാപ്തമാകുന്നത്. സർക്കാരിന്റെ ഹർജി നീതിന്യായ വ്യവസ്ഥയിലുള്ള ശരിയല്ലാത്ത ഇടപെടലാണ്. കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യവും പൊതു സമാധാനവും പൊതു നീതിയും നന്മയും എങ്ങനെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കാൻ സർക്കാരിന്റെ ഹർജിയിൽ യാതൊന്നും പ്രസ്താവിച്ചിട്ടില്ല. പ്രോസിക്യൂട്ടറുടെ ഹർജിക്ക് യാതൊരു അടിസ്ഥാനമില്ലാത്തതും നിയമ സാധുതയില്ലാത്തതുമാണെന്നും സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

പൊതു മുതൽ നശിപ്പിച്ച് ഖജനാവിന് നഷ്ടം വരുത്തിയ കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിനും പൊതു നന്മക്കും പൊതു നീതിക്കും വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സർക്കാരിന്റെ രണ്ടാം പിൻവലിക്കൽ ഹർജിയും കോടതി തള്ളിയത്. ഇത്തരം കേസുകൾ പിൻവലിക്കാൻ അനുമതി നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. രാഷ്ട്രീയ പ്രക്ഷോഭക്കാർ , ജനക്കൂട്ടം എന്നിവരാലുള്ള പൊതു പൊതുമുതൽ നശീകരണമെന്നത് കേസ് പിൻവലിക്കാനുള്ള കാരണമല്ല.

പ്രതികളായ അഞ്ച് എസ് എഫ് ഐ പ്രവർത്തകർ വിചാരണ നേരിടാനും കോടതി ഉത്തരവിട്ടു. സാക്ഷി വിസ്താര വിചാരണക്കായി മൂന്നു സാക്ഷികളെ ഏപ്രിൽ 5 ന് ഹാജരാക്കാൻ കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടറോട് മജിസ്ട്രേട്ട് എ. അനീസ ഉത്തരവിട്ടു.

എസ് എഫ് ഐ പ്രവർത്തകരായ വലിയറത്തല സ്വദേശി രാജേഷ് , നെല്ലിമൂട് കണ്ണറവിള സ്വദേശി ദിലീപ് , വലിയ വിള സ്വദേശി അജയൻ , കവഡിയാർ സ്വദേശി രഞ്ജിത് , കല്ലിയൂർ സ്വദേശി അഭിലാഷ് എന്നിവരാണ് പൊതുമുതൽ നശിപ്പിക്കൽ കേസിലെ ഒന്നുമുതൽ അഞ്ചു വരെയുള്ള പ്രതികൾ. 2004 ഡിസംബർ 2 ന് പട്ടാപ്പകൽ തലസ്ഥാന ജില്ലയിലെ തൈക്കാട് സംഗീത കോളേജിന് സമീപം പൊതു റോഡിൽ വച്ചാണ് സംഭവം നടന്നത്. അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ പ്രതികൾ സർക്കാർ വാഹനമായ സ്റ്റേറ്റ് കാർ അടിച്ചു തകർത്തു പൊതു ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് കേസ്.

2008 ൽ എൽ ഡി എഫ് സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജി കോടതി തള്ളിയിരുന്നു. എന്നാൽ പ്രതികൾ കോടതിയിൽ ഹാജരാകാതെ 2020 വരെ വിചാരണ നീട്ടുകയായിരുന്നു. ഇതിനിടെ കുറ്റപത്രം വായിച്ച് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയിരുന്നു. വിചാരണക്കായി സാക്ഷി സമൻസ് പുറപ്പെടുവിക്കാനൊരുങ്ങവേ കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ തർക്കമുന്നയിച്ച് കോടതിയെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ പിൻവലിക്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ഹർജി 2008 ൽ തള്ളിയ കാര്യം വ്യക്തമാക്കിയ കോടതി പ്രതികളോട് വിചാരണ നേരിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് മാർച്ച് 5 ന് രണ്ടാമതും പിൻവലിക്കൽ ഹർജി സർക്കാർ സമർപ്പിച്ചത്.

കോടതിയിൽ ഹാജരാകാത്ത മൂന്നും അഞ്ചും പ്രതികൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി അഞ്ചാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അറസ്റ്റ് വാറണ്ടും സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടു കെട്ടാൻ ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.