കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമായ റാ​ഗിം​ഗ്. കോളജിലെ ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ റോബിനാണ് ഹോസ്റ്റലിൽ റാഗിംഗിന് ഇരയായത്. പതിനഞ്ച് മണിക്കൂർ മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം പോലും നൽകാതെ മർദ്ദിച്ചെന്നും വിവസ്ത്രനാക്കി ഫോട്ടോ എടുത്തെന്നും റോബിൻ പറയുന്നു. എസ് എഫ് ഐയുടെ പിരിവിന് ഇറങ്ങാൻ തയ്യാരാകാത്തതിന്റെ പേരിലായിരുന്നു മർദ്ദനം.

വെള്ളിയാഴ്‌ച രാത്രി എട്ട് മണി മുതൽ ശനിയാഴ്‌ച രാവിലെ 11 മണിവരെയാണ് റോബിൻ ക്രൂരമായ റാ​ഗിം​ഗിന് ഇരയായത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു റാഗിങ്. എസ് എഫ് ഐക്കാർ റോബിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇരുമ്പ് വടി കൊണ്ട് കാൽ മുട്ടിലടക്കം മർദിച്ചിട്ടുണ്ട്. ഭക്ഷണം നൽകുകയോ രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കുകയോ ചെയ്‌തില്ലെന്നും റോബിൻ പറയുന്നു. എസ് എഫ് ഐയുടെ പിരിവിന് ഇറങ്ങാൻ നിർബന്ധിച്ചപ്പോൾ അതിനു തയ്യാറാകാത്തതിനെ തുടർന്നാണ് മർദനമെന്നാണ് ആരോപണം.

എസ് എഫ് ഐ പ്രവർത്തകരല്ലാത്ത കോളേജിന് പുറത്തുനിന്നുള്ളവരും അക്രമിസംഘത്തിലുണ്ടായിരുന്നതായും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പൊലീസിൽ പരാതി നൽകിയാൽ വേറെ കേസിൽ കുടുക്കുമെന്ന് പറഞ്ഞായിരുന്നു റാഗിങ് നടത്തിയതെന്നാണ് റോബിന്റെ സുഹൃത്ത് പറയുന്നത്.