കോഴിക്കോട്: ലൈഫ് മിഷൻ കോഴ വിവാദത്തിൽ ഉൾപ്പെട്ട യൂണിടാക് ഉടമ നൽകിയ വിലകൂടിയ ഐ ഫോൺ ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിനിടയിൽ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനോട് പഴയ കണക്ക് തീർക്കുകയാണ് യൂത്ത് കോൺ​ഗ്രസ് നേതാക്കൾ. ഐ ഫോൺ , ഐ ഗ്രൂപ്പ് , പണ്ടേ ഐ വീക്‌നെസായതുകൊണ്ടാണ് എന്നായിരുന്നു ഒക്ടോബറിൽ റഹീമിന്റെ പോസ്റ്റ്. അത് ഇപ്പോൾ സിപിഎം യുവ നേതാവിനെ തന്നെ തിരിഞ്ഞ് കൊത്തുകയാണ്. റഹീമിനെ ട്രോളി കോൺഗ്രസിലെ യുവ നേതാക്കൾ രം​ഗത്തെത്തി.

ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം. (ഐ) ഫോൺ സിപി(ഐ)എംലെ (ഐ) എന്നായിരുന്നു ഷാഫിയുടെ പരിഹാസം. ഐഫോൺ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല, എന്താണിത്ര വൈകിയത് എന്നേയുള്ളുവെന്ന് വി.ടി ബൽറാം കുറിച്ചു. എന്നാൽ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയിൽ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണൻ മുതൽ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചർമ്മശേഷിക്കും മുന്നിൽ കണ്ടാമൃഗം തോറ്റുപോകുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാനായി സ്വപ്ന ഐ ഫോൺ തന്റെ പക്കൽ നിന്ന് വാങ്ങിയതായി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ച വാർത്തയ്ക്ക് പിന്നാലെയായിരുന്നു റഹീമിന്റെ പോസ്റ്റ്. എന്നാൽ ചെന്നിത്തല നിയമനടപടിക്ക് ഒരുങ്ങിയതോടെ സ്വപ്‌ന അത് ചെന്നിത്തലയ്ക്കാണോ കൊടുത്തതെന്ന് അറിയില്ലെന്ന് പറഞ്ഞ് സന്തോഷ് ഈപ്പൻ പിന്നീട് തലയൂരിയിരുന്നു.

അതേസമയം, സ്വർണ്ണക്കടത്തു കേസിൽ ചോദ്യം ചെയ്യലിന് കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി പറയുന്നു. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടായിരുന്നു വിനോദിനിയുടെ പ്രതികരണം.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ വിനോദിനി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വിനോദിനിക്ക് ഫോൺ നൽകിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും പ്രതികരിച്ചു.

ഐ ഫോൺ നൽകിയത് സ്വപ്നാ സുരേഷിനാണ്. വാർത്തകളിലൂടെയല്ലാതെ വിനോദിനിയെ അറിയില്ല. സ്വപ്നാ സുരേഷിന് നൽകിയ ഫോൺ അവർ ആർക്കെങ്കിലും നൽകിയോ എന്നറിയില്ലെന്നും സന്തോഷ് ഈപ്പൻ. വില കൂടിയ ഫോൺ യുഎഇ കോൺസൽ ജനറലിന് നൽകിയെന്നാണ് സ്വപ്ന പറഞ്ഞത്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരു പാരിതോഷികവും നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്നാണ് കസ്റ്റംസ് വാദം. മാർച്ച് 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.

യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകാനായി വാങ്ങിയ അഞ്ച് ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് കസ്റ്റംസ് ഇത്തരത്തിലൊരു നടപടിയെടുത്തതെന്നായിരുന്നു റിപ്പോർട്ടുകൾ. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോൺ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. സന്തോഷ് ഈപ്പൻ വാങ്ങിയതിൽ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

സ്വർണ്ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഈ ഫോണിൽ ഒരു സിം കാർഡിട്ട് ഫോൺ ഉപയോഗിച്ചതായും കസ്റ്റംസ് കണ്ടെത്തുന്നു. ഐഎംഇഎ നമ്പർ പരിശോധിച്ച് സിം കാർഡും കസ്റ്റംസ് കണ്ടെടുത്തതായി വിവരമുണ്ട്. കോൺസൽ ജനറലിന് നൽകിയെന്ന് പറയപ്പെടുന്ന ഫോൺ എങ്ങനെ വിനോദിനിയുടെ കൈവശമെത്തിയെന്ന് വരും ദിവസങ്ങളിൽ കസ്റ്റംസ് വിശദമായി അന്വേഷിക്കും.

ഡോളർകടത്തിലും സ്വർണ്ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്്വപ്നയ്ക്ക് കൈക്കൂലിയായാണ് ഈ ഐ ഫോണുകൾ സന്തോഷ് ഈപ്പൻ വാങ്ങിനൽകിയതെന്ന പേരിൽ വിവാദമുണ്ടായിരുന്നു. ഇത് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ പക്കലെത്തി എന്നത് സർക്കാരിനെയും പാർട്ടിയേയും പ്രതിരോധത്തിലാക്കും.

ഐഫോൺ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും...

Posted by VT Balram on Friday, March 5, 2021