കണ്ണൂർ: സിപിഎം സ്വർണക്കടത്തുകാരിൽ നിന്നും ക്വട്ടേഷൻകാരിൽ നിന്നും ലെവി പിരിക്കുന്ന പാർട്ടിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎ‍ൽഎ പറഞ്ഞു കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്തുകാരുടെ പുതുതായി വന്ന ശബ്ദ സന്ദേശം സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് അംഗം മുതൽ ജില്ലാ പഞ്ചായത്തംഗം വരെ ലെവി പിരിക്കുന്ന പാർട്ടിയാണ് സിപിഎം.എം.എൽ എ മാരിൽ നിന്നും മന്ത്രിമാരിൽ നിന്നും വരെ ഇവർ പണം പിരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും വരെ പണം പിരിക്കുകയാണ്.

പാർട്ടിക്ക് വേണ്ടി കൊലപാതകങ്ങൾ നടത്തുന്ന ഇവർ സ്വർണക്കടത്തിലുടെ കോടികൾ സമ്പാദിക്കുകയാണ്.ഒരു വിഹിതം പാർട്ടിക്കുള്ളതാണെന്നാണ് ഇവർ തമ്മിൽ നടത്തിയ ശബ്ദരേഖയിൽ വ്യക്തമാകുന്നത്. കമ്യുണിസ്റ്റ് പാർട്ടി ഓഫ് മാഫിയായി സിപിഎം മാറിയിരിക്കുകയാണ് 'സ്വർണക്കടത്തുമായി ബന്ധമുള്ളവരുടെ ഫോൺ കോളുകൾ മുതൽ കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കു നൽകുന്ന പരോളുവരെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസുമുതൽ ചെമ്പിലോട് ബ്രാഞ്ച് കമ്മറ്റി വരെയുള്ള വർക്ക് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരനാണ് കൂത്തുപറമ്പിലെ ക്വട്ടേഷൻ സംഘത്തെ നയിക്കുന്നതെന്നാണ് വിവരം. ക്വട്ടേഷൻ - സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് സിപിഎം ഭരണത്തിന്റെ തണലിൽ എല്ലാ സഹായങ്ങളും നൽകുന്നുവെന്നതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്.ഇന്ന് പുറത്തു വന്ന ശബ്ദരേഖയിൽ കള്ളക്കടത്തിന്റെ മൂന്നിലൊരു ഭാഗം പാർട്ടിക്ക് നൽകുന്നുവെന്നാണ് വെളിപ്പെടുത്തൽ.

കേരളത്തെ സംബന്ധിച്ച് വളരെ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉള്ളത്. സിപിഎം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് വരെ സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ പണം എത്തുന്നുവെന്നാണ് സംശയിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന് ഇത്തരം സംഘങ്ങളുടെ ഫോൺ രേഖകൾ അടക്കം പരിശോധന വിധേയമാക്കണം. - ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

പാർട്ടിക്ക് വേണ്ടി കൊലയും അക്രമങ്ങളും നടത്തുന്നവർക്ക് വീര പരിവേഷം നൽകുന്നതിന് പുറമെ, ഇവർക്ക് ജയിലിൽ എല്ലാ സൗകര്യങ്ങളും നൽകുന്നു. ഇഷ്ടം പോലെ പരോൾ അനുവദിക്കുന്നു. പരോളിലിറങ്ങി ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്താൻ സൗകര്യം നൽകുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിക്കും ഷാഫിക്കുമൊക്കെ ജയിലിലും പാർട്ടിയിലും ലഭിക്കുന്ന പരിഗണന ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അതിനാൽ ശിക്ഷിക്കപ്പെട്ടവർക്ക് പരോൾ അനുവദിച്ചതിനെക്കറിച്ചും അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.