തിരുവനന്തപുരം: പിഎസ് സി റാങ്ക്‌ലിസ്റ്റിൽ ഇടംപിടിച്ചിട്ടും ജോലി ലഭിക്കാതെ വന്നതിനെ തുടർന്ന് അനു എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാറിനെതിരെ തുറന്ന സമരത്തിന് യൂത്ത് കോൺഗ്രസ്. സർക്കാറിനെതിരെ വിഷയം ഉയർത്തി ആഞ്ഞടിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടപ്പിലാക്കാനുള്ള പി.എസ്.സിയുടെ രാഷ്ട്രീയ വിധേയത്വത്തിന്റെ ഇരയാണ് ആത്മഹത്യ ചെയ്ത അനുവെന്ന പാവപ്പെട്ട ചെറുപ്പക്കാരനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു.

ബക്കറ്റിൽ തൊഴിൽ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും, പി.എസ്.സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദിയെന്ന് ഷാഫി പറഞ്ഞു. കേരളം മുഴുവൻ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോൺഗ്രസ്സ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഷ്ടപ്പെട്ട് പഠിച്ച് മെയിൻ ലിസ്റ്റിൽ 77-ാമത് റാങ്കുകാരാനായി എത്തിയ ചെറുപ്പക്കാരൻ സർക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരിൽ മാത്രമാണ് ജീവനൊടുക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടേയും പിഎസ്‌സി ചെയർമാന്റേയും ധാർഷ്ട്യത്തിന്റെ ഇരയാണ് അനു. സിവിൽ എക്സൈസ് ഓഫീസറുടെ റാങ്ക് പട്ടികയിലേക്ക് ഈ ചെറുപ്പക്കാരൻ കുറുക്കുവഴിയിലൂടെയും പിൻവാതിലിലൂടെയും കടന്നുവന്നതല്ല. പഠിച്ചു പാസായി കഷ്ടപ്പെട്ട് അധ്വാനിച്ചു കടന്നുകയറിയതാണ്. ആ ചെറുപ്പാക്കരനെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതി പി.എസ്.സി ചെയർമാനുമാണ്.

റാങ്ക് ലിസ്റ്റ് നീട്ടി നൽകണമെന്ന് കേരളത്തിലെ മാധ്യമങ്ങളടക്കം നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാൽ ധിക്കാരമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റാങ്ക് ലിസ്റ്റിന് കുറച്ചുകൂടി കാലാവധി നൽകിയിരുന്നെങ്കിൽ ആത്മഹത്യ ചെയ്ത അനു ഉൾപ്പടെയുള്ള നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ ലഭിച്ചേനെ. ലിസ്റ്റ് നീട്ടിനൽകാൻ തയ്യാറാകാത്തതിന്റെ പിന്നിൽ എന്താണ് കാരണം. മറ്റൊരു ലിസ്റ്റ് തയ്യാറായിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കാം. എന്നാൽ അങ്ങനെയൊന്നില്ലായിരുന്നു. 400 ഓളം ഒഴിവുകൾ ഈ പോസ്റ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. നാലാ അഞ്ചോ സ്ഥാനത്തിന് ജോലി നഷ്ടമായി മനസ്സ് വേദനിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പാക്കാരെ ആശ്വസിപ്പിക്കുന്നതിന് പകരം ഇവിടെ ബക്കറ്റിൽ ജോലി എടുത്ത് വെച്ചിട്ടുണ്ടോയെന്നാണ് പി.എസ്.സി ചെയർമാൻ ചോദിച്ചത്.

സ്വപ്ന സുരേഷിന് ഏത് ബക്കറ്റിൽ നിന്നാണ് സർക്കാർ ജോലി എടുത്ത് നൽകിയതെന്ന് പറയണം. ജോലി ചോദിച്ചു പി.എസ്.സി റാങ്ക് ലിസ്റ്റുള്ളവർക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒന്ന് പ്രതിഷേധിക്കാൻ പോലും സാധ്യമല്ല. അപ്പോൾ വിലക്ക് വരികയാണ്. കേരളം ഭരിക്കുന്നത് ഹിറ്റ്ലറാണോ. വിമർശിക്കാൻ പാടില്ലെന്ന് പറഞ്ഞ് മൂന്ന് ചെറുപ്പാക്കാരെ ഇതിനകം വിലക്കിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സംഭവത്തിൽ യുവമോർച്ചയും പിഎസ് സിക്കും സർക്കാറിനുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുന്നത്തുകാലിൽ തട്ടിട്ടമ്പലം സ്വദേശി അനു(28)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. അനുവിന്റേത് ആത്മഹത്യയല്ല... കൊന്നതാണ്.... എന്ന ആരോപണവുമായി യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ രംഗത്തു വന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് പി എസ് സിയെ ന്യായീകരിച്ച പാറശാല എംഎൽഎ ഹരീന്ദ്രനെതിരേയും യുവമോർച്ച പ്രതിഷേധിച്ചു. പി എസ് സിയിലേക്ക് സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

പി.എസ്.സിയുടെ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. എന്നിട്ടും ജോലി കിട്ടിയില്ലെന്നതാണ് വസ്തുത. സാധാരണ ഇത്രയും ഉയർന്ന റാങ്ക് കിട്ടുന്നവർക്ക് ജോലി കിട്ടുകയാണ് പതിവ്. ഇത്തവണ അതും നടന്നില്ല. ഇതിലൂടെ പി എസ് എസി റാങ്ക് ലിസ്റ്റിലെ സർക്കാർ വാദവും പൊളിയുകയാണ്.

റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടർന്ന് അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജോലി കിട്ടാത്തതിലുള്ള മാനസിക വിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ അനു എഴുതിവെച്ചിരുന്നു. കൂലിപ്പണി ചെയ്താണ് അനു ബിരുദപഠനം പൂർത്തായാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അനു ഉൾപ്പെട്ട ലിസ്റ്റിന് ഒരു വർഷത്തെ കാലാവധി ആയിരുന്നു ഉണ്ടായിരുന്നത്. അത് ഈ ഏപ്രിലിൽ അവസാനിച്ചു. തുടർന്ന് കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുമാസം കൂടി സർക്കാർ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി. ജൂൺ 20 വരെ ആയിരുന്നു റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്. എന്നിട്ടും ജോലി കിട്ടിയില്ല.

കാലാവധി നീട്ടിക്കിട്ടിയ ഈ സമയത്തിനിടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഏഴുപേർക്കു കൂടി അഡൈ്വസ് മെമോ അയക്കാൻ സാധിച്ചുവെന്ന് പി.എസ്.സി. അറിയിച്ചു. റാങ്ക് ലിസ്റ്റിലുള്ള 72 പേർക്കാണ് നിയമനം ലഭിച്ചത്. 77- റാങ്കുകാരൻ ഇതോടെ തീർത്തും നിരാശയിലായി. 77-ാം റാങ്ക് കിട്ടയതോടെ തന്നെ ജോലി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അനു. ആത്മഹത്യയാണുണ്ടായതെന്ന് പൊലീസും സ്ഥിരീകരിച്ചു. വെള്ളറട പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അനുവിന് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി കഴിഞ്ഞു. ഇലക്ട്രിക്കൽ ജോലിയാണ് കുടുംബം നോക്കാൻ ചെയ്തിരുന്നത്. അവിവാഹിതനുമായിരുന്നു.