കണ്ണൂർ: മാവേലി എക്സ്‌പ്രസിലെ യാത്രക്കാരനെ എ.എസ് ഐ കെ.വി പ്രമോദ് മർദ്ദിച്ച സംഭവം വിവാദമായിരിക്കുകയാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. ആഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്നാണ് ഫേസ്‌ബുക്ക് കുറിപ്പിൽ ഷാഫി പറമ്പിലിന്റെ പരിഹാസം.

ഷാഫി പറമ്പിലിന്റെ പോസ്റ്റ് ഇങ്ങനെ:

അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും .കൊല്ലുകയും കൊലവിളിക്കുകയും പൊലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പൊലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏർപ്പാടായിരിക്കുകയാണ്.

സേനയിൽ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണ്. പിണറായിയുടെ പേര് പറയുവാൻ പോലും ഭയമുള്ള സിപിഎം സമ്മേളനങ്ങളിൽ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരെ വിമർശനം ഉയർന്നിട്ടും, പൊതുമരാമത്ത് മന്ത്രി വരെ പരസ്യ വിമർശനം ഉന്നയിക്കേണ്ടി വന്നിട്ടും തന്റെ പരാജയം തിരിച്ചറിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു ബാധ്യതയാണ്. വകുപ്പിൽ ഇടപെടുവാൻ കഴിയുന്ന ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കിൽ അവരെ ആഭ്യന്തര വകുപ്പ് എല്പിക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണം

ടിക്കറ്റില്ലാതെ സ്ളീപ്പർ ക്ലാസിൽ യാത്ര ചെയ്തുവെന്നാരോപിച്ചാണ് എ. എസ്. ഐ യാത്രക്കാരന്റെ കരണത്തടിച്ച് നിലത്തിട്ട് ചവുട്ടിക്കൂട്ടി വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടത്. ഇന്നലെ രാത്രി മാവേലി എക്സ്പ്രസിലാണ് ഈ ക്രൂരത അരങ്ങേറിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചുമതലയുണ്ടായിരുന്ന എ. എസ്. ഐ കെ.വി പ്രമോദാണ് യാത്രക്കാരനെതിരെ അതിക്രമം കാണിച്ചത്. കൂടെ സി.പി. ഒ രാഗേഷെന്ന പൊലിസുകാരനുണ്ടായിരുന്നുവെങ്കിലും ഇയാൾ യാത്രക്കാരനെ തൊടാതെ മാറി നിൽക്കുകയായിരുന്നു. യാത്രക്കാരനെ മർദ്ദിച്ചതിനു ശേഷം പുറത്തേക്ക് വലിച്ചിടുകയായിരുന്നു.

ഈ കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന മറ്റു യാത്രക്കാർ മർദനം നടത്തുന്നത് വിലക്കിയെങ്കിലും ഇതൊന്നും ചെവികൊള്ളാതെ എ. എസ്‌ഐ മർദ്ദനമഴിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതു ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.

യാത്രക്കാരനെ മർദ്ദിച്ചതിനു ശേഷം ടി.ടി. സ്ഥലത്തെത്തുകയും ഇയാളെ രാത്രിയിൽ വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടാൻ കൂട്ടുനിൽക്കുകയായിരുന്നു. ഓർഡിനറി കംപാർട്ട് മെന്റിൽ ടിക്കറ്റെടുത്ത യാത്രക്കാരൻ സ്ളീപ്പറിൽ കയറിയതിനാണ് പൊലിസ് മർദ്ദനമഴിച്ചുവിട്ടത്. ട്രെയിനിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് യാത്രക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നാണ് മർദ്ദനം നടത്തിയ എ. എസ്. ഐയുടെ വിശദീകരണം.

എന്നാൽ ഇയാൾ യാത്രക്കാരനെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സാധാരണയായി ടിക്കറ്റില്ലാതെ യാത്രക്കാർക്ക് പിഴ ചുമത്തുകയോ അവരെ ട്രെയിനിൽ നിന്നും ഇറക്കി വിടുകയോ ചെയ്യുന്നത് ടി. ടി.യുടെ ചുമതലയാണ്. ടിക്കറ്റില്ലാതെ ഒരാൾ യാത്ര ചെയ്താൽ ട്രെയിൻ പുറപ്പെടുന്ന സ്ഥലത്തു നിന്നുമുള്ള ടിക്കറ്റ് നിരക്കോ 250രൂപ പിഴയീടാക്കുകയോ കേസെടുക്കുകയോയാണ് ചെയ്യാറുള്ളത്. ഇതു മറികടന്നുകൊണ്ടാണ് പൊലിസ് ഉദ്യോഗസ്ഥന്റെ അതിക്രമം നടന്നത്. ഇന്നലെ രാത്രി കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ് പ്രസ് തലശേരിയിലെത്തിയപ്പോഴാണ് പൊലിസ് അതിക്രമം നടന്നത്. മർദ്ദിച്ച യാത്രക്കാരന്റെ പേരോ മറ്റുവിവരങ്ങളോ ടിക്കറ്റോ ചോദിക്കാതെയാണ് പൊലിസ് കൈയേറ്റം നടത്തിയതെന്നാണ് മറ്റു യാത്രക്കാർ പറയുന്നത്.