കോഴിക്കോട്: നാദാപുരം പേരോട് കിഴക്കെ പറമ്പത്ത് ഭർത്താവിന്റെ പിതാവിന്റെ പേരിലുള്ള വീടിന് മുമ്പിൽ സമരം നടത്തിയ സ്ത്രീയും മക്കളും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ വീടിന്റെ വാതിൽ തള്ളി തുറന്ന് വീടിനകത്ത് പ്രവേശിച്ചു. പുലർച്ചെ ഒരു മണിക്കാണ് സമരം നടത്തിയ സ്ത്രീയും കുടുംബവും മഹിള അസോസിയേഷൻ പ്രവർത്തകർക്കൊപ്പം വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി കിഴക്കെ പറമ്പത്ത് ഷാഫിയുടെ ഭാര്യ ഷഫീനയും രണ്ട് മക്കളും സ്വന്തം വീടിന് മുമ്പിൽ സമരം ഇരിക്കുകയായിരുന്നു. ഷഫീനക്ക് ഉയരം കുറവാണെന്ന് പറഞ്ഞ് ഷാഫി വിവാഹ മോചനം അവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഫീന സമരം ആരംഭിച്ചിരുന്നത്. സിപിഐഎം ഇവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും വീട് തുറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സതീദേവിയുടെ നതൃത്വത്തിൽ പ്രവർത്തകരെത്തി വാതിൽ തള്ളിത്തുറന്ന് ഷഫീനയെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അസോസിയേഷൻ ഏരിയ നേതാക്കളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, ടി.കെ.ലിസ, കെ.ശ്യാമള, കെ.ചന്ദ്രി, പി.ബിന്ദു സിപിഎം ലോക്കൽ സെക്രട്ടറി കനവത്ത് രവി, കെ.ചന്ദ്രശേഖരൻ, വി.കെ.സുരേഷ്ബാബു തുടങ്ങിയവരും പേരോട്ടെ വീട്ടിലെത്തി ഷഫീനക്ക് പിന്തുണ അറിയിച്ചു. ഷഫീനയെയും 2 മക്കളെയും വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്ന് ഇന്നലെ വീട്ടിലെത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സതീദേവി പറഞ്ഞു.

അതേ സമയം വീട് കുത്തിത്തുറന്നതിന് എതിരെ ഷാഫിയുടെ പിതാവ് കുഞ്ഞബ്ദുല്ല ഹാജി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. ഷഫീന ഇപ്പോഴും ഷാഫിയുടെ ഭാര്യയാണെന്നിരിക്കെ ഇക്കാര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. മുത്തലാഖ് ചൊല്ലാനുള്ള ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും തീരുമാനത്തിനെതിരെ യുവതിയും രണ്ട് മക്കളും ഭർത്താവിന്റെ വീട്ടിൽ നടത്തിയിരുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രശ്നത്തിൽ സിപിഐഎം ഇടപെട്ടത്..

കോഴിക്കോട് നാദാപുരം വാണിമേൽ സ്വദേശിനി ശഫീനയാണ് ഭർത്താവ് കിഴക്കെപറമ്പത്ത് ഷാഫിയുടെ വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.. ഷഫീനയുടെയും ഷാഫിയുടെയും മക്കളായ സിയഫാത്തിമ, മുഹമ്മദ് ഷീനാസ് എന്നിവരും മാതാവിനൊപ്പം സമരമിരത്തിലുണ്ടായിരുന്നു. 2010 ഏപ്രിൽ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. അടുത്തകാലം മുതലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്‌നങ്ങൾ ആരംഭിച്ചത്.

വർഷങ്ങളായി ഒമാനിൽ ജോലി ചെയ്യുന്ന ഷാഫി ഭാര്യയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോയിരുന്നു. നാട്ടിൽ പുതിയ വീടെടുത്ത് താമസം തുടങ്ങിയതിന് ശേഷമാണ് ഷാഫി കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുപോയത്. പിന്നീട് കുടുംബത്തെ നാട്ടിലേക്ക് തിരികെ അയക്കുകയും ഭാര്യയോടും മക്കളോടും ഭാര്യയുടെ വാണിമേലിലുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ നിർദ്ദേശിക്കുകയുമായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാൽ നാല്് ദിവസങ്ങൾക്ക് മുമ്പാണ് ഷാഫി ഭാര്യയെ ഫോണിൽ വിളിച്ച് പേരോടുള്ള പുതിയ വീട്ടിലേക്ക് പോകാൻ പറയുകയുമായിരുന്നു.

ഷഫീനയോട് പുതിയ വീട്ടിലേക്ക് പോകാൻ പറഞ്ഞ സമയത്തു തന്നെ ഷഫീനയെ വീട്ടിലേക്ക് പ്രവേശിപ്പികരുതെന്ന് തന്റെ പാതിവിനെയും ബന്ധുക്കളെയും വിളിച്ച് ഷാഫി പറയുകയും ചെയ്തിരുന്നു.ഇതനുസരിച്ച് പേരോടുള്ള വീട്ടിലെത്തിയ ഷഫീനയെയും മക്കളെയും ഷാഫിയുടെ വീട്ടുകാർ തടയുകയും വീട്ടിലേക്ക് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ഷഫീനയുടെ വീട്ടുകാരും രംഗത്തെത്തി. ഇത്തരത്തിൽ ഇരുവീട്ടുകാർക്കുമിടയിൽ മനപ്പൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണ് ഷാഫി ആദ്യം ഷഫീനയോട് പുതിയ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. ഭർതൃ വീട്ടുകാർ പുതിയ വീട്ടിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞതോടെയാണ് ഷഫീന പേരോടുള്ള വീട്ടിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

ഷഫീനക്ക് ഉയരം കുറവാണ് എന്നാണ് വിവാഹ മോചനത്തിന് കാരണമായി ഷാഫി പറയുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് 10 വർഷങ്ങൾക്ക് ശേഷമാണോ തനിക്ക് ഉയരം കുറവാണ് എന്ന് ഭർത്താവിന് മനസ്സിലായത് എന്നാണ് ഷഫീന ചോദിക്കുന്നത്. വീട് ഷാഫിയുടെ പേരിലല്ലെന്നും തന്റെ പേരിലാണെന്നുമാണ് ഷാഫിയുടെ പിതാവ് ഷഫീനയെ വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള കാരണമായി പറയുന്നത്. വീടിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥതയെ സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും അതിന്റെ വിധി വന്നതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കുകയുള്ളൂ എന്നുമാണ് ഷാഫിയുടെ പിതാവ് പറയുന്നത്. അതുവരെ ഷഫീനയും മക്കളും ഇവിടേക്ക് പ്രവേശിക്കരുതെന്നും ഷാഫിയുടെ പിതാവായ കുഞ്ഞബ്ദുള്ള ഹാജി പറയുന്നു.

എന്നാൽ കുഞ്ഞബ്ദുള്ള ഹാജിയുടെ നിർദ്ദേശങ്ങൾ അനുസരിക്കാനാകില്ലെന്ന തീരുമാനത്തിലാണ് ഷഫീന മക്കളെയും കൂട്ടി സമരം ആരംഭിച്ചത്. ഇതിനിടയിൽ അൻപതോളം വരുന്ന ഷാഫിയുടെ ബന്ധുക്കൾ വീട്ടിലെത്തി ഷഫീനയെ ഭീഷണിപ്പെടുത്തുകയും വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസിലും കളക്ടറെ ഫോണിൽ വിളിച്ചും പരാതി അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഇൻസ്‌പെക്ടർ എൻ.സുനിൽകുമാർ ഇരുവിഭാഗത്തെയും ചർച്ചയ്ക്ക് വിളിച്ചെങ്കിലും ഫലം കാണാതെ പിരിയുകയും സമരം തുടരുകയുമായിരുന്നു.

ഇതിനിടെ, ഷമീനയുടെയും മക്കളുടെയും സമരത്തിന് പിന്തുണയുമായി സിപിഎം രംഗത്തെത്തി.സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് മെംബർ വി.പി.കുഞ്ഞിക്കൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് നെല്ല്യേരി ബാലൻ തുടങ്ങിയവർ യുവതിയിൽ നിന്നും ബന്ധുക്കളിൽനിന്നും വിവരങ്ങൾ ആരാഞ്ഞു. ഷഫീനയ്ക്കു കൂടി അവകാശപ്പെട്ടതാണ് വീടെന്നിരിക്കെ വീടു പൂട്ടി താക്കോൽ കൈവശപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ പറഞ്ഞു. വീടിന് പുറത്ത് വരാന്തയിലാണ് ഷഫീനയും മക്കളും സമരം നടത്തിയിരുന്നത്.