തൃശൂർ: ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' സിനിമ റിലീസാകുമ്പോൾ ചാക്കോ വധക്കേസിൽ ആദ്യം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ ചിന്നക്കൽ ഷാഹു ചാവക്കാട്ട് മീൻ വിൽക്കുകയാണ്. കേസിലെ ജീവിച്ചിരിക്കുന്ന ഏക ദൃക്സാക്ഷിയാണ് ഷാഹു.

സംഭവം നടക്കുമ്പോൾ ഇരുപത്തിനാലുകാരനായ ഷാഹുവിനിപ്പോൾ 60 വയസ്സ്. മോട്ടോർ സൈക്കിളിൽ മീൻ വിറ്റാണ് ജീവിതം. സിനിമ കാണണമെന്നുതന്നെയാണ് ആഗ്രഹം. അതിൽ തന്നെക്കുറിച്ച് എന്താണ് പറയുന്നതെന്നറിയാൻ ആകാംക്ഷയുണ്ടെന്ന് ഷാഹു പറയുന്നു. കുറ്റമേറ്റുപറഞ്ഞ ഷാഹുവിനെ പിന്നീട് കേസിൽ മാപ്പുസാക്ഷിയാക്കി വിട്ടയച്ചെങ്കിലും ചാക്കോ കൊലപാതകം ജീവിതം തകർത്തെന്ന് ഷാഹു പറയുന്നു. കേസിൽ പിടിയിലായതോടെ പാസ്‌പോർട്ട് മാവേലിക്കര കോടതി കണ്ടുകെട്ടി.

ചാക്കോയുടെ കൊലപാതകത്തിൽ ആത്മാർഥമായി മനസ്താപമുണ്ടെന്ന് ഷാഹു പറഞ്ഞു. തെറ്റുപറ്റിപ്പോയി. സംഭവം നടക്കുമ്പോൾ 24 വയസ്സേയുള്ളൂ. ഒരുപക്ഷേ, ഇരയായി ചാക്കോയെ കിട്ടിയില്ലായിരുന്നെങ്കിൽ താനാകുമായിരുന്നു കുറുപ്പിന്റെ ഇരയെന്നും ഷാഹു വെളിപ്പെടുത്തുന്നു.

അബുദാബിയിൽ സുകുമാരക്കുറുപ്പ് ജോലിചെയ്തിരുന്ന കമ്പനിയിൽത്തന്നെയാണ് പ്യൂണായി ഷാഹുവും ജോലിചെയ്തിരുന്നത്. അപകടത്തിൽ മരിച്ചെന്ന് വരുത്തി ഇൻഷുറൻസ്തുക തട്ടാനുള്ള പദ്ധതി രണ്ടുവർഷംമുമ്പേ കുറുപ്പ് ആസൂത്രണം ചെയ്തിരുന്നതായി ഷാഹു പറഞ്ഞു. കുറുപ്പിനോടൊപ്പം കൂടാൻ ചാവക്കാട്ടെ വീട്ടിൽനിന്ന് പിതാവിന് സുഖമില്ലെന്നു കാണിച്ച് കമ്പനിയിലേക്ക് ടെലഗ്രാം അയച്ചത് കുറുപ്പിന്റെ ബുദ്ധിയായിരുന്നു. 1984 ജനുവരി ആദ്യത്തിൽ സുകുമാരക്കുറുപ്പും ഷാഹുവും തിരുവനന്തപുരത്ത് വിമാനമിറങ്ങി. 21-ന് രാത്രിയാണ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കാറിൽ കയറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ഡ്രൈവിങ് സീറ്റിൽ ഇരുത്തി കാർ കത്തിക്കുകയും ചെയ്തത്.

സുകുമാരക്കുറുപ്പിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും മോശം നിമിഷമായി ഷാഹു കാണുന്നത്. ചാക്കോ കൊലക്കേസ് ആസ്പദമാക്കി മുൻപ് പുറത്തിറങ്ങിയ 'എൻ.എച്ച്. 47' സിനിമയിൽ കുടുംബത്തെ മോശമായി ചിത്രീകരിച്ചതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. ഈ സിനിമ പുറത്തിറങ്ങിയശേഷം ആളുകൾ ഷാഹുവിനെ എൻ.എച്ച്. എന്ന് വിളിക്കാൻ തുടങ്ങി.

ഭാര്യയും മൂന്ന് മക്കളും പേരമക്കളുമൊക്കെയായി സമാധാനമായി ജീവിക്കുകയാണ് അറുപതാംവയസ്സിലും ജോലിചെയ്ത് ജീവിക്കുന്ന തന്നെ ഇനിയും ഇതിന്റെ പേരിൽ വേട്ടയാടരുതെന്നും ഷാഹു അപേക്ഷിക്കുന്നു.