തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളിൽനിന്നു രാജിവച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് സിപിഎമ്മിലേക്ക് തന്നെ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ ചർച്ചയിലാണ് പാർട്ടിയിൽ ചേരുന്നതിനു ധാരണയായത്. ഇന്നു തന്നെ ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

വിമത നീക്കത്തിന്റെ പേരിൽ പാർട്ടി പദവികളിൽ നിന്ന് മാറ്റിയതിനു പിന്നാലെയാണ് ഷെയ്ഖ് പി ഹാരിസ് എൽജെഡിയിൽനിന്നു രാജിവച്ചത്. ഷെയ്ഖിനൊപ്പം അങ്കത്തിൽ അജയകുമാർ, വി രാജേഷ് പ്രേം എന്നിവരും പാർട്ടി വിട്ടിരുന്നു. സമാന്തരയോഗം വിളിക്കുകയും നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തുകയും ചെയ്തതിനാണ് സുരേന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്യുകയും ഷേക് പി ഹാരിസ് അടക്കം ഒമ്പത് നേതാക്കൾക്കെതിരെ മറ്റ് നടപടികൾ കൈക്കൊള്ളുകയും ചെയ്തത്.

സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ ശ്രേയാംസുമായി അനുരഞ്ജന ചർച്ച നടത്തിയതോടെ ഇവർക്കെതിരായ നടപടികൾ പിൻവലിക്കുകയായിരുന്നു. അതേസമയ ഷെയ്ഖ് പി ഹാരീസ് ഇടതുപക്ഷത്ത് തന്നെ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു. സിപിഎം വിടുന്ന നേതാക്കൾ അടുത്തകാലത്തായ കൂടുതലായി സിപിഐയിൽ എത്തുന്ന പ്രവണത വർധിക്കുന്നുണ്ട്.. ഈ സാഹചര്യത്തിൽ ഷെയ്ഖിനെ പോലെ ക്ലീൻ ഇമേജുള്ള ഒരു നേതാവിനെ സിപിഐക്ക് വിട്ടു കൊടുക്കാതെ സിപിഎമ്മിലേക്ക് എത്തിക്കാൻ പരിശ്രമിക്കുകയായിരുന്നു. മന്ത്രി സജി ചെറിയാനാണ് ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചത്.

മറ്റ് പാർട്ടിയിൽ നിന്ന് നേതാക്കൾ സിപിഐയിലേക്ക് ഒഴുകുന്നത് തടയാൻ സിപിഎമ്മും ഷെയ്ഖ് പി ഹാരീസിന് വേണ്ടി രംഗത്തുണ്ട്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും ഷെയ്ഖിന് പൂർണ്ണമായും അനുകൂലമായിരുന്നു. ആലപ്പുഴയിലെ ഹരിപ്പാട് സീറ്റിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാമെന്ന വാഗ്ദാനവും സിപിഐയിലെ ചില കേന്ദ്രങ്ങൾ ഷെയ്ഖ് പി ഹാരീസിന് നൽകിയിരുന്നു. രമേശ് ചെന്നിത്തല സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തെ ഇടതുപക്ഷത്ത് എത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി കൂടിയായിരുന്നു ഈ നീക്കം. മുസ്ലിം വോട്ടുകളുടെ ഏകീകരണം ഹരിപ്പാട് ലക്ഷ്യമിട്ടായിരുന്നു ഇത്.

എന്നാൽ ഇത് സിപിഎമ്മും അറിഞ്ഞു. ഇതോടെയാണ് ഷെയ്ഖിന് ഒപ്പം നിർത്താൻ ശ്രമം സിപിഎമ്മും ഊർജ്ജിതമാക്കിയത്. ജനതാദള്ളിൽ നിന്നപ്പോഴും പിന്നീട് എൽജെഡിയിൽ എത്തിയപ്പോഴും നിയമസഭയിലോ പാർലമെന്റിലോ എത്താൻ ഷെയ്ഖ് പി ഹാരീസിന് കഴിഞ്ഞിരുന്നില്ല. ഇതാണ് എൽജെഡിയുമായി തെറ്റാനുള്ള കാരണവും. എൽജെഡിയിൽ നിന്നാൽ മുമ്പോട്ടുള്ള രാഷ്ട്രീയ വളർച്ച ഉണ്ടാകില്ലെന്ന് ഷെയ്ഖ് പി ഹാരീസും മനസ്സിലാക്കി. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തെ പ്രധാന കക്ഷികളിലൊന്നിലേക്ക് മാറാൻ ഷെയ്ഖ് പി ഹാരീസ് തീരുമാനിച്ചതും.

എൽജെഡിക്കെതിരെ കടന്നാക്രമണം നടത്താതെയാണ് ഷെയ്ഖ് പി ഹാരീസ് രാജിവച്ചത്. ഇടതുപക്ഷത്തെ പ്രമുഖ പാർട്ടിയിൽ എത്താൻ കൂടി വേണ്ടിയാണ് ഇത്. ഇടതു ഘടകകക്ഷിയായ എൽജെഡിയെ കടന്നാക്രമിച്ചാൽ അത് പല പ്രശ്‌നങ്ങളും ഭാവിയിൽ ഉണ്ടാകും. ഇതിന് വേണ്ടി കൂടിയാണ് വിവാദങ്ങൾ ഒഴിവാക്കിയത്.

കണ്ണൂരിലെ ചില നേതാക്കൾ ഈയിടെ സിപിഎം വിട്ട് സിപിഐയിൽ ചേർന്നിരുന്നു. ദേവികുളം മുൻ എംഎൽഎയായ എസ് രാജേന്ദ്രനും സിപിഎമ്മുമായി പിണക്കത്തിലാണ്. സിപിഐയിലേക്ക് രാജേന്ദ്രൻ പോകുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാന നേതാക്കളിൽ ഒരാളായ ഷെയ്ഖ് പി ഹാരീസിനെ കൂടെ നിർത്താനാണ് സിപിഎം തീരുമാനം കൈക്കൊണ്ടത്.