തിരുവനന്തപുരം: ''കേരളത്തിലെ ഒരു കോടതിയിലും കേസില്ലെന്ന് പറയുന്ന മറുനാടൻ ഷാജൻ..കോടതി വരാന്തയിൽ വ്യാജ വാർത്ത കേസിൽ: പത്തനംതിട്ട സി ജെ.എം കോടതിയിൽ''- മറുനാടൻ എഡിറ്റർ ഷാജൻ സക്‌റിയയുടെ നാല് സെക്കൻഡ് മാത്രം നീണ്ടു ഒരു വീഡിയോ സഹിതം ബി അർജുൻ ദാസ് എന്ന വ്യക്തി ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത വാചകങ്ങൾ ഇങ്ങനെ ആയിരുന്നു. പിന്നാലെ ഇതേ വ്യക്തി തന്നെ ഈ വീഡിയോ മാധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു.

ഈ വീഡിയോ പിന്നാലെ സോഷ്യൽ മീഡിയയിലെ ഇടതു കേന്ദ്രങ്ങൾ ആഞ്ഞു പിടിച്ചു ഷെയർ ചെയ്യുകയും ചെയ്തു. ഷാജൻ സ്‌കറിയ വ്യാജവാർത്ത കേസിൽ കോടതി വരാന്തയിൽ എത്തിയെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഈ പ്രചരണങ്ങൾ എല്ലാം നടന്നത്. മറുനാടൻ മലയാളിക്ക് കാര്യമായി എന്തോ പണി കിട്ടിയെന്ന വിധത്തിലായിരുന്നു ഇത്തരം പ്രചരണങ്ങൾ. ഈ നാല് സെക്കൻഡ് നീണ്ടു നിൽക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം എന്താണെന്ന ചോദ്യം മറുനാടനോടും ചിലർ ഉന്നയിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് വീഡിയോയിലും വാർത്തയായും ഇന്നലെ നടന്ന സംഭവങ്ങളെ കുറിച്ച് വിശദീകരിക്കുന്നതും.

പത്തനംതിട്ട സിജെഎം കോടതിയിൽ അർജുൻ ദാസ് നൽകിയ കേസിലാണ് ഷാജൻ സ്‌കറിയ ഇന്നലെ ഹാജരായത്. കേസിനായി എത്തി കോടതി വരാന്തയിൽ ഇരിക്കവേയാണ് മൊബൈലിൽ അർജുൻ ദാസ് ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തിട്ടുള്ളത്. ഇതിന് ശേഷം ഭീഷണി മുഴക്കി കോടതി വരാന്തയിൽ ഇയാൾ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തു. ഈ സംഭവം ചൂണ്ടിക്കാട്ടി ഷാജൻ സ്‌കറിയ കോടതിയിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ഇതിനോടകം തന്നെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് അർജുൻ ദാസ്. മാധ്യമപ്രവർത്തകനെന്ന് അവകാശപ്പെടുന്ന ഇദ്ദേഹം അഞ്ച് വർഷം മുമ്പ് കോഴിക്കോട് നിന്നും പത്രപ്രവർത്തക യൂണിയൻ സമ്മേളനം കഴിഞ്ഞ് തിരികെ വരുമ്പോൾ ട്രെയിനിൽ മദ്യപിച്ച് അലമ്പുണ്ടാക്കി സ്ത്രീകളെ അടക്കം അസഭ്യം പറയുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്യുകയുണ്ടായി. ഈ സംഭവത്തിൽ അർജുൻ ദാസിനെ പൊലീസ് അറസ്റ്റു ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ ശേഷം എഫ്‌ഐആർ ഇടുകയും ചെയ്തിരുന്നു.

ഈ സംഭവം മറുനാടൻ മലയാളി ഓൺലൈൻ വാർത്തയാക്കിയപ്പോഴാണ് അർജുൻ പരാതിയുമായി രംഗത്തുവന്നത്. സിപിഎം അനുഭാവിയായ ഇയാൾക്കെതിരെ രാഷ്ട്രീയ സ്വാധീനം കൊണ്ട് ഗുരുതര വകുപ്പുകൾ ചുമത്താതെ വിടുകയാണ് ഉണ്ടായത്. കേസിൽ കുറ്റം സമ്മിതിക്കുകയും ഫൈൻ അടക്കാൻ തയ്യാറാണെന്ന് അർജുൻദാസ് തന്നെ കോടതിയിൽ സമ്മതിച്ചിരുന്നു. എന്നാൽ, കേസിൽ നിന്നും ഒഴിവാകാൻ കോടതി സമ്മതിച്ചില്ല. യാത്രക്കാരോട് മോശമായി പെരുമാറിയെന്നും, പൊലീസിനെ ഉപദ്രവിച്ചു എന്നതും എളുപ്പം തള്ളിക്കളയാൻ കോടതി തയ്യാറായില്ല.

ട്രെയിനിലെ അക്രമസംഭവം മറുനാടൻ വാർത്ത ആക്കിയതാണ് അർജുനെ ചൊടിപ്പിച്ചതും. അർജുൻ ദാസിന്റെ ഭാര്യ ഡിവൈഎഫ്‌ഐ നേതാവായിരുന്നു. അഡ്വ. കാർത്തിക പത്തനംതിട്ട കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയുമായിരുന്നു. അതുകൊണ്ട് തന്നെ കാർത്തിക മുഖാന്തിരമാണ് അർജുൻ മറുനാടൻ മലയാളി വാർത്തക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്. കോടതിയിൽ കേസെടുത്ത് അഞ്ച് വർഷമായി കേസ് നടന്നു വരികയുമായിരുന്നു. ഇതിനിടെയാണ് ഇന്നലെ അർജുൻ കോടതിയിൽ മൊബൈൾ ഫോണുമായി നാടകം കളിച്ചത്.

ഇന്നലെ കോടതി വരാന്തയിൽ ബഹളം വെച്ച് ഭീഷണി ഉയർത്തിയ സംഭവത്തിൽ അർജുൻ ദാസിനെ പത്തനംതിട്ട സിജെഎം കോടതി ശാസിക്കുകയും കേസിന്റെ തുടർ വിചാരണ ഘട്ടത്തിൽ നേരിട്ടു ഹാജരാകുന്നതിൽ ഷാജൻ സ്‌കറിയക്ക് ഇളവു നൽകുകയും ചെയ്തിട്ടുണ്ട്.