കണ്ണൂർ: ബാങ്ക് വായ്പയുടെ മറവിൽ കോടികളുടെ ഭൂമിതട്ടിപ്പ് നടത്തിയതിന് പിടിയിലായ പഴയങ്ങാടി മാടായി സ്വദേശി ഷക്കീലിനെ കണ്ണുരിലും കൊണ്ടുവന്ന് ചോദ്യം ചെയ്‌തേക്കും നിലവിൽ ഇയാളെ ആലപ്പുഴ ഡിസിആർബി ചോദ്യംചെയ്തു കഴിഞ്ഞിട്ടുണ്ട്. കോടതി അനുമതിയോടെ ജില്ലാ ജയിലിലെത്തിയാണ് ചോദ്യംചെയ്തത്. താൻ തട്ടിപ്പിലൂടെ സമ്പാദിച്ച പണമെല്ലാം ധൂർത്തടിച്ചു ചെലവഴിച്ചുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതിയുടെ വെളിപ്പെടുത്തൽ.

ആഡംബര ജീവിത നയിക്കാനായിരുന്നു തട്ടിപ്പ് നടത്തിയതെന്നും ശ്രീലങ്ക, തായ്ലൻഡ്, ഇന്തോനേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ തട്ടിപ്പു നടത്തി സമ്പാദിച്ചപണമുപയോഗിച്ച് സന്ദർശിച്ചുവെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട് 'ലക്ഷങ്ങൾ വാടകയുള്ള ആഡംബര ഹോട്ടലുകളിൽ മുറിയെടുത്തായിരുന്നു താമസം. നേരത്തെ പൊലിസ് ഇയാളുടെ വിവിധബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചെങ്കിലും സീറോ ബാലൻസായിരുന്നു നീക്കിയിരുപ്പ്.

രണ്ടു മാസങ്ങൾക്ക് മുൻപ് അറസ്റ്റിലായ ഷക്കീൽ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനാൽ ആദ്യം വണ്ടാനത്തും പിന്നീട് വിദഗ്ധ പരിശോധനയ്ക്കെന്നപേരിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ മുപ്പതിന് കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ഇയാളെ ചോദ്യംചെയ്യാനും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വീണ്ടും ജില്ലാ ജയിലിലെത്തിച്ചത്. ഡിസിആർബി ഡിവൈഎസ്‌പി എസ് വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

കൊമ്മാടി സ്വദേശിയായ റിട്ട. അഗ്‌നിരക്ഷാ ഉദ്യോഗസ്ഥൻ കൃഷ്ണക്കുറുപ്പിന്റെ പരാതിയിലാണ് ഷക്കീൽ പിടിയിലായത്. ഇയാൾക്കെതിരെ കണ്ണുർ ജില്ലയിലും സമാനമായ കേസുകളുണ്ട്. ഇതിൽ വിവിധ പൊലിസ് സ്റ്റേഷനുകളിൽ അന്വേഷണം നടന്നു വരികയാണ്. കണ്ണുർ ജില്ലയിലെ പ്രവാസികളിൽ നിന്നടക്കം ഷക്കീൽ ബിസിനസ് വാഗ്ദ്ധാനം നൽകി പണം വാങ്ങിയതായാണ് ആരോപണം.