കണ്ണൂർ: തനിക്ക് ഒരു വോട്ടർ ഐഡി മാത്രമേയുള്ളൂ എന്ന് വ്യക്തമാക്കി ഐഐസിസി വക്താവ് ഷമ മുഹമ്മദ്. വോട്ടർ പട്ടികയിൽ രണ്ടിടത്ത് പേരുണ്ടെന്ന സിപിഎം ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവർ. അപകീർത്തിപ്പെടുത്താനുള്ള സിപിഎം നീക്കമാണ് നടക്കുന്നതെന്നും ഷമ മുഹമ്മദ് ആരോപിച്ചു. സിപിഎമ്മിനെതിരേയും പിണറായി വിജയനെതിരേയും സംസാരിക്കുന്നതുകൊണ്ടാണ് ഇത്തരം കള്ളവോട്ട് ആരോപണം തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ഷമ മുഹമ്മദ് കുറ്റപ്പെടുത്തി.

"2016 ഏപ്രിലിലാണ് ഈ വോട്ടർ ഐഡി കിട്ടിയത്. അതിനു ശേഷം 2016 നിയമസഭ ഇലക്ഷനിലും 2019 ലോക്‌സഭ ഇലക്ഷനിലും 2020 കോർപറേഷൻ ഇലക്ഷനിലും വോട്ട് ചെയ്തു. ഇന്നലെ വരെ പ്രശ്‌നമുണ്ടായിട്ടില്ല. പക്ഷെ രമേശ് ചെന്നിത്തല കള്ളവോട്ട് വിഷയമാക്കിയപ്പോഴാണ് വാർത്തകൾ പുറത്തു വരുന്നത്", ഷമ മുഹമ്മദ് തന്റെ വോട്ടർ ഐഡി ഉയർത്തി കാട്ടി ആരോപിച്ചു. പയ്യന്നൂരും മട്ടന്നൂരും കൂത്ത്പറമ്പുമെല്ലാം അവർ കള്ളവോട്ടാണ് ചെയ്യുന്നത്. എന്നിട്ടവർ പറയുകയാണ് ഞങ്ങളാണ് കള്ളവോട്ട് ചെയ്യുന്നതെന്ന്- ഷമ ചൂണ്ടിക്കാട്ടി.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഷമാ മുഹമ്മദിനും ഇരട്ട വോട്ടെന്ന ആരോപണം ഉയർത്തിയത്. ഒരിടത്ത് പിതാവിന്റെയും മറ്റൊരിടത്ത് മാതാവിന്റെയും പേര് ചേർത്തെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ട വോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് ഉയർത്തിക്കൊണ്ടുവന്ന ഇരട്ട വോട്ട് ആരോപണം അവരെ തന്നെ തിരിഞ്ഞു കൊത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ മണ്ഡലത്തിലെ 89ആം നമ്പർ ബൂത്തിൽ ഷമാ മുഹമ്മദിന് ഇരട്ടവോട്ടുണ്ട്. ഒരിടത്ത് പിതാവിന്റെ പേരാണ് കൊടുത്തത്. ഒരിടത്ത് മാതാവിന്റെ പേരും കൊടുത്തു. അത് ബോധപൂർവ്വം ചെയ്ത കാര്യമാണ്. ഇത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർ ചെയ്യുന്ന കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനെ തുടർന്നാണ് സ്വന്തം പാർട്ടിയിലെ നേതാക്കളുടെ ഇരട്ട വോട്ട് വിവരം പുറത്തുകൊണ്ടുവരാൻ ചെന്നിത്തല ശ്രമിച്ചത്. അങ്ങനെയൊരു പരാതി കൊടുത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ മാതാവിന്റെ ഇരട്ടവോട്ട് സംബന്ധിച്ച വിവരങ്ങൾ പോലും പുറത്തുവന്നു എന്നും ജയരാജൻ പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ച് ഷമ രംഗത്തെത്തുകയായിരുന്നു. തനിക്ക് രണ്ട് വോട്ടർ ഐഡി ഇല്ലെന്നും സിപിഎം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നും ഷമ പറഞ്ഞു.