തിരൂർ: ഷംനാ കാസിം കേസിൽ ജാമ്യം കിട്ടി ഇറങ്ങിയ ശേഷവും വളയ്ക്കൽ. വീണ്ടും പൊലീസിന് തലവേദനയായി ഹാരീസ്. എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകനായ ഹാരീസിന്റെ കൂടെ പോയ യുവതിക്കെതിരേയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തപ്പോൾ തെളിഞ്ഞത് മറ്റൊരു വിവാഹ തട്ടിപ്പാണ്. ഇവിടെ യുവതിയും ജയിലിലുമായി. കാമുകനെ കിട്ടിയതുമില്ല. ഷംനാ കാസിം വിവാഹ തട്ടിപ്പ് കേസിലെ പ്രതിയാണ് ഇയാൾ.

മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വർധിച്ച സാഹചര്യത്തിൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമം കർക്കശമാക്കിയിരുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്കെതിരെ ജുവനൈൽജസ്റ്റിസ് ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയാണ് ഇപ്പോൾ. സാധാരണ ഒളിച്ചോടുന്ന യുവതീയുവാക്കളെ കോടതിയിൽ ഹാജരാക്കുമ്പോൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് പോകാൻ അനുവദിക്കാറാണ് പതിവ്. എന്നാൽ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർ ഇപ്പോൾ ജയിലിലേയ്ക്കാണ് പോകേണ്ടി വരുന്നത്.

തിരൂർ സ്വദേശിനിയായ 27-കാരിയെയാണ് തിരൂർ എസ്‌ഐ. ജലീൽ കറുത്തേടത്ത് അറസ്റ്റു ചെയ്തത്. തൃശ്ശൂർ വാടാനപ്പള്ളി ശാന്തിനഗർ സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഹാരിസ്, ജ്യേഷ്ഠൻ റഫീഖ് എന്നിവർ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്. വഞ്ചനാകേസിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലുമായി.

സ്ത്രീകളെ മൊബൈൽഫോണിലൂടെ പരിചയപ്പെട്ട് സ്‌നേഹംനടിച്ച് സ്വർണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി. ജയിലിലായ യുവതി ഭർത്തൃ സഹോദരന്റെ ഭാര്യയുടെ കൈയിൽനിന്ന് 15 പവൻ സ്വർണാഭരണം വാങ്ങിയാണ് പോയത്. ഹാരിസിനെയും സഹായങ്ങൾ ചെയ്ത സഹോദരൻ റഫീഖിനെയും പൊലീസ് തിരഞ്ഞുവരികയാണ്. യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നിവിടങ്ങളിൽ ബന്ധുവീടുകളിൽ കൊണ്ടുപോയാണ് താമസിപ്പിച്ചത്.

ഭർത്തൃപിതാവിന്റെയും ഭർത്തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. മാതാവിന്റെ സംരക്ഷണം നൽകേണ്ട മാതാവ് കുട്ടിയെ ഉപേക്ഷിച്ചുപോയി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നാണ് കേസെന്നും പൊലീസ് പറഞ്ഞു. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട് , കാക്കനാട്, എറണാകുളം ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ 20 -ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈയിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.

ഷംനാ കാസിം ബ്ലാക്ക്മെയിൽ കേസിലും ഹാരിസിനെ അറസ്റ്റ് ചെയ്തിരുന്നു. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഹാരിസ് സ്വർണകടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുവെന്നും കൂടുതൽ സിനിമ താരങ്ങളെ സ്വർണക്കടത്ത് സംഘം സമീപിച്ചതായും അന്വേഷണ സംഘം പറയുന്നു. 2 കോടി രൂപ വാഗ്ദാനം നൽകി ഹാരിസ് സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഷംനാ കാസിം കേസിൽ വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. മേക്കപ്പ് മാനും ഹെയർസ്‌റ്റൈലിസ്റ്റുമായ ഇയാൾ വർഷങ്ങളായി സിനിമാ മേഖലയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. നടി ഷംന കാസിമിനെ ബ്ലാക് മെയിൽ ചെയ്ത കേസിലെ തട്ടിപ്പ് സംഘം 18 യുവതികളെയാണ് തട്ടിപ്പിനിരയാക്കിയത്.