ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയം കേന്ദ്ര നേതാക്കളുടെ സാന്നിദ്ധ്യത്തിൽ എത്രയുംവേഗം വിലയിരുത്തണമെന്ന് അരൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ഷാനിമോൾ ഉസ്മാൻ. അരൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ സംഘടനാപരമായ യാതൊരു പാളിച്ചയുമുണ്ടായിട്ടില്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസം ഒന്നു കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പിനെപ്പറ്റി വിലയിരുത്താൻ ഒരു യോഗം പോലും നേതൃത്വം വിളിച്ചിരുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വലിയ തോൽവിക്ക് ശേഷം നേതൃത്വം എന്ത് പഠിച്ചുവെന്ന് പ്രവർത്തകരോട് നേതാക്കൾ വ്യക്തമാക്കണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ഏറെ കാലമായി ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളിൽ പാർട്ടിയുടെ പിന്തുണ കിട്ടിയിട്ടില്ല. നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്ന കാര്യത്തിൽ സംശയമില്ല. നേതൃത്വം പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പരാജയത്തിൽ പാഠം പഠിച്ചില്ല. രണ്ടാംനിര നേതാക്കളെ വിശ്വാസത്തിലെടുത്ത് നേതൃത്വത്തിലെടുക്കണമെന്നും അവർ പറഞ്ഞു.

ഉന്നത രാഷ്ട്രീയകാര്യ സമിതി ഒരു മാസത്തിലേറെയായി കൂടിയിട്ടില്ല. അത് സംഘടനാപരമായ വീഴ്ചയാണ്. കെ പി സി സി അദ്ധ്യക്ഷനോ കെ പി സി സി നിയോഗിച്ച സമിതികളോ എത്ര പാർട്ടി സ്ഥാനാർത്ഥികളുടെ ഓഫീസ് സന്ദർശിച്ചിട്ടുണ്ടെന്ന് തനിക്കറിയില്ല.

തന്റെ ഓഫീസ് ആരും സന്ദർശിച്ചിട്ടില്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.പാർട്ടിയിൽ അഭിപ്രായം പറയുന്നവരെ ഒതുക്കുന്ന രാഷ്ട്രീയശൈലി അംഗീകരിക്കാനാകില്ല. കോൺഗ്രസിനെ ശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്തം രണ്ടാംനിര ഏറ്റെടുക്കണമെന്നും ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ അട്ടിമറി വിജയംനേടിയ ഷാനിമോൾ ഉസ്മാനെ 5780 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിന്നണി ഗായികയായിരുന്ന ദലീമ ജോജോ ഇത്തവണ പരാജയപ്പെടുത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ഷാനിമോളെ കൈവിട്ടെങ്കിലും അരൂർ മണ്ഡലത്തിൽ നിന്നും ഷാനിമോൾക്ക് ലഭിച്ച 648 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ ഷാനിമോളെ തന്നെ രംഗത്തിറക്കാൻ കാരണമായത്. കണക്കുകൂട്ടലുകൾ പോലെ ഇത് യുഡിഎഫിന് ഗുണം ചെയ്യുകയായിരുന്നു.

അരൂർ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തിരഞ്ഞെടുപ്പുകളിൽ പത്തിലും ഇടതിനായിരുന്നു വിജയം. മണ്ഡലത്തിൽ നിന്നും ആകെ നാലു പേർ മാത്രമേ നിയമസഭയിലേക്കെത്തിയിട്ടുള്ളു. കോൺഗ്രസിന്റെ പി.എസ്.കാർത്തികേയൻ (2), കെ.ആർ.ഗൗരിയമ്മ (9), സിപിഐയിൽ നിന്നു പി.എസ്.ശ്രീനിവാസൻ (1) , എ.എം.ആരിഫ് (3). അഞ്ചാമത്തെയാളാണ് ഷാനിമോൾ ഉസ്മാൻ.