കൊല്ലം: അഞ്ചു കൊല്ലവും കെബി ഗണേശ് കുമാർ ഗതാഗത മന്ത്രിയാകണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹം. ചെറു കക്ഷികൾക്കൊന്നും സീറ്റ് നൽകാതെ ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്ന് തുടർച്ചയായി രണ്ടാം തവണയും എംഎൽഎയായ വ്യക്തിയെന്ന നിലയിൽ ഗണേശിനെ പരിഗണിക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് കുടുംബ പ്രശ്‌നമെത്തിയത്. ഇതോടെ പദ്ധതി മാറ്റി. ഗണേശിനെ ആദ്യ ടേമിൽ പോലും മന്ത്രിയാക്കിയില്ല. രണ്ടാം ടേമിൽ പരിഗണിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ഈ നീക്കത്തിന് പിന്നിൽ ഒരാളുടെ സമർത്ഥമായ നീക്കമാണെന്ന് സംശയിക്കുകയാണ് കേരളാ കോൺഗ്രസ് ബി.

വിൽപത്രം ബാലകൃഷ്ണ പിള്ള തന്നെ തയ്യാറാക്കിയതാണെന്ന് പകൽ പോലെ എല്ലാവർക്കും അറിയാം. ആദ്യ വിൽപത്രം റദ്ദാക്കിയതിനും രണ്ടാമത്തേത് എഴുതാനുമുള്ള തീരുമാനത്തിന് പിന്നിൽ മകൻ ഗണേശിനോടുള്ള താൽപ്പര്യവുമായിരുന്നു. കോവിഡ് ബാധിതനായി മകൻ ആശുപത്രിയിൽ കിടക്കുമ്പോൾ അസുഖം പോലും വകവയ്ക്കാതെ പിള്ള പത്തനാപുരത്ത് പ്രചരണത്തിനും തുടക്കമിട്ടു. എങ്ങനേയും മകൻ ജയിച്ചു മന്ത്രിയായി കാണാൻ പിള്ള ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹമാണ് തകരുന്നത്. ഇതിന് പിന്നിൽ ചരടു വലിച്ചത് ശരണ്യാ മനോജാണെന്നാണ് ഗണേശ് ക്യാമ്പ് കരുതുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ബസുകളുള്ള മുതലാളിയാണ് ശരണ്യാ മനോജ്. റൂട്ട് തെറ്റിച്ച് ഓട്ടവും പെർമിറ്റില്ലാ ഓട്ടവും പതിവാക്കിയ ബസുടമ. ഇതെല്ലാം വലിയ പരാതിയായി നിലവിലുണ്ട്. ഗണേശ് ഗതാഗത മന്ത്രിയായാൽ ഈ കള്ളമെല്ലാം പൊളിയും. ശരണ്യാ ബസുകൾക്ക് പിടിവീഴും. മാഫിയാ സംസ്‌കാരവുമായി നടത്തുന്ന ഇടപെടലുകളും പൊളിയും. ഇത് മനസ്സിൽ വച്ച് ശരണ്യാ മനോജ് നടത്തിയ ഇടപെടലാണ് മന്ത്രിസ്ഥാനം ഗണേശിനെ വിട്ടകന്നതെന്നാണ് കേരളാ കോൺഗ്രസ് ബിയുടെ വിലയിരുത്തൽ.

ബാലകൃഷ്ണ പിള്ളയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഒരുകാലത്ത് ശരണ്യാ മനോജ്. സഹോദരിയുടെ മകനായ ശരണ്യാ മനോജിനോട് അമിത വാൽസല്യം പിള്ളയ്ക്കുണ്ടായിരുന്നു. ശരണ്യാ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് കരുത്തായതും പിള്ളയുടെ ഇടപെടലായിരുന്നു. എന്നും ഗണേശും മനോജും പിണത്തിലായിരുന്നു. ഗണേശ് രണ്ടു തവണ ഗതാഗത മന്ത്രിയായപ്പോഴും ശരണ്യാ ഗ്രൂപ്പിന് സഹായകമായത് പിള്ളയുടെ ഇടപെടലായിരുന്നു. എന്നാൽ തനിക്കൊന്നും രാഷ്ട്രീയമായി കിട്ടുന്നില്ലെന്ന പരാതിയിൽ മനോജ് കളം മാറി. കോൺഗ്രസിൽ എത്തി. കൊടിക്കുന്നിൽ സുരേഷിന്റെ വിശ്വസ്തനായി. പത്തനാപുരത്ത് ഗണേശിനെതിരെ മത്സരിക്കാനും ശ്രമിച്ചു.

എന്നാൽ മനോജിന് കോൺഗ്രസ് സീറ്റ് നൽകിയില്ലെന്ന് മാത്രമല്ല പത്തനാപുരത്ത് ഗണേശിനെ പിടിച്ചു കെട്ടാനും യുഡിഎഫിനായില്ല. ഇടതുപക്ഷം അധികാരത്തിൽ എത്തി. വോട്ടെണ്ണൽ റിസൾട്ട് പുറത്തു വന്നതിന് പിന്നാലെ പിള്ള മരിക്കുകയും ചെയ്തു. ഇതോടെ ഗണേശിന്റെ മന്ത്രിസാധ്യതകൾ കൂടി. ഇതോടെ ശരണ്യാ മനോജ് കരുനീക്കം തുടങ്ങി. ഇതിനിടെ വീണു കിട്ടിയ സമർത്ഥമായ ആയുധമായിരുന്നു വിൽപത്രം. വിൽപത്രത്തിലെ വിവാദം ഉഷാ മോഹൻദാസ് ഏറ്റെടുത്തതോടെ പ്രശ്‌നം മുഖ്യമന്ത്രിക്ക് മുന്നിലെത്തി. ഗണേശിന് മന്ത്രിസ്ഥാനവും തൽകാലം പോയി. ഇവിടെ രക്ഷപ്പെടുന്നത് ശരണ്യാ മനോജാണ്.

ഗണേശ് മന്ത്രിയാകാതിരിക്കാൻ ഇനിയും ശരണ്യാമനോജ് ഏതറ്റം വരേയും പോകുമെന്നാണ് കേരളാ കോൺഗ്രസ് ബി കരുതുന്നത്. സോളാർ വിവാദ സമയത്ത് പിള്ളയ്‌ക്കൊപ്പമായിരുന്നു മനോജ്. ഈ അവസരത്തിൽ നിരവധി രഹസ്യങ്ങൾ മനോജിന് അറിയാം. ഇതെല്ലാം ചർച്ചയാക്കി ഗണേശിനെ മാനസികമായി തളർത്താനാണ് ഗൂഢാലോചന എന്ന് കേരളാ കോൺഗ്രസ് ബി വിലയിരുത്തുന്നു. എന്നാൽ ഗണേശിന് ഒന്നും സംഭവിക്കില്ലെന്നും അവർ പറയുന്നു. വിൽപത്രത്തിൽ ഉഷാ മോഹൻദാസ് സിവിൽ കേസിന് പോയാലും അത് മന്ത്രിസ്ഥാനത്തിന് തടസ്സമാകില്ല. പുതിയ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരും പൊളിയുമെന്നും അവർ പറയുന്നു.

കൊട്ടാരക്കരയിൽ മത്സരിക്കാൻ ശരണ്യാ മനോജിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതിനെ ബാലകൃഷ്ണ പിള്ള അനുകൂലിച്ചില്ല. ഇതോടെയാണ് മനോജ് കേരളാ കോൺഗ്രസിനെ ഉപേക്ഷിച്ച് കൊടിക്കുന്നിലിനൊപ്പം പോയതെന്നാണ് കേരളാ കോൺഗ്രസുകാർ പറയുന്നത്. ഗണേശ് കള്ളത്തരം കാണിച്ചാണ് ആദ്യ വിൽപത്രം റദ്ദാക്കിയതെന്നും രണ്ടാമത്തെ വിൽപത്രത്തിൽ അഞ്ച് സെന്റ് ഭൂമി പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഉഷ ആരോപിച്ചിരുന്നു.

വർഷങ്ങൾക്ക് മുൻപ് 'അമ്മ എഴുതി വെച്ച എസ്റ്റേറ്റ് ആണ് എന്റെ പേരിലെന്ന് പറഞ്ഞ് രണ്ടാമത്തെ വിൽപത്രത്തിൽ എഴുതിയിരിക്കുന്നത്. അച്ഛന്റെ മുഴുവൻ സ്വത്തുക്കളും ഗണേശും സഹോദരി ബിന്ദുവും കൂടി വീതിച്ച് എടുത്തെന്നും തനിക്ക് അഞ്ച് സെന്റ് പോലും കിട്ടിയില്ലെന്നും അവർ പ്രതികരിച്ചിരുന്നു.