പൂണെ: സുപ്രീംകോടതിയെ കുറിച്ച് മുൻ ചീഫ് ജസ്റ്റിസും രാജ്യസഭ എംപിയുമായ രഞ്ജൻ ഗൊഗോയ് നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതും ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നതാണെന്നും എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണ് ഏറ്റവും മികച്ചതെന്ന് സുപ്രീംകോടതി ജഡ്ജിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞതായി കഴിഞ്ഞ ആഴ്ച താൻ വായിച്ചിരുന്നെന്നും ഇതിന് തൊട്ടുപിന്നാലെ മുൻ ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന ഗൊഗോയി കോടതിക്കെതിരെ നടത്തിയ പ്രസ്തവാന ഞെട്ടിപ്പിക്കുന്നതാണെന്നുമാണ് പവാർ പറഞ്ഞത്.

''രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണ് ഏറ്റവും മികച്ചതെന്ന് കഴിഞ്ഞ ആഴ്ച ഞാൻ വായിച്ചു. സുപ്രീംകോടതി ജഡ്ജിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തമായും, നമുക്കെല്ലാവർക്കും അതിൽ സന്തോഷം തോന്നി, എന്നാൽ മുൻ സി.ജെ.ഐ കൂടിയായ ഗൊഗോയിയുടെ പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹം ഒരുപക്ഷേ സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതാണോ എന്ന് എനിക്കറിയില്ല, പക്ഷേ ഇത് എല്ലാവരേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്, ''പവാർ പൂണെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ജീർണിച്ച അവസ്ഥയിലാണെന്നും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാർഗരേഖ കൊണ്ടുവരണമെന്നുമായിരുന്നു ഗൊഗോയി പറഞ്ഞത്.

ഗൊഗോയിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഉയർത്തിയ ആരോപണങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഗൊഗോയി പരാമർശം നടത്തിയത്.