മുബൈ: ബോളിവുഡ് കിങ് ഖാൻ ഷാറൂഖ് ഖാന്റെ പഴയ ചിത്രം വൈറലാവുന്നു. പഴയ കാല സിനിമയിലെ ചിത്രമല്ല മറിച്ച് ഷാറൂഖാൻ സ്‌കൂൾ യൂണിഫോമിലുള്ള ചിത്രമാണ് ഇപ്പോൾ സൈബർ ഇടത്തിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ ഒരു ആരാധകനാണ് ക്ലാസിലെ കുട്ടികൾക്കൊപ്പം ഒരു കടയിൽ നിൽക്കുന്ന ഷാറൂഖ് ഖാന്റെ ചിത്രം പങ്കുവെച്ചത്. ഇതോടെ ആരാധകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.

നിരവധി താരങ്ങളും ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നു. 1992ൽ ബോളിവുഡ് സിനിമയായ ദീവാനക്ക് മുമ്പ് ടെലിവിഷനിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഡർ, ബാസീഗർ, ദിൽവാലെ ദുൽഹനിയ ലേജായേങ്കേ, കുച്ച് കുച്ച് ഹോത്താ ഹേ എന്നീ ചിത്രങ്ങളിലൂടെ ഷാറൂഖ് ഖാൻ ബോളിവുഡിൽ താരമായി മാറി.

അതേസമയം പത്താൻ എന്ന ചിത്രത്തിലാണ് ഷാറൂഖ് ഖാൻ ഇപ്പോൾ അഭിനയിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ഷാറൂഖ് ഖാൻ അഭിനയിക്കുന്ന പത്താൻ ഒരു സപൈ-ത്രില്ലറാണ്. ചിത്രത്തിൽ ദീപിക പദുകോണാണ് നായിക. ചിത്രത്തിൽ സൽമാൻ ഖാൻ അതിഥി വേഷത്തിലെത്തുമെന്നാണ് സൂചന. സിദ്ധാർഥ് ആനന്ദാണ് പത്താനിന്റെ സംവിധായകൻ.

2018ൽ പുറത്തിറങ്ങിയ 'സീറോ' എന്ന ആനന്ദ് എൽ റായ് ചിത്രത്തിലാണ് ഷാറൂഖ് ഖാൻ അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ കത്രീന കൈഫ്, അനുഷ്‌ക ഷർമ്മ എന്നിവരായിരുന്നു നായികമാർ. 'ലയൺ കിങിന്റെ' ഹിന്ദി പകർപ്പിൽ മുസാഫ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് ഷാറൂഖ് ഖാനായിരുന്നു.