ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ശശി തരൂർ എംപിയും. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ പ്രതിഷേധിക്കുന്ന ജന്തർ മന്തറിൽ ശശി തരൂരും നേരിട്ടെത്തി. എംപിമാരായ ഗുർജീത് ഓജ്‌ല, ജസ്ബീർ ഗിൽ എന്നിവർ മറ്റു പാർട്ടി നേതാക്കൾക്കൊപ്പം ജന്തർ മന്തറിൽ പ്രതിഷേധിക്കുകയാണ്. കർഷകരുടെ പ്രതിഷേധത്തിന് കാരണമായ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാരുടെ പ്രതിഷേധം. നവംബർ മൂന്നാം വാരത്തോടെ ശീതകാല സമ്മേളനം ആരംഭിക്കണമെന്നാണ് എംപിമാരുടെ ആവശ്യം. കർഷക യൂണിയനുകളുമായി സംസാരിച്ച് പ്രശ്‌നപരിഹാരം കാണണമെന്ന് എംപിമാർ ആവശ്യപ്പെടുന്നുവെന്നും തരൂർ പറഞ്ഞു.

കർഷക പ്രക്ഷോഭത്തിന് ഊർജ്ജം പകരാൻ പരിസ്ഥിതി പ്രവർത്തകയായ ഒമ്പത് വയസുകാരിയും എത്തിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കാങ്കുജമാണ് കർഷകർക്ക് ഐക്യദാർഢ്യവുമായി സമരഭൂമിയിൽ എത്തിയത്. സിംഘു അതിർത്തിയിലെ സമര വേദിയിലാണ് ലിസിപ്രിയ എത്തിയത്. മണിപ്പൂർ സ്വദേശിനിയായ ലിസിപ്രിയ കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ച് ശ്രദ്ധേയായ കുട്ടിയാണ്. കഴിഞ്ഞ വർഷം പാർലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയും ലിസിപ്രിയ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ലിസിപ്രിയ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള കാലാവസ്ഥാ പരിസ്ഥിതിപ്രവർത്തകർ കർഷകർക്കൊപ്പമുണ്ടെന്ന് ലിസിപ്രിയ പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇര കർഷകരാണ്. വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം തുടങ്ങിയവ അവരുടെ കൃഷി നശിപ്പിക്കുകയാണ്. പ്രതിസന്ധി കാരണം പ്രതിവർഷം ആയിരക്കണക്കിന് കർഷകരാണ് മരിക്കുന്നത്. നേതാക്കൾ കർഷകരുടെ ശബ്ദം കേൾക്കണം. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വൈക്കോൽ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ കത്തിക്കരുതെന്ന് ലിസിപ്രിയ കർഷകരോട് അഭ്യർത്ഥിച്ചു.

' എന്റെ ശബ്ദം ലോകമെങ്ങും കേൾക്കുമെന്ന് കരുതുന്നു. കർഷകരില്ലെങ്കിൽ ഭക്ഷണമില്ല. നീതിയില്ലെങ്കിൽ വിശ്രമമില്ല.' കർഷകസമരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ലിസിപ്രിയ കുറിച്ചു. കർഷക സമരം നടക്കുന്ന അതിർത്തികളിൽ അതിശൈത്യത്തിലും മാതാപിതാക്കൾക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പവും കഴിഞ്ഞ പതിനാല് ദിവസങ്ങൾ ചിലവഴിച്ച കുട്ടികളെ കണ്ടു. കൈക്കുഞ്ഞുമായി സമരം ചെയ്യുന്ന കുടുംബത്തിനൊപ്പം നൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ലിസിപ്രിയ പറയുന്നു.

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ല എന്നുറച്ചാണ് കർഷകർ സമരം ചെയ്യുന്നത്. സമരത്തിന്റെ ഭാ​ഗമായുള്ള രണ്ടാം ഘട്ട ഘട്ട ഡൽഹി ചലോ മാർച്ച് രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് ആരംഭിച്ചു. ഇന്നലെ മുതൽ രാജസ്ഥാനിൽ നിന്ന് കർഷകർ വലിയതോതിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. രാജസ്ഥാൻ, ഹരിയാണ എന്നിവടങ്ങളിൽ നിന്നുള്ള കർഷകരുടെ തലസ്ഥാനത്തേക്കുള്ള റാലി പതിനൊന്നുമണിയോടെ ആരംഭിച്ചു. ഹൈവേയിലൂടെയാണ് റാലി മുന്നേറുന്നത്.