കോൺ​ഗ്രസ് നേതാവും തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാം​ഗവുമായ ശശി തരൂരിന്റെ ട്വീറ്റുകൾ എക്കാലവും ചർച്ചയാകാറുണ്ട്. എന്നാലിപ്പോൾ തരൂർ എയ്തിരിക്കുന്ന അമ്പ് ആർക്കെതിരെയാണ് എന്നത് സംബന്ധിച്ചാണ് സൈബർ ലോകത്തും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ച. ഒരു ചായ, കെറ്റിലിൽനിന്നും പകരുമ്പോൾ നിറം ത്രിവർണ പതാകയുടേതാണ്. അത് അരിച്ചു വരുമ്പോൾ കാവി നിറം മാത്രമാകും. തരൂർ പങ്കുവച്ച ചിത്രം ഇതായിരുന്നു. എന്നാലിത് കോൺ​ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയാണോ അതോ രാജ്യം കാവിവത്ക്കരിക്കപ്പെടുന്നു എന്നതാണോ തരൂർ ഉദ്ദേശിച്ചതെന്ന ചർച്ചയാണ് ഇപ്പോൾ സജീവമാകുന്നത്.

രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന മുംബൈ ആസ്ഥാനമായുള്ള അഭിനവ് കഫാരെയുടെ ഗംഭീരമായ കലാസൃഷ്ടിയാണിത് എന്നാണു തരൂരിന്റെ കുറിപ്പ്. എന്നാൽ എന്താണ് ഈ ചിത്രത്തിലൂടെ തരൂർ ഉദ്ദേശിച്ചതെന്നാണ് സൈബർ ലോകം തലപുകയ്ക്കുന്നത്.രാജ്യം കാവിവൽക്കരിക്കുന്നു എന്നാണോയെന്ന് ഒരു ചോദ്യം. അതോ കോൺഗ്രസ് പാർട്ടി തന്നെ കാവിവൽക്കരിക്കുന്നു എന്നാണോ എന്നും ചോദ്യമുണ്ട്. കോൺഗ്രസിൽനിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെയാണ് ഉദ്ദേശിച്ചതെന്നാണു ചിലരുടെ നിരീക്ഷണം.

കോൺഗ്രസ് നേതാക്കൾ തന്നെ പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ ട്വീറ്റും ചർച്ചയാകുന്നത്. ഈ നേതാക്കൾ ചേർന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ വിവാദ കത്തിൽ തരൂരും ഒപ്പുവച്ചിരുന്നു. ഒന്നര വർഷമായി സ്ഥിരം അധ്യക്ഷനില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും അതിനാൽ തന്നെ മികച്ച പ്രതിപക്ഷമല്ലെന്നും കപിൽ സിബൽ തുറന്നു പറഞ്ഞിരുന്നു.