തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തെ അനുകൂലിച്ച ശശി തരൂർ എംപി കോൺഗ്രസിൽ ഒറ്റപ്പെട്ടെങ്കിലും സോഷ്യൽ മീഡിയയിൽ പിന്തുണയുടെ പ്രവാഹം. സ്വകാര്യവൽക്കരണം വിമാനത്താവള വികസനം വേഗത്തിലാക്കുമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാർ ഏജൻസികളിൽ നിക്ഷിപ്തമായിരിക്കുമെന്നുമാണ് തരൂരിന്റെ വാദം. ആര് നടത്തിയാലും ഭൂമിയുടെയും വിമാനത്താവളത്തിന്റെയും ഉടമസ്ഥാവകാശവും മറ്റു നിയന്ത്രണങ്ങളും സർക്കാർ ഏജൻസികളിൽ നിക്ഷിപ്തമാണ്. വിവാദമാണെങ്കിലും തിരുവനന്തപുരത്തെ ജനങ്ങൾ നേരിട്ട കാലതാമസത്തെക്കാൾ തീരുമാനം ഗുണം ചെയ്യുമെന്നും തരൂർ വാദിക്കുന്നു. താൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ ഫേസ്‌ബുക്ക് പോസ്റ്റിലും തരൂർ വ്യക്തമാക്കുന്നത്. 'വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ടതില്ല. എന്റെ സഹപ്രവർത്തകർ മറ്റൊരു നിലപാട് എടുക്കുന്നതിന് മുൻപ് എന്നോട് എന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ ഞാൻ കൃത്യമായും എന്റെ നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു'-തരൂർ പറഞ്ഞു.

'തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ടതില്ല. ഈ വീഡിയോ ഒരു വർഷം മുൻപ് എടുത്തതാണ്. എന്റെ സഹപ്രവർത്തകർ മറ്റൊരു നിലപാട് എടുക്കുന്നതിന് മുൻപ് എന്നോട് എന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ ഞാൻ കൃത്യമായും എന്റെ നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. എന്റെ നിയോജകമണ്ഡലത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് ഞാൻ നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എം പി എന്ന നിലയിൽ എന്റെ ജോലിയാണ് അത്.'

https://www.facebook.com/ShashiTharoor/posts/10157971494748167

തരൂരിനെ തള്ളി എഐസിസി

അതേസമയം, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ ശശി തരൂരിനെ തള്ളി എ.ഐ.സി.സി. നേതൃത്വം. തീരുമാനത്തിന് പിന്നിൽ വൻ അഴിമതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. എന്തുവിലകൊടുത്തും തീരുമാനത്തെ എതിർക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ ശശിതരൂർ അനുകൂലിച്ചിരുന്നു.

നല്ലരീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളങ്ങളെ സൗകര്യങ്ങൾ വർധിപ്പിക്കാനെന്ന പേരിൽ അദാനിക്ക് തീറെഴുതിക്കൊടുത്ത് പൊതുഗതാഗതത്തെ മൊത്തം സ്വകാര്യവത്കരിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. നേരത്തേ തുറമുഖങ്ങൾ അദാനിക്ക് കൊടുത്തു. ഇപ്പോൾ വിമാനത്താവളങ്ങളും. കേരള സർക്കാരിന്റെ എതിർപ്പിനെ മറികടന്നുകൊണ്ടാണ് ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയിരിക്കുന്നത്. വേണുഗോപാൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ഭൂമിയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേത്. എന്നാൽ സ്വകാര്യവത്കരണത്തിലൂടെ സ്വകാര്യവ്യക്തിക്ക് ഭൂമി ലഭ്യമാകുന്ന സ്ഥിതിവിശേഷം ഉണ്ടാകും. ഇത് ഏത് വിധേനയും എതിർക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. പാർലമെന്റിന് അകത്തും ശക്തമായ സമരം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു. കോവിഡിന്റെ മറവിൽ ബിജെപി അഴിമതി നടത്തുകയാണെന്നാണ് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടത്.

അദാനിയുടെ പേ റോളിൽ അംഗമാകേണ്ട ബാധ്യത ഒരുകോൺഗ്രസുകാരനുമില്ല: മുല്ലപ്പള്ളി

അദാനിയുടെ പേ റോളിൽ അംഗമാകേണ്ട ബാധ്യത ഒരു കോൺഗ്രസുകാരനുമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ലാഭകരമായും മാതൃകപരമായും പ്രവർത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്കു തീറെഴുതുതാനുള്ള തീരുമാനത്തോട് കൂട്ടുനിൽക്കേണ്ട ആവശ്യം ആർക്കുമില്ല. 350 എക്കറിലായി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് മുപ്പതിനായിരം കോടി വിലയുള്ളതാണ്. അദാനിക്ക് എന്തിന് വേണ്ടിയാണ് ഇത് മറിച്ചുക്കൊടുക്കുന്നുയെന്നത് പ്രധാനമന്ത്രിയും ബിജെപിയും വ്യക്തമാക്കണം.തിരുവനന്തപുരം വിമാനത്താവളം വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അടിയന്തരമായി പിൻവലിക്കണം.

കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് കോടിയേരി

ഈ വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ശശി തരൂരിനെ പോലുള്ളവർ സ്വകാര്യവൽക്കരണത്തെ സ്വാഗതം ചെയ്യുകയാണ്. കോൺഗ്രസിൽ ഏകാഭിപ്രായം ഉണ്ടാക്കാതെ, ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ വേണ്ടിയാവരുത് ഇത്തരം വിഷയങ്ങളിലെ നിലപാടുകൾ. കോൺഗ്രസ് തുടങ്ങിവെച്ച സ്വകാര്യവൽക്കരണ പ്രക്രിയയാണ് ബിജെപി ശക്തമായി ഇപ്പോൾ തുടരുന്നത്. ജനങ്ങൾക്ക് വേണ്ടി, കേരളത്തിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കാനുള്ള ബാധ്യത ഇടതുപക്ഷം നിർവഹിക്കുക തന്നെ ചെയ്യും''.

തരൂരിന്റെ നിലപാട് വഞ്ചനാപരമെന്ന് കടകംപള്ളി

വിമാനത്താവള സ്വകാര്യവൽക്കരണത്തെ സ്വാഗതം ചെയ്ത ശശി തരൂർ എംപിയുടെ നിലപാട് വഞ്ചനാപരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോൺഗ്രസ് നിലപാടിന് വിരുദ്ധമാണിത്. മുതലാളിമാർക്കായുള്ള നിലപാടിൽ നിന്ന് തരൂർ പിന്മാറണം. കച്ചവടത്തിന് കൂട്ടുനിൽക്കുന്നവർ ജനങ്ങളോട് മറുപടി പറയേണ്ടിവരും. ഇനി ജനകീയ പ്രതിരോധമാണ് ഇനി മാർഗമെന്നും വിമാനത്താവളം നല്ല രീതിയിൽ നടത്താൻ ടിയാലിന് കഴിയുമെന്നും കടകംപള്ളി പറഞ്ഞു.വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി കത്തെഴുതി. വിമാനത്താവളം അദാനിക്ക് കൈമാറാൻ അനുവദിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്

വിമാനത്താവള നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയിരുന്നു. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെയാണു മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.സർക്കാർ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു കേരളത്തിന്റെ നിർദ്ദേശം. ജയ്പുർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്കു പാട്ടത്തിനു നൽകാൻ കേന്ദ്രം തീരുമാനിച്ചു