പത്തനംതിട്ട: കേരള ചരിത്രത്തിലെ അതിനിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായിരുന്നു ടിപി ചന്ദ്രശേഖരന്റേത്. തലങ്ങും വിലങ്ങും വെട്ടി മൃതദേഹം പോലും വികൃതമാക്കിയിട്ടും പക തീരാത്ത പോലെയായിരുന്നു കൊലപാതകികൾ അന്ന്.

ഏതൊരു രാഷ്ട്രീയ കൊലപാതകം പോലെയും രാഷ്ട്രീയ പാർട്ടി ചൂണ്ടിക്കാണിക്കുന്ന ഏതാനും പ്രതികളെ അറസ്റ്റ് ചെയ്ത് ഫയൽ ക്ലോസ് ചെയ്യേണ്ട കൊലപാതകം. പക്ഷേ, ഈ കേസിൽ സിപിഎം വച്ചു നീട്ടിയ ഒരു പ്രതിയെയും കേരളാ പൊലീസ് സ്വീകരിച്ചില്ല. പകരം, യഥാർഥ പ്രതികളെ തന്നെ തെരഞ്ഞു പിടിച്ച് അഴിക്കുള്ളിലാക്കി.

സാധാരണ ഉണ്ടാകാറുള്ളതു പോലെ ഭരണ-പ്രതിപക്ഷ ധാരണ ഇവിടെയും ഉണ്ടായി. പക്ഷേ, ഇച്ഛാശക്തിയുള്ള ഒരു പറ്റം പൊലീസുദ്യോഗസ്ഥർ തണ്ടെല്ല് ഉയർത്തി നിന്നതോടെ കൊടി സുനിയും കിർമാണി മനോജും അടക്കം ടിപിയെ കൊലപ്പെടുത്തിയ മുഴുവൻ പ്രതികളും അഴിക്കുള്ളിലായി. അവിടെ അവർ എല്ലാ വിധ സുഖസൗകര്യവും അനുഭവിക്കുന്നു. എന്നിരുന്നാലും യഥാർഥ പ്രതികൾ അഴിക്കുള്ളിലായതിന്റെ ഇച്ഛാഭംഗം ഇപ്പോഴും സിപിഎമ്മിന് മാറിയിട്ടില്ല. ഈ കേസിൽ ധീരമായി നില കൊണ്ട പൊലീസുദ്യോഗസ്ഥരോടുള്ള പിണറായി സർക്കാരിന്റെ പ്രതികാര നടപടി തുടരുകയാണ്. നിലവിൽ എൻഐഎയിൽ എസ്‌പിയായ കെപി ഷൗക്കത്തലിക്ക് ഐപിഎസ് നൽകുന്നത് തടയുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.

യുഡിഎഫ് സർക്കാർ ഭരിക്കുമ്പോഴാണ് ടിപിയെ സിപിഎമ്മുകാർ വധിക്കുന്നത്. അന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. രാഷ്ട്രീയ കൊലപാതകങ്ങളിൽ പാർട്ടിക്കാർ വച്ചു നീട്ടുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്ന പതിവാണ് അതു വരെ ഉണ്ടായിരുന്നത്. അന്ന് കണ്ണൂർ എസ്‌പിയായിരുന്ന അനൂപ് കുരുവിള ജോർജിന്റെ നേതൃത്വത്തിലാണ് ടിപി വധക്കേസ് പ്രതികളെ പൊലീസ് തിരക്കിയിറങ്ങിയത്.

മുടക്കോലി മലയിലെ ഒളിസങ്കേതത്തിൽ നിന്ന് ഡിവൈ.എസ്‌പിമാരായ കെപി ഷൗക്കത്തലി, കെവി സന്തോഷ് എന്നിവർ ചേർന്നാണ് ടി.പി കൊലക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തത്. എഡിജിപിയായിരുന്ന എ ഹേമചന്ദ്രനായിരുന്നു അന്വേഷണ സംഘത്തിന്റെ തലവൻ. അന്ന് ഇന്റലിജൻസ് എഡിജിപിയായിരുന്ന ടിപി സെൻകുമാറും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഇവർക്ക് പുറമേ ജയിൽ ഡിജിപിയായിരുന്ന ഋഷിരാജ് സിങാണ് ടിപി വധക്കേസ് പ്രതികളുടെ ജയിലിലെ മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്തിയത്. ഇത്രയും പേരെ തെരഞ്ഞു പിടിച്ചാണ് എൽഡിഎഫ് സർക്കാർ പ്രതികാര നടപടി ആരംഭിച്ചത്.

പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കേ ഒഞ്ചിയത്ത് പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ അഞ്ഞൂറോളം പേരുമായി വേദിക്ക് മുന്നിലൂടെ ജാഥ നയിച്ചതാണ് ടിപിയെ വധിക്കാനുള്ള യഥാർഥ കാരണമായതെന്നതാണ് വസ്തുത. ഇതിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ തന്നെ അട്ടിമറിച്ചുവെന്ന ആരോപണം നില നിൽക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് തന്നെ ടിപി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഷൗക്കത്തലി എൻഐഎയിലേക്ക് ഡെപ്യൂട്ടേഷൻ വാങ്ങി പോവുകയായിരുന്നു.

തുടർന്ന് വരാൻ പോകുന്ന എൽഡിഎഫ് സർക്കാരിന്റെ കീഴിൽ പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന് മനസിലാക്കിയായിരുന്നു അദ്ദേഹത്തിന്റെ നീക്കം. എ. ഹേമചന്ദ്രൻ, ടിപി സെൻകുമാർ, ഋഷിരാജ് സിങ് എന്നിവരോടുള്ള സർക്കാരിന്റെ പ്രതികാര നടപടി ഏറെ ചർച്ചയായിരുന്നു. കണ്ണൂർ എസ്‌പിയായിരുന്ന അനുപ് കുരുവിള ജോൺ അതിൽ പിന്നെ ഇന്നേ വരെ തന്ത്രപ്രധാന തസ്തികകളിൽ ഇരുന്നിട്ടില്ല. ഇപ്പോൾ എടിഎസി(ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്)ൽ ഡിഐജിയാണ് അദ്ദേഹം. കെവി സന്തോഷിനെയും അപ്രധാന തസ്തികയിൽ ഒതുക്കി ബുദ്ധിമുട്ടിക്കുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ഐപിഎസ് കൺഫർ ചെയ്യേണ്ട പട്ടികയിൽ എസ്‌പി ഷൗക്കത്തലി പ്രഥമസ്ഥാനത്ത് വന്നിരിക്കുന്നത്. 95 ബാച്ചിലെ എസ്ഐമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരനാണ് ഷൗക്കത്തലി. ഇദ്ദേഹത്തിന് മുന്നിൽ ഐപിഎസ് പട്ടികയിലേക്ക് ശിപാർശ കാത്ത് കഴിയുന്ന മൂന്നുപേർ മറ്റ് പിന്നാക്ക സമുദായങ്ങളിൽ നിന്ന് നേരിട്ട് എഎസ്ഐമാരായി സർവീസിൽ കയറിയവരാണ്.

യഥാർഥ രേഖകൾക്ക് പകരം ഫോട്ടോസ്റ്റാറ്റും മറ്റും അയച്ച് ഐപിഎസ് കൺഫർ ചെയ്യുന്നത് വൈകിപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഇത്തരം രേഖകൾ കേന്ദ്രത്തിൽ നിന്ന് തിരിച്ചയയ്ക്കും. വീണ്ടും ഇതൊക്കെ ശരിയാക്കിയെന്ന് വരുത്തി അല്ലറ ചില്ലറ തെറ്റുകളോടെ സമർപ്പിക്കും. ഈ കോണിയും പാമ്പും കളി തുടങ്ങിയിട്ട് കാലമേറെയായി. കഴിയുന്നിടത്തോളം ഐപിഎസ് വൈകിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഷൗക്കത്തലി ഒന്നാം റാങ്കുകാരനായ സ്ഥിതിക്ക് ഐപിഎസ് വച്ചു താമസിപ്പിക്കുകയല്ലാതെ മറ്റു മാർഗമൊന്നും സർക്കാരിന് മുന്നിലില്ല. അതേ സമയം, എത്ര താമസിപ്പിച്ചാലും ഷൗക്കത്തലിക്ക് ഐപിഎസ് ലഭിക്കുമെന്ന് തന്നെയാണ് സൂചന. സെൻകുമാറിനെ ബിജെപിയാക്കിയത് പിണറായി വിജയനാണെന്ന് കേരളാ പൊലീസിൽ തന്നെ അടക്കം പറച്ചിലുണ്ട്. ഷൗക്കത്തലിയെയും അങ്ങനെ ആക്കിയേ അടങ്ങൂവെന്ന് ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.