ഇസ്ലാമബാദ്: പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെറീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. കള്ളന്മാർക്കൊപ്പം ഇരിക്കില്ലെന്ന പ്രഖ്യാപനത്തോടെ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദേശീയ സഭാംഗത്വം രാജിവച്ചു. 16 ബില്യന്റെയും, 8 ബില്യന്റെയും രണ്ട് അഴിമതി കേസുകളെ നേരിടുന്ന വ്യക്തിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതിൽ പരം അപമാനം രാജ്യത്തിന് ഉണ്ടോ എന്നാണ് ഇമ്രാൻ ട്വീറ്റ് ചെയ്തത്.

ഷഹബാസ് ഷെരീഫും, മകൻ ഹംസ ഷെഹ്ബാസും വൻകിട കള്ളപ്പണ തട്ടിപ്പ കേസിനെ നേരിടുകയാണ്. ഈ കേസിൽ പാക്കിസ്ഥാനിലെ കോടതി ഏപ്രിൽ 27 വരെ വിധി മാറ്റി വച്ചതോടെയാണ് പിഎംഎൽഎൻ പ്രസിഡന്റിന് പ്രധാനമന്ത്രിപദവിയിലേക്ക്‌
മത്സരിക്കാൻ കഴിഞ്ഞത്.മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാക്കിസ്ഥാൻ മുസ്ലിം ലീഗ്‌നവാസ് (പിഎംഎൽഎൻ) അധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ് (70).

അതേസമയം, പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് മുന്നോടിയായി ഇമ്രാൻ ഖാൻ അടക്കം പാക്കിസ്ഥാൻ തെഹ് രികി ഇൻസാഫ് പാർട്ടിയിലെ എല്ലാ അംഗങ്ങളും ദേശീയ സഭയിൽ നിന്ന് രാജി വച്ചു. പിടിഐ ഈ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയായ ഫവദ് ചൗധരി പറഞ്ഞു.

ഇന്നലെ പ്രതിപക്ഷപാർട്ടികൾ ഒന്നടങ്കം ഷെഹബാസിനെ പ്രധാനമന്ത്രി പദത്തിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐയുടെ 65കാരനായ മുൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയായിരുന്നു എതിരാളി.

അതിനിടെ, പാക്കിസ്ഥാനിൽ ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധ പ്രകടനമുണ്ടായി. ഇസ്ലാമാബാദ്, പെഷാവർ,കറാച്ചി, ലാഹോർ അടക്കമുള്ള പന്ത്രണ്ട് നഗരങ്ങളിലാണ് പ്രക്ഷോഭം. ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നിൽ അമേരിക്കയാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സ്ത്രീകളടക്കം ലക്ഷക്കണക്കിന് പേരാണ് രാത്രി തെരുവിലിറങ്ങിയത്.

ഇമ്രാന്റെ അടുപ്പക്കാർ രാജ്യം വിടുന്നത് വിലക്കി

അതേസമയം, ഇമ്രാൻ ഖാന്റെ അടുപ്പക്കാരായ ആറു പേർ രാജ്യം വിടുന്നത് വിലക്കി. ഞായറാഴ്ചയാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ) ആറുപേരുടെ പേരുകൾ 'സ്റ്റോപ്പ് ലിസ്റ്റിൽ' പെടുത്തിയത്. ഇതോടെ മുൻകൂർ അനുമതിയില്ലാതെ ഇവർക്കിനി രാജ്യം വിടാനാകില്ല.

ഇമ്രാൻ ഖാന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അസം ഖാൻ, മുൻ സ്‌പെഷൽ അസിസ്റ്റന്റ് (പൊളിറ്റിക്കൽ കമ്യൂണിക്കേഷൻ) ഷെഹ്ബാസ് ഗിൽ, ഇന്റീരിയർ ആൻഡ് അക്കൗണ്ടബിളിറ്റി ഉപദേശകൻ ഷെഹ്‌സാദ് അക്‌ബർ, പഞ്ചാബ് ഡയറക്ടർ ജനറൽ ഗോഹർ നഫീസ്, എഫ്‌ഐഎ പഞ്ചാബ് സോൺ ഡിജി മുഹമ്മദ് റിസ്വാൻ, പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ സമൂഹമാധ്യമ തലവൻ അർസലൻ ഖാലിദ് എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉള്ളത്.

ഇതിൽ എഫ്‌ഐഎയുടെ റിസ്വാന്റെ കീഴിലുള്ള സംഘമാണ് ഷെഹ്ബാസ് ഷെരീഫിനും മകനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച മുതൽ അവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു റിസ്വാൻ.

ശനിയാഴ്ച രാത്രി വൈകിയാണ് പ്രധാനമന്ത്രി ഇമ്രാൻഖാനെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താക്കിയത്. അവിശ്വാസപ്രമേയം അവതരിപ്പിച്ചതും ഇമ്രാനെ പുറത്താക്കിയ നടപടികൾക്ക് നേതൃത്വം നൽകിയതും ഷെഹബാസായിരുന്നു. സംയുക്ത പ്രതിപക്ഷത്തിന് സഭയിൽ 199 പേരുടെ പിന്തുണയുണ്ടെങ്കിലും ഇന്നലെ 174 വോട്ടിനാണ് ഇമ്രാനെ പുറത്താക്കിയത്. 342 അംഗ സഭയിൽ 172 വോട്ടാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.