തിരുവനന്തപുരം: കോൺഗ്രസ് ഡിഡിസി അധ്യക്ഷന്മാരുടെ ലിസ്റ്റ് പുറത്തുവിട്ടതിന് ശേഷം വിവിധ കോണുകളിൽ നിന്നും വിമർശനവും പൊട്ടിത്തെറികളുമാണ് ഉയർന്നു കേട്ടത്. ഇതോടെ ആർഎസ്‌പിയും ഉടക്കുമായി രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസിനെ തകർക്കുന്ന നിലപാടിൽ നിന്നും നേതാക്കൾ പിന്തിരിയണമെന്ന് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ രംഗത്തുവന്നു.

ഡിസിസി പുനഃസംഘടനയിൽ കോൺഗ്രസ് ആടിയുലഞ്ഞ് നിൽക്കുന്നതിനിടെ ഘടകകക്ഷിയായ ആർഎസ്‌പി യുഡിഎഫിനോട് ഇടയുന്നു എന്ന റിപ്പോർട്ടുകൾക്ക് ഇടയൊണ് ഷിബു ബേബി ജോൺ നിലപാട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്‌പി സംസ്ഥാന സെക്രട്ടേറിയറ്റ്് യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. കോൺഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുനഃസംഘടയ്ക്ക് ശേഷവും കോൺഗ്രസിന് രക്ഷയില്ലെന്ന് വിധിയെഴുതുന്നില്ല, ഒരു കാര്യം മനസിലാക്കേണ്ടത് കോൺഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ്. അതിൽ നിന്ന് നേതാക്കൾ പിന്തിരിയണം. മുക്കും എന്ന് നിലപാട് സ്വീകരിക്കരുത്. അത് സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും, ഒരു മുങ്ങുന്ന കപ്പലിൽ അറിയാതെ എങ്കിലും നിൽക്കാം. മുക്കുന്നു എന്ന ബോധ്യപ്പെട്ടാൽ ആരെങ്കിലും നിൽക്കാൻ തയ്യാറാവുമോ. എന്നും ഷിബു ബേബി ജോൺ ചോദിക്കുന്നു.

രാജ്യത്ത് കോൺഗ്രസ് നിലനിൽക്കേണ്ടതിന്റെ ആശ്യകത തിരിച്ചറിഞ്ഞാണ് അവർക്കൊപ്പം നിൽക്കുന്നത്. അവരുടെ നേതാക്കൾക്ക് ഇതൊന്നും ബോധ്യമാവുന്നില്ല. ഇന്ത്യയുടെ മറ്റിടങ്ങളിൽ ആ പാർട്ടി സംവിധാനം എങ്ങനെയാണ് ഇല്ലാതായത് എന്ന് പഠിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഏറ്റുവാങ്ങിയിട്ടും പഠിക്കാൻ തയ്യാറാവുന്നില്ല. താൻ പറയുന്നത് സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ, യുഡിഎഫിന് വോട്ട് ചെയ്യുന്നവരുടെ വികാരമാണ്. ഗ്രൂപ്പ് ചില നേതാക്കൾക്ക് മാത്രമാണ്. മുക്കിയെ അടങ്ങൂ എന്ന് തീരുമാനിച്ചാൽ സ്വന്തം സുരക്ഷിതത്വം ആർഎസ്‌പിക്കും നോക്കേണ്ടിവരുമെന്നും ഷിബു ബേബി ജോൺ മാധ്യമങ്ങളോട് വ്യക്തമാക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും മുന്നണിയിൽ നേരിടുന്ന അവഗണനയും ആർഎസ്‌പിയെ അതൃപ്തി പരസ്യമാക്കാൻ പ്രേരിപ്പിച്ചതെന്നായിരുന്നു ഇന്നലെ പുറത്ത് വന്ന റിപ്പോർട്ടുകൾ. ശക്തി കേന്ദ്രമായ ചവറയിലെ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് തങ്ങൾ ഉയർത്തിയ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ആർഎസ്‌പി നേരത്തെ യുഡിഎഫിന് കത്ത് നൽകിയിരുന്നു. എന്നാൽ 40 ദിവസമായിട്ടും ഒരു നടപടിയും ഉണ്ടാകാത്തതാണ് ആർഎസ്‌പിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ ആർഎസ്‌പിയുടെ നിലപാടും കോൺഗ്രസിലെ ഇപ്പോഴത്തെ പ്രതിസന്ധിയും കൂട്ടിവായ്ക്കേണ്ടിതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.