കോട്ടയം: '1990-91 വർഷം എസ്.എസ്.എൽ.സി.പരീക്ഷയിൽ സമ്പൂർണവിജയം നേടിയ ഷിബു കാക്കനാടിന്‌ പൗരാവലിയുടെ അഭിനന്ദനങ്ങൾ'. കഴിഞ്ഞ ദിവസം നാട്ടകത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ഫ്‌ളെക്‌സ് ബോർഡാണിത്. ഒപ്പം അന്ന് വയ്ക്കാൻ പറ്റാത്തതിന് ഒരു ക്ഷമാപണവും ഷർല്ലാതെ ഇരിക്കുന്ന ഷിബു കാക്കനാടിന്റെ ഫോട്ടോയും. ഇത് ഷിബു കാക്കനാടിന്റെ കൂട്ടുകാർ അയാൾക്ക് കൊടുത്ത പണിയല്ല. ഷിബു കാക്കനാട്‌ എന്ന പഴയ എസ്.എസ്എസ്എൽസി  വിജയിയുടെ ആഗ്രഹപൂർത്തീകരണമാണ്. താൻ തന്നെയാണ് പണം മുടക്കി തന്റെ ഫ്‌ളക്‌സ് വച്ചതെന്ന് ഷിബു കാക്കനാട്‌ സമ്മതിക്കുന്നു.

മൂന്ന് തവണ പരീക്ഷ എഴുതിയാണ് ഷിബു എസ്എസ്എൽസി പാസായത്. അതിന് മുമ്പ് മൂന്ന് തവണ എട്ടാംക്ലാസും രണ്ട് തവണ ഒമ്പതാം ക്ലാസും പരീക്ഷ എഴുതിയ പ്രവൃത്തിപരിചയം അദ്ദേഹത്തിന് ഉണ്ട്. എന്നാൽ അന്ന് ഫ്‌ളക്‌സ് എന്ന സംഗതി നമ്മുടെ നാട്ടിലൊന്നും ഇല്ലാതിരുന്നതിനാൽ ഷിബുവിന്റെ ചരിത്രവിജയം നാട്ടുകാർ അറിയാതെ പോയി. ആ സാഹചര്യത്തിലാണ് അൽപ്പം കാലപ്പഴക്കമുണ്ടെങ്കിലും തന്റെ നേട്ടം ജനങ്ങളെ അറിയിക്കാൻ ഷിബു തന്നെ തീരുമാനിച്ചത്.

പൗരാവലി ഞാൻ തന്നെയാണ്. എന്റെ ഫോട്ടോ, എന്റെ ഫ്‌ളക്‌സ്, എന്റെ ആണി. ഞാൻ അടിച്ചു. അതിനെന്താണെന്നാണ ഷിബുവിന്റെ ചോദ്യം തികച്ചും ന്യായമാണ്. ഈ നാട്ടിൽ കാണുന്ന ഫ്‌ളക്‌സുകളിൽ ഭൂരിഭാഗവും അതാത് കുട്ടികളുടെ മാതാപിതാക്കൾ തന്നെ സ്ഥാപിക്കുന്നതാണ്. പിന്നെ ഞാൻ എന്റെ ഫ്‌ളക്‌സ് വച്ചാൽ എന്താ പ്രശ്‌നം? ഷിബു ചോദിക്കുന്നു. ഈ ഫ്‌ളക്‌സ് കൊണ്ടുള്ള പ്രയോജനം എന്താണെന്ന് ചോദിച്ചാൽ താൻ എസ്എസ്എൽസി പാസായെന്ന് നാട്ടുകാർ അറിഞ്ഞതാണെന്ന് ഷിബു പറയും. പ്രീഡിഗ്രി പാസായ ആളാണെന്ന് പറഞ്ഞപ്പോൾ പലർക്കും വിശ്വാസിക്കാനായില്ല. നാലാം ക്ലാസും ഗുസ്തിയുമാണെന്നാണ് അവരെല്ലാം കരുതിയിരുന്നത്. ഷിബു ചിരിച്ചുകൊണ്ടു പറയുന്നു.

നാട്ടകം മുളങ്കുഴ കവല, കാക്കൂർ എന്നിവിടങ്ങളിലാണ് കൗതുകം പകരുന്ന ഈ ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. മൂന്ന് ബോർഡാണ് വെച്ചത്. ഒന്ന് ആരോ കൊണ്ടുപോയി. ഈ വർഷം തന്റെ വീടിരിക്കുന്ന മുളങ്കുഴ കാക്കൂർ പ്രദേശത്ത് എ പ്ലസുകാർ ഉള്ളതായി അറിവില്ല. അതിനാൽ ആരുടെയും അനുമോദന ബോർഡ് പ്രത്യക്ഷപ്പെട്ടില്ല. എങ്കിൽ പിന്നെ തന്റെ പഴയ 'മിന്നുന്ന' വിജയം ഒന്നോർമിപ്പിക്കാമെന്നുവെച്ചതാണെന്ന് ഷിബു കാക്കനാട്‌. പഠനകാലത്ത് പൊതുപ്രവർത്തകനും ദളിത് ആക്ടിവിസ്റ്റുമായിരുന്നു ഷിബു. ചെറിയ ചെറിയ തമാശകളിലൂടെ വലിയ വലിയ കാര്യങ്ങൾ പറയുന്ന പരിപാടി വിദ്യാർത്ഥി കാലഘട്ടം മുതൽതന്നെ ഷിബുവിന്റെ മാസ്റ്റർപീസ് ആയിരുന്നെന്ന് സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നു.

'പഠിച്ചുറപ്പിച്ചാണ്' മൂന്നാംവട്ടം പരീക്ഷയിൽ ഫസ്റ്റ് ക്ലാസിന് മൂന്നുമാർക്ക് കുറവിൽ അന്ന് ഷിബു ജയിച്ചത്. നാട്ടകം ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായിരുന്ന ഷിബു പത്താംക്ലാസിൽ ആദ്യവട്ടം തോറ്റു. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു. മൂന്നാമത്തെ എഴുത്തിലാണ് ഇത്രയും മാർക്കുനേടി വിജയിച്ചത്. അതിനാൽ മിന്നുന്ന വിജയം തന്നെ.

ഹൈസ്‌കൂൾ ക്ലാസിലെല്ലാം വർഷങ്ങളുടെ പഠനം നടത്തേണ്ടിവന്നതുകൊണ്ട് ഇരുപതാം വയസ്സിലാണ് എസ്.എസ്.എൽ.സി.വിജയം. അതിനുശേഷം നാട്ടകം ഗവ.കോളേജിൽ പ്രീഡിഗ്രി പഠനം. അതും നല്ലമാർക്കോടെ വിജയിച്ചു. പ്രായം കൂടിപ്പോയെന്ന് തോന്നിയതിനാൽ പഠിപ്പവിടെ നിർത്തി, കല്യാണം കഴിച്ചു. പിന്നെ ജീവിക്കാൻ പല തൊഴിലുകൾ. ഓട്ടോ ഡ്രാവറായിരുന്നെങ്കിലും കോവിഡ് വന്നതോടെ അത് നിന്നു. ഇപ്പോൾ വാഹനത്തിൽ മീൻകച്ചവടമാണ് ചെയ്യുന്നത്. ആശാവർക്കറായ സിന്ധുവാണ് ഭാര്യ. ഏകമകൾ ഗീതാജനു കോട്ടയം സി.എം.എസ്.കോളേജിലെ എം.എസ്.സി.വിദ്യാർത്ഥിനിയാണ്.

ആരാണ് ഷിബു കാക്കനാട്‌? സഹപാഠി അജിത്ത് എം പച്ചനാടന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.


മച്ചാനേ പൊളിയല്ലേ അളിയാ...

'91-'93
ൽ കോട്ടയം ഗവൺമെന്റ് കോളജിലെ ഒന്നാം വർഷ പ്രീ-ഡിഗ്രി ബാച്ചിൽ വച്ചാണ് ഷിബുവിനെ കാണുന്നത്.
ആള് കിടുക്കാച്ചി കക്ഷിയാണ്.

വേഷം വള്ളിയൊക്കെ തോളത്തൂടെ കെട്ടിയ പാന്റ്‌സ്.... പഴയ സിനിമയിൽ സിങ്കപ്പൂർ റിട്ടേൺ അടൂർ ഭാസി ഇടുന്ന അതേ സാനം.
ആള് കോമാളിത്തരമായിരുന്നില്ല. കൃത്യമായ ദലിത് പൊളിറ്റിക്‌സ് അറിഞ്ഞു കളിച്ചിരുന്നു. അന്ന് ബഹുജൻ സമാജ് പാർട്ടി ആശയങ്ങൾ കേരളത്തിൽ വേരോടി വരുന്ന സമയമാണ്. ഞങ്ങൾ ബഹുജൻ വിദ്യാർത്ഥി സമാജ് എന്ന വിദ്യാർത്ഥി സംഘടനയുണ്ടാക്കി; തെരെഞ്ഞെടുപ്പിൽ മത്സരിച്ചു. ആർട്‌സ് ക്ലബ്ബ് സെക്രട്ടറിയാവാൻ ഞാൻ; പക്ഷേ ചെങ്കോട്ട കാക്കുന്ന എസ്എഫ്‌ഐ അതു സമ്മതിച്ചു തരില്ലല്ലോ...
ടഎക സ്ഥാനാർത്ഥിയുടെ പ്രസംഗത്തിനു ഞാൻ കൗണ്ടർ അടിച്ചതിനു പിറ്റേന്ന് കോട്ടയത്തുനിന്ന് ഡിവൈഎഫ്‌ഐ അളിയന്മാരെത്തി...
എന്നെ പിടിച്ചു വലിച്ചു മാറ്റി നിർത്തി ചില പ്രത്യേക ഏക്ഷനുകൾ പ്രയോഗിച്ചു. ഒപ്പം അതിനുപോത്ബലകമായ ചില വാക്കുകളും. അതു പറയാൻ എനിക്കു മടിയില്ല.

'**********, നിന്റെ മറ്റേക്കാലൂടെ ചവിട്ടി ഒടിക്കും. മര്യാദയ്ക്കു നിന്നോണം'

ആഹാ.,,

അതിനു ശേഷം ഷിബുവിന്റെ പ്രസംഗമുണ്ടായിരുന്നു. തകർത്തു സംഗതി.

ഈ മച്ചാൻ പൊളിയാണ്. '95ൽ നാഗമ്പടം മൈതാനത്ത് മാമ്മന്മാപ്പിള ട്രോഫി ഫൈനൽ നടക്കുമ്പോൾ കാപ്പിരിപ്പെണ്ണിന്റെ വേഷത്തിൽ ഷിബു.
കെൽട്രോണും ജെ സി ടി ഫഗ്വാരയുമാണ് മത്സരിക്കുന്നത്. ജെ സി ടി യിൽ 9ആം നമ്പറിൽ ഐ.എം.വിജയൻ; പക്ഷേ കോട്ടയത്തെ കുഞ്ഞുങ്ങൾ കെൽട്രോണിനൊപ്പമാണ്. കാരണം നാഗമ്പടം ആറ്റുമാലിയിലെ ചില രക്തങ്ങൾ കെൽട്രോണിൽ കളിക്കുന്നു.
കേരളത്തിലെ സ്റ്റേഡിയങ്ങളിൽ, ആദ്യമായി മെക്‌സിക്കൻ തരംഗം ഉണ്ടായത് നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലാണ്. തരംഗത്തിന്റെ അനുസ്യൂതിക്കായി ഇടതൂർന്ന ഗാലറിയെ പ്രോത്സാഹിപ്പിച്ച് മൈതാനം വലംവയ്ക്കുന്ന ഷിബു...

കോട്ടയത്ത്, അനുപമ തിയേറ്ററിനു എതിർവശം, മാർക്കറ്റ് റോഡിലായിരുന്നു ഷിബുവിന്റെ തൊഴിലിടം. ഉണ്ണിക്കുട്ടൻ, മണർകാട്ടമ്മ, ആവേ മരിയ, അർജുൻ, ബിസ്മില്ലാഹ്, യഹോവ യിരേ തുടങ്ങിയ ഓട്ടോക്കൂട്ടത്തിൽ ഷിബുവിന്റെ ഓട്ടോ ലഹരി പടർത്തി ഉണ്ടാകും. ആറ്റൂർ രവിവർമ്മയുടെ 'ഓട്ടോവിൻ പാട്ടി'ലെ കുഞ്ഞുകുട്ടൻ ചെയ്തപ്പോലെ പല തവണ ഓട്ടോയുടെ പേര് മാറ്റത്തൊന്നുമില്ല. ഷിബുവിന്റെ ഓട്ടോ കണ്ടാൽ കിക്കാകണം.

ആ വണ്ടീടെ പേരാണ് ഒസിആർ...

അതെ, മുൻചില്ലിനു മുകളിൽ പഞ്ചാക്ഷരി എഴുതി, നമ്പർ പ്ലേറ്റിനു ഇടതു വശത്ത് ഉടുക്കും ത്രിശൂലവും വരച്ച് ചേർത്ത് ഹാൻഡിലിൽ കൂവളമാല ധരിച്ചെത്തുന്ന 'തിരുനക്കരയപ്പൻ ഓട്ടോ' യുടെ പിന്നിൽ നമ്മുടെ പുന്നാര വണ്ടി, ഓൾഡ്ബകാസ്‌ക്‌ബറം ഓൺ ദ റോ(ഡ്)ക്‌സിൽ പാർക്കു ചെയ്തിട്ടുണ്ടാവും. 'തിരുനക്കരയപ്പന്' ഫോറിൻ ശിവമൂലി....

91 ൽ ഷിബു സമ്പൂർണ വിജയം നേടിയിരുന്നോ ആവോ! - ജയിച്ചാരുന്നു.
ആ ഫ്‌ളക്‌സിൽ നോക്കിക്കേ മലയാളത്തിന് മോഡറേഷനാവും കിട്ടിയിട്ടുണ്ടാവുക!
ചിലപ്പോൾ എസ്എസ്എൽസി 'പരീഷ'എഴുതിയത് ഫ്‌ളക്‌സിൽ ടൈപ്പു ചെയ്ത ആളാവും
ഷിബു എഴുതിയത് പരീക്ഷ തന്നെ...
ഇയാൾ ഇങ്ങനെ നമ്മുടെ ബോധത്തെ ചൊറിഞ്ഞു കൊണ്ടേയിരിക്കും...