കോഴിക്കോട്: കോവിഡ് വ്യാപനത്തിനു ശേഷം കോഴിക്കോട് ജില്ലയെ ഭീതിയിലാഴ്‌ത്തി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.രോഗലക്ഷണം കണ്ടെത്തിയ അഞ്ച് പേർ ഇപ്പോൾ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 വയസുകാരൻ മരിച്ചിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്. ഇതാദ്യമായല്ല ഷിഗെല്ല രോഗം കേരളത്തിൽ സ്ഥിരീകരിക്കുന്നത്. നേരത്തെ മലപ്പുറം ജില്ലയിൽ രണ്ട് ഷിഗെല്ല മരണം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് ഷിഗെല്ല ജാഗ്രതാനിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു. സാധാരണ വയറിളക്കത്തെക്കാൾ മാരകമാണ് ഷിഗെല്ല.ഈ ബാക്ടീരിയ മൂലമുള്ള മാരകമായ വയറിളക്കത്തിന് കാരണം മലിനജലത്തിന്റെ ഉപയോഗമാണ്. വ്യക്തി തലത്തിൽ ശുചിത്വം പാലിച്ചാൽ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം.

എന്താണ് ഷിഗല്ല രോഗം

ഷിഗല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല.മലിനജലത്തിന്റെ ഉപയോഗമാണ് പ്രധാനകാരണം.വ്യക്തി തലത്തിൽ ശുചിത്വം പാലിച്ചാൽ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം.

രോഗലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.എല്ലാ ഷിഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.

ചികിത്സ

ചെറിയ രോഗലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. തുടക്കത്തിൽ തന്നെ വൈദ്യസഹായം തേടിയാൽ രോഗം അപകടകരമാകുന്നതും തടയാം. ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിക്കുന്നത് മരണത്തിന് ഇടയാക്കും. കുട്ടികളിലാണ് രോഗസാധ്യത കൂടുതൽ.വയറിളക്കത്തോടൊപ്പം നിർജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്‌നം ഗുരുതരമാക്കും.ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് തന്നെയാണ് ചികിത്സയിലെ പ്രാന മാർഗം.