കൂത്തുപറമ്പ്: പാത്തിപ്പാലം പുഴയിൽ ഒന്നര വയസ്സുകാരി അൻവിത മുങ്ങി മരിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി.ഷിജു. ഷിജുവിനെ നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഭർത്താവാണ് തന്നെയും മകളെയും പുഴയിൽ തള്ളിയിട്ടതെന്ന ഭാര്യ സോന(31)യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷിജുവിനെതിരെ കതിരൂർ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു. ഒളിവിലായിരുന്ന ഷിജുവിനെ മട്ടന്നൂർ പൊലീസാണു പിടികൂടിയത്.

വള്ള്യായിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്നതിനിടെയായിരുന്നു സംഭവം. പുഴ കാണിക്കാമെന്നു പറഞ്ഞ് പുഴക്കരയിൽ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോൾ തന്നെയും മകളെയും ഭർത്താവ് തള്ളി പുഴയിലിട്ടുവെന്നാണു ഭാര്യയുടെ മൊഴി. സംഭവത്തിനു ശേഷം ഷിജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇവർ എത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നു കളഞ്ഞത്. അറസ്റ്റിലായപ്പോൾ കുറ്റസമ്മതവും നടത്തി. കുടുംബ വഴക്കാണ് ക്രൂരതയ്ക്ക് കാരണം.

സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഷിജു മൊഴി നൽകി. ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസും പറഞ്ഞു. സ്വർണം പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ഷിജുവിനെ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

കോവിഡ് കാരണം പ്രവേശനം നിരോധിച്ച മട്ടന്നൂരിലെ ക്ഷേത്രക്കുളത്തിൽ ഷിജു ചാടിയതു ശ്രദ്ധയിൽപെട്ടവരാണു വിവരം പൊലീസിൽ അറിയിച്ചത്. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നു. നാട്ടുകാർ ഇട്ടുകൊടുത്ത തെങ്ങോലയിൽ പിടിച്ചാണു ഷിജു കരയ്ക്കു കയറിയത്. പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മട്ടന്നൂർ മഹാദേവക്ഷേത്ര കുളത്തിൽ ഒരാൾ ചാടിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് മട്ടന്നൂർ പൊലിസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയത്.

ഇയാളെ പിന്നീട് രക്ഷാപ്രവർത്തനം നടത്തി കരയ്‌ക്കെത്തിച്ചു.ഇതിനിടെയാണ് കുളത്തിൽ ചാടിയ യുവാവ് മൊകേരി പാത്തി പാലത്ത് മകളെയും ഭാര്യയെയും പുഴയിൽ തള്ളിയിട്ട കേസിലെ പ്രതിയാണെന്ന് വ്യക്തമായതായതെന്ന് മട്ടന്നൂർ സിഐ അറിയിച്ചു. ആത്മഹത്യ ചെയ്യാനാണ് ഇയാൾ കുളത്തിൽ ചാടിയതെന്ന് മൊഴി നൽകിയിട്ടുണ്ട്

തലശ്ശേരിയിലെ കുടുംബ കോടതി ജീവനക്കാരനാണ് ഷിജു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു പാത്തിപ്പാലം പുഴയിൽ സോനയും മകൾ അൻവിതയും വീണതായി കണ്ടത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയുമാണ് ഇരുവരെയും പുറത്തെടുത്തത്. സോനയെ രക്ഷപ്പെടുത്താനായെങ്കിലും അൻവിത ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

അൻവിതയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ടു വീട്ടിലെത്തിച്ചു സംസ്‌കരിച്ചു. ഈസ്റ്റ് കതിരൂർ എൽ.പി. സ്‌കൂൾ അദ്ധ്യാപികയാണ് സോന.