മുംബൈ: അശ്ലീല വീഡിയോ നിർമ്മാണക്കേസിൽ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങൾക്കെതിരെ മാനഷ്ട കേസുമായി ബോളിവുഡ് നടി ശിൽപ്പ ഷെട്ടി. 29 മാധ്യമങ്ങൾക്കെതിരെയാണ് ശിൽപ്പ ഷെട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്. രാജ്കുന്ദ്ര ഉൾപെട്ട നീലച്ചിത്ര കേസിൽ തെറ്റായി റിപ്പോർട്ട് ചെയ്ത് തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി ശിൽപ ഷെട്ടി കോടതിയിൽ. 29 മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ ബോംബെ ഹൈക്കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത.

തന്റെ അന്തസിനെ കളങ്കപ്പെടുത്തുന്ന വാർത്തകളാണ് വിവിധ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി നൽകിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ശിൽപ കേസ് നൽകിയിരിക്കുന്നത്. തന്റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോർട്ടുകൾ എന്നാണ് ശിൽപ ചൂണ്ടിക്കാണിക്കുന്നത്. ഇത് പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങൾ നിരുപാധികം മാപ്പ് പറയണമെന്നും, ഇത്തരം ഉള്ളടക്കങ്ങൾ എടുത്തുകളയണമെന്നും, തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നൽകണമെന്നുമാണ് ശിൽപയുടെ ഹർജിയിൽ പറയുന്നത്.

ഇത്തരം റിപ്പോർട്ടുകൾ സമൂഹത്തിൽ തന്റെ മാന്യതയെ കളങ്കപ്പെടുത്തി. തന്റെ ആരാധകർ, അഭ്യുദയകാംക്ഷികൾ, സഹപ്രവർത്തകർ, ബിസിനസ് പാർട്ണർമാർ, പരസ്യകമ്പനികൾ, ബ്രാന്റുകൾ ഇവരുടെയെല്ലാം ഇടയിൽ പേര് കളങ്കപ്പെടുത്തി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അഭേദ്യമായ ഭാഗമാണ് തന്റെ പ്രശസ്തി എന്നും ശിൽപ ഹർജിയിൽ വ്യക്തമാക്കുന്നു

ചില മാധ്യമങ്ങളെ തന്നെക്കുറിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ശാശ്വതമായി വിലക്കണമെന്നും അത്തരം വാർത്തകൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും പണം നൽകി നികത്താനാവുന്നതല്ലെന്നും ശിൽപ വ്യക്തമാക്കുന്നു. അതിനാൽ, സമാനമായ റിപ്പോർട്ടുകൾ തുടർന്നും നൽകുന്നത് ഒഴിവാക്കാൻ കോടതി ഇടപെടണം. കേസ് നാളെ പരിഗണിക്കും.

അതിനിടെ, ശിൽപ ഷെട്ടി അഭിനയിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ഹംഗാമ രണ്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു. ശിൽപക്കു പുറമെ മീസാൻ ജഫ്‌രി, പരേഷ് റാവൽ, പ്രണിത സുഭാഷ് എന്നിവരും അഭിനയിക്കുന്നുണ്ട്.