തിരുവനന്തപുരം: ഡൽഹിയിൽ ഇന്നലെ പിടിയിലായ മലയാളി തട്ടിപ്പുകാരൻ ഷൈൻ ജ്യോതിക്കെതിരെ കാഞ്ഞിരപ്പള്ളിയിലും കേസ്. കുവൈറ്റിൽ എംഒടി നേഴ്സായി ജോലി വാങ്ങിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് 2014 ൽ അഞ്ച് ലക്ഷം ആറുപത്തയ്യായിരം രൂപ തട്ടിയെടുത്ത പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മണിമല സ്വദേശി ഷിബു പി ബാബു ആണ് പരാതി നൽകിയിരിക്കുന്നത്. വിദേശത്തേയ്ക്ക് തൊഴിലാളികളെ കൊണ്ടുപോകാനുള്ള ലൈസൻസുണ്ടെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പണം തട്ടിയതെന്നാണ് പരാതി.

ഷിബുവിന്റെ ഒരു സഹപ്രവർത്തകയുടെ ഭർത്താവിനെ ട്രയിൻ യാത്രക്കിടയിൽ പരിചയപ്പെട്ട ഷൈൻ ജ്യോതി വിദേശത്ത് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഷിബു അടക്കം നിരവധിപേരെ പറ്റിക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപ ശമ്പളത്തിൽ എംഒടി നേഴ്സായി കുവൈറ്റിൽ ജോലി വാങ്ങിത്തരാമെന്നായിരുന്നു വാഗ്ദാനം. പല ഗഢുക്കളായാണ് അയാൾ മുഴുവൻ പണവും കൈപ്പറ്റിയത്. മുഴുവൻ പണവും കൈപ്പറ്റിയ ശേഷം അയാൾ ഒരു വിമാനടിക്കറ്റ് അയച്ചുകൊടുത്തിരുന്നു.

എന്നാൽ അത് ക്യാൻസൽ ചെയ്ത വിമാനടിക്കറ്റ് ആയിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. അതിനെ ശേഷം അയാളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. നമ്പരും അഡ്രസും മാറ്റി അയാൾ മുങ്ങുകയായിരുന്നുവെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നു. അയാളുടെ ലുധിയാനയിലുള്ള ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് പണം അയച്ചുകൊടുത്തത്.

കാസർകോട് സ്വദേശി എ സിദ്ദിഖ് അബ്ദുൾ റഹ്‌മാൻ ആണെന്നായിരുന്നു അയാൾ ഇവർക്ക് നൽകിയിരുന്ന വിവരങ്ങൾ. ആ പേരിലുള്ള ഒരു ആധാർകാർഡും അയാൾ അവരെ കാണിച്ചിരുന്നു. എന്നാൽ ആ വിലാസത്തിൽ ഇങ്ങനെ ഒരാളില്ലെന്ന് പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു. കുറ്റവാളിയുടെ കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ കേസ് പോലുമെടുക്കാനാകാത്ത അവസ്ഥയിലായിരുന്നു പൊലീസ്. നിലവിൽ ഷിബു പി ബാബു മാൾട്ടയിൽ നേഴ്സായി ജോലി ചെയ്യുകയാണ്.

ഇയാളെ കസ്റ്റഡിയിൽ കിട്ടാൻ ഡൽഹി കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി സജിമോൻ മറുനാടനോട് പറഞ്ഞു. ഇയാളെ പറ്റി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ പറ്റി ലഭിച്ചിരിക്കുന്ന രണ്ട് പേരുകളും വ്യാജമാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഡൽഹി മലയാളിയായ മുരളീധരൻപിള്ള എന്നയാൾ നൽകിയ പരാതിയിൽ തട്ടിപ്പുകാരനെ മിനങ്ങാന്നാണ് ശാഹ്ദര പൊലീസ് അറസ്റ്റ് ചെയ്തത്. സൗദി എംബസി ഉദ്യോഗസ്ഥനെന്ന വ്യാജേനയായിരുന്നു ഇയാൾ മുരളീധരൻപിള്ളയെ കബളിപ്പിച്ചത്. മയൂർ വിഹാർ ഫേസ്3യിലെ മുരളി എന്റർപ്രൈസിന്റെ ഉടമ മുരളീധരൻ പിള്ളയുമായി പരിചയത്തിലായ സിദ്ദിഖ് അദ്ദേഹത്തിന്റെ സുഹൃത്തിന് വാഹന ഇൻഷുറൻസ് രേഖകൾ ലഭ്യമാക്കാമെന്ന വ്യാജേന 60,000 രൂപ തട്ടിയെടുത്തു. തുടർന്നു സംശയം തോന്നിയ മുരളീധരൻ പിള്ള സൗദി എംബസിയിൽ അന്വേഷിച്ച് ഇങ്ങനെയൊരു ഉദ്യോഗസ്ഥനില്ലെന്നു കണ്ടെത്തി. തുടർന്നാണു ശാഹ്ദര പൊലീസിൽ പരാതി നൽകിയത്.

പഴയ തട്ടിപ്പു കഥകളും പുറത്തെത്തിയതോടെ ശാഹ്ദര ഡിസിപി സത്യസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പൊലീസ് കേസെടുത്തത് അറിഞ്ഞ് ഒളിവിൽപോയ ഇയാളെ മണാലിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും നിരവധി പേരുകളിലും അഡ്രസിലുമുള്ള ആധാർ കാർഡുകളും വിദേശകാര്യ മന്ത്രാലയത്തിന്റെയടക്കം തൊഴിൽ ഐഡി കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.റിസർവ് ബാങ്ക്, സൗദി എംബസി തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിൽ തയാറാക്കിയ വ്യാജ രേഖകളും പിടിച്ചെടുത്തു. കേരളത്തിനും ഡൽഹിക്കും പുറമെ മറ്റ് സംസ്ഥാനങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന വിവരങ്ങളും പരിശോധിച്ചു വരുകയാണെന്ന് ശാഹ്ദര പൊലീസ് വ്യക്തമാക്കി

ഏതാനും വർഷങ്ങളായി കേരളത്തിലും ഡൽഹിയിലും മലയാളികളടക്കമുള്ളവരെ പറ്റിച്ച് കോടിക്കണക്കിന് രൂപയാണ് ഇയാൾ സ്വന്തമാക്കിയിരുന്നത്. വ്യാജരേഖകൾ ചമച്ചും ഇയാൾ സാമ്പത്തികതട്ടിപ്പ് നടത്തിയിരുന്നു. ആദ്യം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു നടത്തിയിരുന്ന ഇയാൾ അടുത്തകാലത്ത് സൗദി എംബസിയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനയായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്.

വിദേശത്ത് നേഴ്സുമാർക്ക് വെറും രണ്ടരലക്ഷം രൂപയ്ക്ക് ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ഒരു കോടിയോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. വിദേശത്തും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നു ലക്ഷങ്ങൾ തട്ടുന്നത് ഇയാളുടെ പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ആകർഷകമായി സംസാരിച്ച് ആളുകളെ കെണിയിൽ വീഴ്‌ത്തി അവരിൽ നിന്നു ജോലിയും മറ്റും ആവശ്യമുള്ളവരുടെ നമ്പർ കരസ്ഥമാക്കിയാണു തട്ടിപ്പു നടത്തിയിരുന്നത്.

സ്ത്രീകളെ മറ്റ് സംസ്ഥാനങ്ങളിലെത്തിച്ച് വിൽപ്പന നടത്തുന്നതിലും പങ്കുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ബിറ്റ് കോയിൻ തട്ടിപ്പ് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.

പലരുടെയും ഫോൺ നമ്പർ കരസ്ഥമാക്കി. ജോലി വാഗ്ദാനം ചെയ്ത് ഇവരിൽ നിന്നായി 25 ലക്ഷം രൂപയോളം തട്ടിയെന്ന പരാതിയും ഇയാൾക്കെതിരെയുണ്ട്. ഡൽഹിയിൽ നിന്നും മാത്രമായി അഞ്ചിലേറെ പരാതികളാണ് ഇയാളുടെ പേരിൽ ലഭിച്ചത്. കേരളത്തിൽ കാഞ്ഞിരപ്പള്ളിയിലും ആലപ്പുഴയിലും ഇയാൾക്കെതിരെ പരാതികളുണ്ട്. തൃശൂരിൽ പലരിൽ നിന്നും പണം കബളിപ്പിച്ച് മുങ്ങിയയാൾ ഇയാൾ തന്നെയാണോ എന്നും പരിശോധിക്കുന്നുണ്ട്.