മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹാ വികാസ് അഘാഡിയിൽ പോര് രൂക്ഷമായതോടെ ശിവസേന പുതിയ രാഷ്ട്രീയ സഖ്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് എംഎൽഎയുടെ കത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂടുതൽ അടുക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി ശിവസേന എംഎൽഎ പ്രതാപ് സർനായികാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നുമുള്ള പിസിസി അധ്യക്ഷൻ നാന പടോലെയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവസേന എംഎൽഎ സഖ്യത്തിന് എതിരെ രംഗത്തുവന്നിരിക്കുന്നത്.

'എൻസിപിക്കും കോൺഗ്രസിനും അവരുടെ മുഖ്യമന്ത്രിമാരെ വേണം. കോൺഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാനാണ് ആഗ്രഹം. എൻസിപി ശിവസേന നേതാക്കളെ അടർത്തി എടുക്കാനാണ് ശ്രമിക്കുന്നത്. ഇവർക്ക് കേന്ദ്രത്തിന്റെ രഹസ്യ പിന്തുണയുണ്ടെന്നാണ് കരുതുന്നത്. ഒരു കേന്ദ്ര ഏജൻസിയും എൻസിപിയുടെ നേതാക്കളുടെ പിന്നാലെയില്ല.'-കത്തിൽ പറയുന്നു.

'കോൺഗ്രസും എൻസിപിയും ശിവസേനയെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി അടുക്കുന്നതാണ് നല്ലത്. വീണ്ടും ബിജെപിയുമായി ഒന്നിച്ചാൽ അത് പാർട്ടിക്കും പ്രവർത്തകർക്കും നല്ലതാണ്.'-കത്തിൽ പറയുന്നു. മോദിയുമായി അടുക്കുകയാണെങ്കിൽ, താനും അനിൽ പരബ് ഉൾപ്പെടെയുള്ള നേതാക്കളും കുടുംബവും ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടുമെന്നും കത്തിൽ പറയുന്നുണ്ട്.

എംഎൽഎയുടെ കത്തിനെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് ശിവസേന വക്താവ് സഞ്ജയ് റൗത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. മുഖ്യമന്ത്രിക്ക് ഒരു എംഎൽഎ കത്തയച്ചതിൽ താനെന്ത് പറയാനാണെന്ന് ചോദിച്ച സഞ്ജയ്, ഈ കത്ത് ആധികാരികമാണെങ്കിൽ, മഹാ വികാസ് അഘാഡിയുടെ എംഎൽഎമാരെ അലട്ടുന്ന ഒരു സുപ്രധാന വിഷയം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട് എന്നാണ് പ്രതികരിച്ചത്. ഇതോടെ, കോൺഗ്രസ്,എൻസിപി സഖ്യത്തിൽ ശിവസേനയ്ക്ക് അതൃപ്തിയുണ്ടെന്ന സൂചന വീണ്ടും ശക്തമായി.

മറാത്ത സംവരണ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, സഞ്ജയ് റൗത്ത് മോദിയെ പുകഴ്‌ത്ത് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ വരുന്ന തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം വന്നത്. മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകില്ലെന്നും മുന്നണി രൂപീകരിച്ചപ്പോൾ തന്നെ, അഞ്ചുവർഷക്കാലവും താക്കറെ തന്നെ മുഖ്യമന്ത്രിയായിരിക്കും എന്ന വ്യവസ്തയുണ്ടായിരുന്നു എന്നുമാണ് ശിവസേനയുടെ നിലപാട്.