മുംബൈ: വിരമിച്ച ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ആറ് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ശിവസേന നേതാവ് കമലേഷ് കദവും അഞ്ച് പാർട്ടി പ്രവർത്തകരുമാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാർട്ടൂൺ ഷെയർ ചെയ്തുവെന്ന കാരണം പറഞ്ഞാണ് വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനായ മദൻ ശർമയെ ശിവസേന പ്രവർത്തകർ തല്ലിച്ചതച്ചത്. ശർമയുടെ കണ്ണിനും മുഖത്തും പരുക്കേറ്റ നിലയിലാണ്.

അതേസമയം, അറസ്റ്റിൽ താൻ തൃപ്തനല്ലെന്നും മഹാരാഷ്ട്ര സംസ്ഥാനത്ത് സുരക്ഷിതമായി കഴിയാൻ പറ്റാത്ത സാഹചര്യമാണ് നിലവിലെന്നും മദൻ ശർമയുടെ മകൻ ആരോപിച്ചു. ഇപ്പോഴത്തെ മന്ത്രിസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും മകൻ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സർക്കാരിനെ വിശ്വസിക്കാൻ സാധിക്കില്ലെന്ന് മദൻ ശർമയുടെ മകൾ ഷീല ശർമയും ആരോപണവുമായി രംഗത്തെത്തി. വാട്‌സ്ആപ് സന്ദേശത്തിന്റെ പേരിൽ ശിവസേനയിൽ നിന്നുള്ളവർ തന്നെ ആക്രമിച്ചതായി ഡോ. ഷീല ശർമ്മ പറഞ്ഞു. "എന്റെ പിതാവിന് ഭീഷണികൾ ലഭിച്ചു. ശിവസേനയിൽ നിന്നുള്ള നിരവധി ആളുകൾ ആക്രമിച്ചു പിന്നീട് പൊലീസ് ഞങ്ങളുടെ വസതിയിലെത്തി അച്ഛനെ അവരോടൊപ്പം കൊണ്ടുപോകാൻ നിർബന്ധിച്ചു. ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, "അവർ പറഞ്ഞു.

മുംബൈയിലെ ഈസ്റ്റ് കന്ദിവാലിയിലെ വീടിനു സമീപത്തുവച്ച് ഒരുകൂട്ടം ആളുകൾ തന്നെ മർദ്ദിച്ചതായി 65കാരനായ മദൻ ശർമ പരാതി നൽകിയിരുന്നു. ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാർട്ടൂൺ താൻ റെസിഡൻഷ്യൽ സൊസൈറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നതായി ശർമ പരാതിയിൽ പറയുന്നു. ഇതിനു പിന്നാലെ കമലേഷ് കദം എന്നയാൾ പേരും മേൽവിലാസവും അന്വേഷിച്ച് വിളിച്ചു. ഉച്ചയ്ക്കു ശേഷം വീടിനു പുറത്തേക്ക് തന്നെ വിളിച്ചിറക്കി മർദിക്കുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു.

മാസ്‌ക് ധരിച്ച ഒരു കൂട്ടമാളുകൾ ശർമയെ മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. താമസിക്കുന്ന അപാർട്ട്‌മെന്റിന്റെ ഗേറ്റ് തുറന്നു ശർമ പുറത്തേക്കു പോകുന്നതും പിന്നാലെ കുറച്ചുപേർ ഇയാളെ ഇവിടേക്ക് ഓടിച്ചു കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. ഷർട്ടിൽ പിടിച്ചു വലിച്ചിഴയ്ക്കുകയും മുഖത്തേക്ക് ഇടിക്കുകയും ചെയ്യുന്നുണ്ട്.

സംഭവത്തിൽ ബിജെപി വൻ പ്രതിഷേധമാണ് ഉയർത്തുന്നത്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം ഒട്ടേറെ ബിജെപി നേതാക്കൾ മർദനമേറ്റ മദൻ ശർമയുടെ ഫോട്ടോ ഷെയർ ചെയ്തു. തികച്ചും ദുഃഖകരവും നടുക്കുന്നതുമായ സംഭവമാണ് നടന്നതെന്ന് ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു. വിരമിച്ച നാവിക ഉദ്യോഗസ്ഥൻ വെറുമൊരു വാട്‌സാപ് സന്ദേശത്തിന്റെപേരിൽ തല്ലിച്ചതയ്ക്കപ്പെട്ടു. ഉദ്ധവ് താക്കറെ ഗുണ്ടാരാജ് അവസാനിപ്പിക്കണം. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടിയെടുക്കകയും ശിക്ഷിക്കപ്പെടുകയും വേണമെന്നും ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.