ന്യൂഡൽഹി: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം തുടരും. എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകിയ ഹർജി സുപ്രീംകോടതി ആറാഴ്‌ച്ചകൾക്ക് ശേഷം പരി​ഗണിക്കും. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. ​ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിലപാടാണ് ഇഡി സുപ്രീംകോടതിയിൽ ആവർത്തിച്ചത്.

രാഷ്ട്രീയരംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കർ പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എൻഫോഴ്സ്മെൻറിന്റെ പ്രധാനവാദം. ശിവശങ്കറിൽ നിന്ന് അറിയാനുള്ള വിവരങ്ങൾ കിട്ടിയെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. അതിനാൽ ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നാണ് എഡി ആവശ്യപ്പെടുന്നത്. കേസിൽ എം ശിവശങ്കർ തടസ ഹർജി നൽകിയിട്ടുണ്ട്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.

തിരുവനന്തപുരം എസ്‌ബിഐ ബ്രാഞ്ചിലെ ലോക്കറിൽനിന്ന് കണ്ടെത്തിയ കണക്കിൽപെടാത്ത 64 ലക്ഷം രൂപയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണ്. ശിവശങ്കരൻ ജാമ്യത്തിൽ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴിവയ്ക്കും. ഇതുവരെയുള്ള അന്വേഷണത്തിൽ ശിവശങ്കറിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ഇഡി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ശിവശങ്കറിനെതിരേ തെളിവുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നാണ് ഹർജിയിൽ ഇഡി ഉയർത്തുന്ന വാദം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഒക്ടോബർ 28-നാണ് എം ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ജനുവരി 25ന് ആരോഗ്യ പ്രശ്നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നൽകി. കസ്റ്റംസ് കേസിൽ കൂടി ജാമ്യം കിട്ടി ശിവശങ്കർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എൻഫോഴ്സ്മെൻറ് സുപ്രീംകോടതിയെ സമീപിച്ചത്.