കണ്ണൂർ: മൂന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയ യുവതിയും സുഹൃത്തും എത്തിയത് ജയിലിൽ. ഇറുവരേയും ബാലനീതിനിയമപ്രകാരം കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

ചാലാട് മണൽ വീട്ടിലെ ശ്രുതി (28), അഴീക്കോട് അയണിവയലിലെ പ്രബീഷ് (28) എന്നിവരാണ് റിമാൻഡിലായത്. ശ്രുതിയെ ചീമേനി തുറന്ന ജയിലിലും പ്രബീഷിനെ കണ്ണൂർ സബ് ജയിലിലേക്കും അയച്ചു. കുഞ്ഞുങ്ങളെ നോക്കാൻ ബാധ്യതപ്പെട്ടവർ അത് ചെയ്യാതിരുന്നാൽ ചുമത്തുന്ന 75-ാം വകുപ്പ് പ്രകാരമാണ് ശ്രുതിക്കെതിരേ കേസെടുത്തത്. മൂന്നുവർഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന കുറ്റമാണിത്. പ്രബീഷിനെതിരേ പ്രേരണാക്കുറ്റമാണ്.

നവംബർ 12-ന് മകളെ കാണാനില്ലെന്ന് കാണിച്ച് ശ്രുതിയുടെ പിതാവ് പരാതി നൽകിയിരുന്നു. വീടുപണിയാൻ ശ്രുതിയെ ഏൽപ്പിച്ച രണ്ടുലക്ഷം രൂപ കാണുന്നില്ലെന്ന് കാട്ടി ഭർത്താവിന്റെ പിതാവും പരാതി നൽകി. ഭർത്താവ് ഗൾഫിലാണ്. 2011-ലായിരുന്നു വിവാഹം. അതുകൊണ്ട് തന്നെ ശ്രുതിയ്‌ക്കെതിരെ മോഷണ കുറ്റവും ചുമത്താൻ ഇടയുണ്ട്. പ്രണയം തലയ്ക്ക് പിടിച്ചായിരുന്നു ഒളിച്ചോട്ടം.

ആൺസുഹൃത്തിനൊപ്പം പോകുന്നതായി കത്തെഴുതിവച്ചാണ് ശ്രുതി മുങ്ങിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ആദ്യം മാനന്തവാടിയിലും അവിടെനിന്ന് ബെംഗളൂരുവിലുമെത്തിയെന്ന് കണ്ടെത്തി. സ്വന്തം മൊബൈലുകൾ ഓഫാക്കി മറ്റൊരു മൊബൈലാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ നമ്പർ കണ്ടെത്തിയതാണ് നിർണ്ണായകമായത്.

പൊലീസ് ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും നീക്കം മനസ്സിലാക്കി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് വ്യക്തമായതോടെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കഴിഞ്ഞദിവസം കണ്ണൂർ ബസ്സ്റ്റാൻഡിലെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലംമുതൽ തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. വീട്ടുകാരുടെ നിർബന്ധത്തിൽ ഗൾഫുകാരനെ വിവാഹം ചെയ്തു.

പതിനെട്ടാം വയസ്സിലെ വിവാഹത്തിന് ശേഷവും കാമുകനുമായി അടുപ്പം തുടർന്നു. ഇതാണ് ഒളിച്ചോട്ടത്തിൽ എത്തിയത്. പതിനെട്ടു വയസ്സായപ്പോൾ തന്നെ ശ്രുതിയെ വിവാഹം ചെയ്തു കൊടുത്തു വീട്ടുകാർ. അന്ന് അതിനെ എതിർക്കാനായില്ല. കാമുകനും 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രബീഷിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന അവസ്ഥ എത്തിയതോടെ ഒളിച്ചോടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ശ്രുതിയുടെ കൈവശമുണ്ടായിരുന്ന 1.65 ലക്ഷം രൂപ വീട്ടുകാർക്ക് കൈമാറി. ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരിയുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ എ. ഇബ്രാഹിം, അസി. സബ് ഇൻസ്‌പെക്ടർ കെ. ലതീഷ് എന്നിവരാണ് കേസന്വേഷിച്ചത്.