കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ ഭഗവാനെ എഴുന്നള്ളിച്ചപ്പോൾ പൊലീസിന്റെ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി സല്യൂട്ട് നൽകിയ എസ്‌ഐ. അനില സോഷ്യൽ മീഡിയയിൽ താരമാണ്. ഭക്തിയും ഡ്യൂട്ടിയും സമാസമം ചേർത്താണ് അനില താരമാകുന്നത്.

മേലുദ്യോഗസ്ഥൻ അവധിയായതിനാൽ ഉത്സവത്തിൽ ഭഗവാനെ ആനപ്പുറത്ത് എഴുന്നള്ളിക്കുമ്പോൾ ഔദ്യോഗിക ബഹുമതി നൽകുന്നതിന്റെ ചുമതല ഏറ്റെടുക്കേണ്ടി വരികയായിരുന്നു അനിലയ്ക്ക്. അത് വൈറലായി. ആ ഡ്യൂട്ടിയും സല്യൂട്ടും മാറുക, ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ചെയ്ത ഡ്യൂട്ടിയാണ് വിശ്വാസികളുടെ താരമാക്കി അനിലയെ മാറ്റിയത്. അത് ഒരാൾ വീഡിയോയിൽ പകർത്തി. ആ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. നിയോഗം പോലെ സംഭവിച്ച കാര്യങ്ങളാണിതെന്ന് അനിലയും പറയുന്നു.

ചരിത്രത്തിലാദ്യമായാണ് ഒരു പൊലീസുകാരിക്ക് വൃശ്ചികോത്സവത്തിൽ പൂർണത്രയീശന് സല്യൂട്ട് നൽകാനുള്ള നിയോഗമുണ്ടാകുന്നത്. രാജഭരണകാലത്തു തുടങ്ങിയ ചടങ്ങിനു പുരുഷ പൊലീസുകാരാണ് സല്യൂട്ട് നൽകിയിരുന്നത്. ഇത്തവണ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രിൻസിപ്പൽ എസ്‌ഐ. രാമു ബാലചന്ദ്രബോസ് അവധിയായതിനാലാണ് അനിലയ്ക്കു സല്യൂട്ട് ഡ്യൂട്ടി വന്നുചേർന്നത്. 2018-ലാണ് അനില പൊലീസിൽ ചേർന്നത്.

''പ്രിൻസിപ്പൽ എസ്‌ഐ. അവധിയാണെന്നും ഞാൻ സല്യൂട്ട് നൽകണമെന്നും പറഞ്ഞപ്പോൾ ചെറിയ പേടിതോന്നിയിരുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് സല്യൂട്ട് നൽകുമ്പോൾ അതു വീഡിയോയിൽ പകർത്തുന്നതൊന്നും ശ്രദ്ധിച്ചിരുന്നില്ല. വീഡിയോ വൈറലായതിൽ അദ്ഭുതവും സന്തോഷവും തോന്നുന്നു. ഇവിടെ എല്ലാവരും ചെലവൊക്കെ ചെയ്യിച്ചു...''-അനില പറഞ്ഞു.

വൈക്കം ആശ്രമം സ്‌കൂളിലെ ടെക്നിക്കൽ അസിസ്റ്റന്റ് സിജീഷാണ് ഭർത്താവ്. മകൻ വസുദേവ് പൂത്തോട്ട ശ്രീനാരായണ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ പരിശീലനത്തിനുശേഷം കണ്ണൂരിലെ ഇരിട്ടിയിൽ മാവോവാദി കമാൻഡോ ഓപ്പറേഷനിൽ പ്രത്യേക പരിശീലനം നേടി. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ എസ്‌ഐ. ആയാണ് ആദ്യനിയമനം.