കോഴിക്കോട് : കോവിഡ് ബാധിച്ച് ജീവൻ അപകടത്തിലായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ നൽകണമെന്ന് ഭാര്യ റെയ്ഹാനത്തും കെ യു ഡബ്ല്യു ജെ കോഴിക്കോട് ജില്ലാ ഘടകവും സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതിയും ആവശ്യപ്പെട്ടു. നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സിദ്ദീഖ് കാപ്പൻ മധുര കെ വി എം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.

കാപ്പന് ഇവിടെ മതിയായ ചികിത്സകളൊന്നും ലഭിക്കുന്നില്ല. മരുന്ന് ലഭിക്കാത്തതിനാൽ കൊളസ്ട്രോളും ഷുഗറും കുത്തനെ കൂടിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ ചികിത്സാ സൗകര്യങ്ങൾ വളരെ പരിമിതമാണ്. ഒരാഴ്ചയായി പനി ബാധിച്ച അദ്ദേഹം കടുത്ത ഹൃദ്രോഗി കൂടിയാണ്. ജയിലിൽ വെച്ച് കോവിഡ് ബാധിച്ചതിനാൽ ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

വിദഗ്ധ ചികിത്സ നൽകിയില്ലെങ്കിൽ ഭർത്താവിന്റെ ആരോഗ്യ നില കൂടുതൽ വഷളാവുമെന്നും ഭാര്യ റൈഹാനത്ത് പറഞ്ഞു. ഇപ്പോൾ ലഭിക്കുന്ന മോശം ഭക്ഷണം സിദ്ദീഖ് കാപ്പന്റെ ആരോഗ്യ സ്ഥിതി മോശമാവുന്നതിന് കാരണമാവുകയാണ്. ചപ്പാത്തിയും പരിപ്പു കറിയും ഇപ്പോൾ തിന്നാൻ കഴിയുന്നില്ല. ഭക്ഷണം വായിൽ വെക്കുമ്പോൾ തന്നെ ഛർദ്ദി വരുന്ന അവസ്ഥയിലാണ് ഭർത്താവെന്നും റെയ്ഹാനത്ത് പറഞ്ഞു. ചപ്പാത്തിയോടൊപ്പം ലഭിക്കുന്ന കക്കിരിയും തൈരുമാണ് ഏക ആശ്വാസം. ഇതു മാത്രമാണ് ഭക്ഷണമായി ഉള്ളിൽ ചെല്ലുന്നത്.

കാപ്പനെതിരായ കേസ് കേസിന്റെ വഴിക്ക് പോകട്ടെ, എന്നാൽ ചികിത്സ നിഷേധിക്കുന്നത് അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കുമെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ചെയർമാൻ എൻ പി ചേക്കൂട്ടി പറഞ്ഞു. ഹത്രാസ് മാനഭംഗ കൊലയെ കുറിച്ച് റിപ്പോർട്ട് ചെയ്യാനാണ് സിദ്ദീഖ് കാപ്പൻ ഉത്തർ പ്രദേശിലേക്ക് പോയത്.

സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണം. വിഷയത്തിൽ ഇടപെടുന്നതിന് തെരഞ്ഞെടുപ്പ് തുടങ്ങിയ തിരക്കുകൾ തടസ്സമായിരുന്നു. ഇനിയെങ്കിലും മുഖ്യമന്ത്രി ഔദ്യോഗികമായി ഈ വിഷയം ഉത്തർ പ്രദേശ് സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോഴൊക്കെ സർക്കാർ ഇടപെടാറുണ്ട്. മാധ്യമ പ്രവർത്തകനായി കാപ്പന്റെ വിഷയത്തിൽ ഇടപെടാൻ വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ യു ഡബ്ല്യു ജെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി എസ് രാഗേഷും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മക്കളായ മുസമ്മിൽ, സിദാൻ, മെഹ് നാസ് എന്നിവരോടൊപ്പമാണ് സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് വാർത്താ സമ്മേളനത്തിനെത്തിയത്.