തിരുവനന്തപുരം: സമകാലീനം ആഴ്ചപ്പതിപ്പിലൂടെ മുതിർന്ന മാധ്യമപ്രവർത്തകൻ ടിജെഎസ് ജോർജ് നടത്തിയ വിവാദ പരാമർശത്തിൽ മറുപടിയുമായി നടൻ സിദ്ദിഖ് രംഗത്ത്. ഒരു ധിക്കാരിയുടെ ഗർവ്വും ബുദ്ധിശൂന്യതയും എന്ന തലക്കെട്ടിലൂടെ എഴുതിയ ലേഖനത്തിലൂടെയാണ് സിദ്ദിഖിനെ സ്ത്രീലമ്പടനനെന്നും ബുദ്ധി ശൂന്യനെന്നും ടിജെഎസ് ജോർജ് പരാമർശിച്ചത്. സമകാലീനത്തിലെ ആർട്ടിക്കിൾ വിവാദമായതിന് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തുകയാണ് നടൻ സിദ്ദിഖ്. എനിക്ക് ലഭിച്ച കഥാപാത്രങ്ങൾ ഇങ്ങനെയായതുകൊണ്ടാകാം എനിക്ക് ധിക്കാരിയുടെ മുഖവും സ്ത്രീലമ്പടന്റെ വേഷവും എന്ന് അദ്ദേഹത്തിന് തോന്നിയതെന്ന് സിദ്ദിഖ് മറുനാടനോട് പറഞ്ഞു

സിദ്ദിഖിന്റെ പ്രതികരണം ഇങ്ങനെ:-

അദ്ദേഹത്തിനെ പോലൊരു പത്രപ്രവർത്തകൻ, എഴുത്തുകാരൻ പത്മഭൂഷൺ നേടിയ ആളെ പറഞ്ഞു തിരുത്തുന്നത് ശരിയാണോ. അദ്ദേഹം എന്റെ ഫേസ്‌ബുക്കിൽ വന്ന് ഞാൻ അഭിനയിച്ച കഥാപാത്രങ്ങളുടെ ചിത്രം കണ്ടിട്ട് എനിക്കൊരു സ്ത്രീലമ്പടന്റെ ലുക്കാണെന്ന് അദ്ദേഹം തന്നെ തീരുമാനിച്ചാൽ അദ്ദേഹത്തെ ഞാൻ എന്ത് പറഞ്ഞാണ് തിരുത്തേണ്ടത്. ധിക്കാരിയുടെ മുഖമാണ് എന്നൊക്കെ പറയുന്നത് ഫോട്ടോ കണ്ടിട്ടാണ്. എനിക്ക് അദ്ദേഹത്തിനെ പറഞ്ഞ് തിരുത്താൻ അറിയില്ല, അദ്ദേഹത്തിന്റെ ധാരണ തിരുത്താനുള്ള മറ്റെന്തെങ്കിലും പ്രവർത്തികൾ ചെയ്യേണ്ടിയിരിക്കുന്നു.

എന്ത് പറഞ്ഞിട്ടാണ് ഞാൻ ന്യായീകരിക്കേണ്ടത്. ഒരു പക്ഷേ അദ്ദേഹം ഒരു മാധ്യമപ്രവർത്തകൻ ആയത് കെണ്ട് മാധ്യമപ്രവർത്തകരെ ഞാൻ പറഞ്ഞതിൽ ക്ഷോഭം തോന്നിക്കാണും. ആ സാഹചര്യത്തിലെ എനിക്കുണ്ടായ അനുഭവം വച്ചിട്ട് അത് ക്ലിയറായി പറഞ്ഞന്നേയുള്ളു. ചിലപ്പോൾ പറഞ്ഞ ഭാഷ വച്ചിട്ട് ധിക്കാരത്തിന്റെ ധ്വനി വന്നെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. ഞാൻ ധിക്കാരിയാണെന്നുള്ള തോന്നലുണ്ടാകാതിരിക്കാൻ വേണ്ടി സ്വയം ശ്രദ്ധിക്കുകയാണ് വേണ്ടത്.

പിന്നെ ബുദ്ധി ശൂന്യത. അദ്ദേഹം അദ്ദേഹത്തിന്റെ ബുദ്ധിയുമായി താരതമ്യം ചെയ്ത് അളന്നാൽ എന്റെ ബുദ്ധി ഒരുപാട് താഴെയായിരിക്കും. ഞാൻ ചെറുപ്പത്തിലും പഠിക്കുന്ന കാലുത്തും വളരെ ബുദ്ധിമാനാണെന്ന് എനിക്ക് തോന്നിയിട്ടുമില്ല. ആരും പറഞ്ഞിട്ടുമില്ല. അങ്ങനെയാണെങ്കിൽ കുറെക്കൂടി ബുദ്ധിപരമായ മേഖലയിലേക്ക് ഞാൻ പോകേണ്ടതല്ലേ. ഞാനൊരു പ്രതികരണം നടത്തി അദ്ദേഹത്തിനെ തിരുത്താനോ അദ്ദേഹത്തിനോട് വാക്പോര് നടത്താനോയുള്ള കഴിവ് എനിക്കില്ല. ഞാനൊരു അഭിനേതാവാണ്. എനിക്ക് കിട്ടിയിട്ടുള്ളത് പലതും സ്ത്രീലംബടന്റെയും മോശപ്പെട്ട ആളുകളുടേയും വേഷമാണ്്. അത് അഭിനയിക്കുന്ന സമയത്ത് എനിക്ക് അത്തരം മുഖങ്ങൾ വന്നിട്ടുണ്ടാകാം. അത് എനിക്കൊരു കുറ്റമായി തോന്നിയിട്ടില്ല. ഞാൻ സ്ത്രീലമ്പടനാണെന്നോ ധിക്കാരിയുടെ മുഖമുണ്ടെന്നോ മറ്റാരും പറഞ്ഞ് കേട്ടിട്ടില്ല. ആദ്യമായിട്ടാണ് എനിക്ക് എങ്ങനൊരു പ്രശ്നമുണ്ടെന്ന് തോന്നിയത് അതിനാൽ സ്വയം തിരുത്തുകയാണ് വേണ്ടതെന്ന് സിദ്ദിഖ് മറുനാടനോട് പറഞ്ഞു.

ടിജെഎസ് ജോർജിന്റെ വിമർശനം ഇങ്ങനെ

നടിയെ ആക്രമിച്ച കേസിലെ സിദ്ദിഖിന്റെ നിലപാടും രേവതി സമ്പത്ത് നടനെതിരെ ഉന്നയിച്ച ആരോപണങ്ങളും അടക്കം ചൂണ്ടിക്കാട്ടിയാണ് ടിജെഎസ് ജോർജ് സിദ്ദിഖിനെതിരെ രൂക്ഷ വിമർശനം ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യയെക്കുറിച്ചും ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: '' ധിക്കാരമാണ് നടൻ സിദ്ദിഖിന്റെ മുഖമുദ്ര. ഫേസ്‌ബുക്കിൽ കിട്ടുന്ന ഒരു ഡസൻ പടങ്ങൾ ഒന്ന് ഓടിച്ച് നോക്കുക. ഒരു ഫോട്ടോയിൽ സഹജീവി സ്‌നേഹമോ ഒരു നേരിയ മന്ദഹാസമോ കണ്ടാൽ ഭാഗ്യം. സാധാരണ ഗതിയിൽ ആ മുഖത്ത് പ്രതിഫലിക്കുന്നത് ഗർവ്വാണ്. കലർപ്പില്ലാത്ത ഞാൻ ഞാൻ എന്ന ഗർവ്വ ്.

അടുത്തകാലത്ത് ഒരു പൊതുവേദിയിൽ ഇത് പ്രകടമായതാണ്. ഒരു മനോരമ കോൺക്ലേവിൽ വിശേഷിപ്പ് ഒരു പ്രലോഭനവും ഇല്ലാതെ പെട്ടെന്ന് സിദ്ദിഖ് തുറന്നടിച്ചു. മാധ്യമങ്ങളാണ് എന്ന വേട്ടയായി എന്റെ സ്വകാര്യത ഇല്ലാതാക്കുന്നത്. പൊതുജനം എന്നെ ഹൃദയത്തിൽ ഉൾക്കൊള്ളണം എന്നും എന്നാൽ എന്റെ സ്വകാര്യതയിൽ തൊടരുതെന്നും ഒരേ ശ്വാസത്തിൽ പറയുന്നത് ധിക്കാരം മാത്രമല്ല ബുദ്ധിശൂന്യതയും കൂടിയാണ്. ബയോഡാറ്റ എന്ന ചരിത്ര സംഹിത തയ്യാറാക്കിയാൽ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞ് വരുന്നത് കാണാം. നടി ആക്രമിക്കപ്പെട്ട കേസിലാണ് ടിയാൻ തന്റെ ഒറ്റയാൻ സവിശേഷത എടുത്ത് കാട്ടിയത്. ആക്രമിക്കപ്പെട്ട നടിയുടെ നിസ്സഹായതയിൽ പൊതുസമൂഹത്തിന് സഹതാപം തോന്നിയപ്പോൾ, ആക്രമണത്തിന് മുതിർന്നയാളുടെ വശത്താണ് സിദ്ദിഖ് സ്ഥാനമുറപ്പിച്ചത്.

എന്റെ സ്‌നേഹിതന്റെ വാക്കുകൾ അല്ലാതെ മറ്റൊന്നും വിശ്വസിക്കാൻ എനിക്ക് സാധ്യമല്ല എന്നായിരുന്നു ന്യായീകരണം. ചെയ്തത് ക്രിമിനൽ കുറ്റമാണ് എന്ന് സ്‌നേഹിതനെ ബോധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയിക്കാൻ തക്ക പൗരത്വബോധമില്ലാതെ പോയതാണ് കാരണം. കേസിന്റെ ഉള്ളുകള്ളികൾ പുറത്തുകൊണ്ടുവരാനും താരരാജാവിന്റെ ചരടുവലികൾ കണ്ടുപിടിക്കാനും ഒരു സർക്കിൾ ഇൻസ്‌പെക്ടർക്ക് സാധിച്ചു എന്ന കാര്യം മറക്കണ്ട. ബൈജു പൗലോസ് എന്ന ഇൻസ്‌പെക്ടർക്ക് ബെസ്റ്റ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസർക്കുള്ള 2019ലെ ദേശീയ അവാർഡ് നൽകി രാജ്യം ആദരിച്ചു എന്ന കാര്യവും ഓർക്കുക.

സിദ്ദിഖിന് ഇമ്മാതിരി വിശദാംശങ്ങളിൽ താൽപര്യം കാണുകില്ല. സ്വന്തം താൽപര്യങ്ങൾ നാടിന്റെയും നാട്ടുകാരുടേയും താൽപര്യങ്ങൾക്ക് മുകളിൽ ആകുമ്പോൾ അങ്ങനൊക്കെയാണെന്നും അദ്ദേഹം ആരോപിക്കുന്നു.