ന്യൂഡൽഹി: എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ ഉത്തർ പ്രദേശ് സർക്കാറിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. സിദ്ദിഖ് കാപ്പന്റെ അഭിഭാഷകനാണ് നോട്ടീസ് അയച്ചത്. ചികിത്സ പൂർത്തിയാക്കാതെയാണ് കാപ്പനെ ജയിലിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തെ തിരികെ എയിംസിൽ തന്നെ പ്രവേശിപ്പിക്കണമെന്നുമാണ് ആവശ്യം.

ചികിത്സയിൽ കഴിഞ്ഞിരുന്ന കാപ്പനെ കാണാൻ ഭാര്യ ഡൽഹിയിലെത്തിയെങ്കിലും യു.പി പൊലീസും ആശുപത്രി അധികൃതരും അനുവദിച്ചിരുന്നില്ല. ഇതിനിടെയാണ് രഹസ്യമായി വീണ്ടും സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയത്. കോവിഡ് മുക്തി നേടിയതോടെയാണ് ജയിലിലേക്ക് മാറ്റിയതെന്നാണ് യു.പി സർക്കാറിന്റെ വാദം. എന്നാൽ, എയിംസിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കേവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് നെഗറ്റീവായോ എന്നു പോലും അറിയില്ലെന്നു ഫോണിൽ കാപ്പൻ ഭാര്യ റൈഹാനത്തിനോടു പറഞ്ഞിരുന്നു.