കൊച്ചി: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ കൊലചെയ്തത് ശ്രീകണ്ഠൻ നായരോ മകനോ ട്വന്റി ഫോർ ചാനൽ വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണനോ ആണെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് മാധ്യമപ്രവർത്തകയും ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ സിജി ഉണ്ണികൃഷ്ണൻ. എന്നാൽ ഇവർ എസ്. വി പ്രദീപിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നത് തനിക്ക് നേരിട്ട് അറിവുള്ളതാണ്. അതാണ് താൻ വെളിപ്പെടുത്തിയതെന്നും സിജി പറയുന്നു.

ഉണ്ണികൃഷ്ണൻ എസ്.വി പ്രദീപിനെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത്. അദ്ദേഹം ചെയ്തത് തെറ്റായിരുന്നെന്ന ബോധ്യം ഉള്ളതുകൊണ്ട് താൻ എസ്.വി പ്രദീപിനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. ശ്രീകണ്ഠൻ നായർ പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം മകൻ നേരിട്ട് കേസ് കൊടുക്കുകയും മകനും ചാനൽ മേധാവിമാരും ഭീഷണിപ്പെടുത്തിയതായും എസ്.വി പ്രദീപ് തന്നെ തന്നോട് വെളിപ്പെടുത്തിയതായി സിജി മറുനാടനോട് പറഞ്ഞു.

താൻ ട്വന്റി ഫോറിന്റെ സ്റ്റുഡിയോയിൽ കയറി പ്രശ്നമുണ്ടാക്കി എന്നപേരിൽ തനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. താൻ സ്റ്റുഡിയോയിൽ കയറിയത് തന്നെ പീഡിപ്പിച്ചതിന് വാർത്ത കൊടുക്കണമെന്ന് പറയാനാണ്. താൻ ഏഷ്യാനെറ്റിൽ ജോലി ചെയ്തിരുന്നപ്പോൾ ശ്രീകണ്ഠൻനായർ തന്റെ വൈസ് പ്രസിഡന്റായിരുന്നു. അന്ന് അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. എസ്.വി പ്രദീപിന്റെ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ശ്രീകണ്ഠൻ നായരുമായി പിണങ്ങുന്നതെന്നും സിജി പറയുന്നു. താൻ കണ്ട ഏറ്റവും നല്ല മനുഷ്യനായിരുന്നു എസ്.വി പ്രദീപ്. സ്ത്രീകളോട് ഇത്രയും മാന്യമായി പെരുമാറുന്ന മറ്റൊരാളെ കണ്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുമായി ഫ്ളവേഴ്സ് ചാനലിന് അവിശുദ്ധ ബന്ധമാണുള്ളത്. അവരുടെ ഭൂമിയിലാണ് ഫ്ളവേഴ്സ് എആർ റഹ്മാൻ ഷോ നടത്തിയത്. റഹ്മാനെ പോലൊരു വലിയ മനുഷ്യനെ വിളിച്ചുവരുത്തി ഒരു പേക്കൂത്തായിരുന്നു അവർ നടത്തിയതെന്നും സിജി പറയുന്നു. പെരുമഴയത്തും ഇടിമിന്നലിലും ഇത്രയും ജനങ്ങളെ അണിനിരത്തി നടത്തിയ പരിപാടിയിൽ ഒരു ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വലിയ അപായമുണ്ടായേനെ.

ആയിരക്കണക്കിന് പേരുടെ ജീവൻ പണയം വച്ചാണ് ശ്രീകണ്ഠൻ നായർ ആ ഷോ നടത്തിയത്. അതിനെതിരെ രംഗത്ത് വന്നതുകൊണ്ടാണ് ശ്രീകണ്ഠൻ നായർ എസ്.വി പ്രദീപിനെതിരെ തിരിഞ്ഞത്. ഈ പറയുന്നതിന്റെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏൽക്കുകയാണ്. ഏത് നിയമനടപടിയും സ്വീകരിക്കാൻ തയ്യാറാണ്.

ശ്രീകണ്ഠൻ നായർ ആദ്യം ഹിന്ദുത്വയെ കൂട്ടുപിടിച്ചാണ് ചാനൽ ആരംഭിച്ചത്. എന്നാൽ കേന്ദ്രസർക്കാരിനെ വിമർശിച്ചാലെ നിലനിൽപ്പുള്ളു എന്ന മനസിലായപ്പോൾ ചുവടുമാറ്റി കേരളസർക്കാരിന്റെ ഭാഗം ചേർന്നു. ഭരണത്തിലിരിക്കുന്നവരാരും തങ്ങളെ ചോദ്യം ചെയ്യില്ലെന്ന ആഹങ്കാരം ശ്രീകണ്ഠൻ നായർക്കുണ്ട്. സിപിഎമ്മിന്റെ മുഖചാനലാണ് ട്വന്റിഫോർ എന്നാണ് അവരുടെ ഭാവം. എല്ലാവരുടെയും മനസ് മാറ്റാനുള്ള കഴിവ് ശ്രീകണ്ഠൻ നായർക്കുണ്ട്. മറുനാടൻ മലയാളി ശ്രീകണ്ഠൻ നായർക്കെതിരെ പ്രതികരിച്ചാൽ മറുനാടനേയും അവർ പൂട്ടും- സിജി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തുന്നു.

അച്ഛനേയും മകനേയും കരുവാക്കി തന്നെ തല്ലിച്ചതച്ചു. തന്റെ ഭർത്താവിനെ കൊണ്ട് നിരന്തരം വക്കീൽനോട്ടീസ് അയപ്പിച്ചു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സൈക്കാർട്ടിസ്റ്റുകളെ ഉപയോഗിച്ച് തന്നെ കുടുക്കാൻ വ്യാജരേഖകൾ ഉണ്ടാക്കുന്നു. താൻ ഗാർഹികപീഡനത്തിന് ഒരു പരാതി അരൂർ പൊലീസ് സ്റ്റേഷനിൽ നൽകിയിട്ട് ഒരു മാസം കഴിഞ്ഞാണ് എഫ്ഐആർ ഇടാൻ പോലും പൊലീസ് തയ്യാറായതെന്നും സിജി ആരോപിക്കുന്നു.