തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ അതിവേഗ റെയിൽവേ പാതയ്ക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയ ഹരിത ട്രിബ്യൂണൽ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര പരിസ്ഥിതി, മന്ത്രാലയത്തിലെ ബെംഗളൂരു മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞൻ ഡോ മുരളീ കൃഷ്ണയാണ് കേന്ദ്ര സർക്കാരിനു വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത്.

പാരിസ്ഥിതികാനുമതി കിട്ടുന്നതിനു മുമ്പ്, സിൽവർ ലൈൻ പ്രൊജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി ആർ ശശികുമാർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. 2006ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ റെയിൽവേയോ റെയിൽവേ പദ്ധതികളോ ഉൾപ്പെടുന്നില്ലെന്ന് സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ദേശീയ പാതകൾ, കെട്ടിട നിർമ്മാണങ്ങൾ തുടങ്ങിയ 39 വികസന പദ്ധതികളും പ്രവർത്തികളുമാണ് ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നത്. ഇക്കൂട്ടത്തിൽ റെയിൽവേയും റെയിൽവേ പദ്ധതികളുമില്ല. അതുകൊണ്ട് തന്നെ സിൽവർലൈൻ പദ്ധതിക്ക് പാരിസ്ഥികാനുമതി ആവശ്യമില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.