പത്തനംതിട്ട: ആൾമറയില്ലാത്ത ആഴമേറിയ കിണറ്റിൽ കുരുന്നിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്ന വീട്ടമ്മയ്ക്ക് അഭിനന്ദന പ്രവാഹം. കാൽതെറ്റി ആൾ മറയില്ലാത്ത കിണറ്റിൽ വീണ ആരുഷ് എന്ന രണ്ടു വയസുകാരനെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു എന്ന യുവതി രക്ഷിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പ് അജയന്റെ രണ്ടാമത്തെ മകനാണ് ആരുഷ്.

വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. കുറച്ചു സമയം കഴിഞ്ഞപ്പോൾ വലിയ ശബ്ദം കേട്ട് മാതാപിതാക്കൾ മുറ്റത്തേക്കിറങ്ങി. ഈ സമയം മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആരുഷിനെ കാണാനില്ലായിരുന്നു. ഓടിച്ചെന്ന് കിണറ്റിൽ നോക്കുമ്പോൾ കുട്ടി വീണു കിടക്കുന്നത് കണ്ടു. മാതാപിതാക്കൾ ബഹളം കൂട്ടിയപ്പോൾ അയൽക്കാർ ഓടിക്കൂടി. ഓടി വന്ന കിണറിന്റെ കരയിൽ നിന്ന് വിലപിച്ചു.

അന്നേരമാണ് തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടൽ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ഐക്കരേത്ത് മുരുപ്പ് സിന്ധു ഭവൻ സിന്ധു എത്തിയത്. വന്ന പാടേ സിന്ധു ഇരുപതോളം തൊടിയുള്ള കിണറിൽ ചാടിയിറങ്ങി. വെള്ളത്തിൽ മുങ്ങിത്താണു കൊണ്ടിരുന്ന കുഞ്ഞിനെ എടുത്ത് മുകളിലെ തൊടിയിലേക്ക് കയറി നിന്നു. തുടർന്ന് തോളിലേക്ക് കമഴ്‌ത്തി കിടത്തി കുടിച്ച വെള്ളം കളയാൻ ശ്രമിച്ചു. ഇതിനിടെ മറ്റൊരു യുവാവ് കൂടി കിണറ്റിലേക്ക് ഇറങ്ങി. കുഞ്ഞിനെ കരയിൽ എത്തിച്ചു.

പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അടൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കുഞ്ഞിന് പുറമേ പരുക്കൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ആന്തരികമായ പരുക്കുകൾ ഉണ്ടോയെന്ന് അറിയുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നാണ് സൂചന. തൊഴിലുറപ്പ് തൊഴിലാളിയും കുടുംബശ്രീ പ്രവർത്തകയുമാണ് സിന്ധു.

കഴിഞ്ഞ പ്രളയകാലത്ത് നിറഞ്ഞു കിടന്ന കിണറ്റിൽ വീണ ആടിനെ എടുത്തു ഒറ്റയ്ക്ക് കരയ്ക്ക് എത്തിച്ചതും സിന്ധു ആയിരുന്നു. കുഞ്ഞിന്റെ ജീവൻ രക്ഷിച്ച സിന്ധുവിനെ അഭിനന്ദിക്കുകയാണ് നാടും നാട്ടാരും.