കൊച്ചി: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സമീപവാസിയായ യുവാവിൽ നിന്ന് മകൾ സിന്ധുവിന് ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയിൽ സിന്ധുവും മകൻ അതുലുമാണ് പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ദിലീപ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിന്ധുവിനെയും മകനെയും കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ' അവൻ ശല്യം ചെയ്യാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി. കഴിഞ്ഞ ബുധനാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പരാതിയെപ്പറ്റി അന്വേഷിച്ചില്ല.'- സിന്ധുവിന്റെ പിതാവ് പറഞ്ഞു.സഹോദരനൊപ്പം പോയാണ് സിന്ധു പരാതി നൽകിയത്.

പൊലീസ് വീട്ടിൽ വന്ന് മൊഴിയെടുക്കുകയോ, ആരോപണ വിധേയനെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ പരാതിയിൽ വേണ്ട രീതിയിലുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയിൽ സിന്ധുവിനെയും മകൻ അതുലിനെയും ഞായറാഴ്ച വൈകിട്ടാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

സിന്ധു ഇന്നലെയും, എഴുപത് ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അതുൽ ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.സംഭവത്തിൽ സമീപവാസിയായ ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉമരിക്കുന്നതിന് തൊട്ടുമുൻപ് യുവതി സംസാരിച്ചതെന്ന് പറയപ്പെടുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. സിന്ധു ദിലീപിന്റെ പേര് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. പരേതനായ സാജുവിന്റെ ഭാര്യയാണ് സിന്ധു. എറണാകുളം ലൂർദ് ആശുപത്രി ജീവനക്കാരിയായിരുന്നു.

പൊലീസിൽ പരാതി നൽകിയ ശേഷവും യുവാവ് ശല്യം ചെയ്യൽ തുടർന്നെന്ന് സിന്ധുവിന്റെ അമ്മ കുറ്റപ്പെടുത്തി. കസ്റ്റഡിയിലുള്ള യുവാവ് സിന്ധുവിന്റെ മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സിന്ധുവിനെ യുവാവ് വഴിയിൽ തടഞ്ഞ് നിർത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാക്കുതർക്കമുണ്ടായി. ശല്യം കൂടിയപ്പോൾ സിന്ധു കഴിഞ്ഞ ദിവസം പൊലീസിൽ യുവാവിനെതിരെ പരാതി നൽകി. സിന്ധുവിന്റെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മരിച്ച സിന്ധുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വെച്ച് അയൽവാസിയായ യുവാവിന്റെ പേര് സിന്ധു പറഞ്ഞത് കേസിൽ നിർണായകമാണ്. വീടിനുള്ളിൽനിന്ന് പുക ഉയരുന്നതുകണ്ട ബന്ധുക്കളും പരിസരവാസികളും ചേർന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും സിന്ധുവിനെ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സമീപവാസിയാണ് ഇതു ചെയ്തത് എന്ന നിലയിൽ സിന്ധു പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തെ തുടർന്ന് ഞാറയ്ക്കൽ സിഐ. രാജൻ കെ. അരമന, എസ്‌ഐ എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. കത്തിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന തീപ്പെട്ടി മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച വീട്ടിൽ അറ്റകുറ്റപ്പണികൾക്കായി പണിക്കാരെ ഏർപ്പാട് ചെയ്യുകയും അവർക്ക് ഭക്ഷണം നൽകാൻ ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരിക്കുന്നതിനാൽ ആത്മഹത്യയ്ക്ക് സാധ്യതയില്ലെന്ന് സിന്ധുവിന്റെ പിതാവ് ചാലാവീട്ടിൽ ജോയി പറയുന്നു.