മെൽബൺ: മെൽബണിൽ ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ ഗംഭീരവിജയത്തിന് പിന്നിൽ അരങ്ങേറ്റക്കാരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഓപ്പണർ ബാറ്റസ്മാൻ ശുഭ്മാൻ ഗില്ലും പേസർ മുഹമ്മദ് സിറാജും സ്വപ്‌നതുല്യമായ പ്രകടനമാണ് കാഴ്‌ച്ചവച്ചത്.രണ്ട് ഇന്നിങ്സിലു മായി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ സിറാജിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായക മായി.ഉമേഷ് യാദവ് മൂന്നാം ദിനത്തിൽ പരിക്കേറ്റ് പിന്മാറിയത് ഇന്ത്യയെ ബാധിക്കാതിരുന്നത് സിറാജ് മികവിലേക്ക് ഉയർന്നതുകൊണ്ടാണ്.

ഓസീസിനെതിരേ ആദ്യ ഇന്നിങ്സിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സിറാജ്, രണ്ടാം ഇന്നിങ്സിൽ 37 റൺസിന് മൂന്നു വിക്കറ്റ് വീഴ്‌ത്തി. ഈ പ്രകടനത്തോടെ കഴിഞ്ഞ 50 വർഷത്തി നിടെ ഓസീസ് മണ്ണിലെ അരങ്ങേറ്റ ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സിറാജ് സ്വന്തമാക്കി.ഇതിനുപുറമെ കഴിഞ്ഞ 50 വർഷത്തിനിടെ ഓസീസ് മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റത്തിൽ അഞ്ചോ അതിലധികമോ വിക്കറ്റ് നേടുന്ന സന്ദർശക ബൗളറെന്ന നേട്ടം ശ്രീലങ്കൻ താരം ലാസിത് മലിംഗയ്ക്കൊപ്പം സ്വന്തമാക്കാനും സിറാജിനായി. 2003-ൽ ഡാർവിനിലായിരുന്നു മലിംഗയുടെ ടെസ്റ്റ് അരങ്ങേറ്റം.

ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് സിറാജ് രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഇടംപിടിച്ചത്. ഓസീസ് പര്യടനത്തിന്റെ തുടക്കത്തിൽ സിറാജിന്റെ പിതാവ് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ബി.സി.സിഐ സൗകര്യമൊരുക്കി യിരുന്നെങ്കിലും ടീമിനൊപ്പം തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.