കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസിനി സഭയിൽ നിന്നും പുറത്താക്കിയ നടപടി വത്തിക്കാൻ പരമോന്നത സഭാ കോടതി ശരിവെച്ചതായി മാധ്യമ വാർത്തകൾ. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ(എഫ്സിസി) സന്യാസിനി സഭാ അംഗമായിരുന്നു സിസ്റ്റർ ലൂസി. സിസ്റ്റർ ലൂസിയ പുറത്താക്കാൻ നേരത്തെ എഫ്സിസി തീരുമാനമെടുത്തിരുന്നു.ഇതേ തുടർന്ന് ലൂസി കളപ്പുര വത്തിക്കാൻ പരമോന്നത സഭാ കോടതിയെ സമീപിക്കുകയായിരുന്നു.സിസ്റ്റർ ലൂസിയുടെ അപ്പീൽ വത്തിക്കാൻ പരമോന്നത സഭാ കോടതി അപ്പസ്തോലിക്ക സിഞ്ഞത്തൂര തള്ളിയതായി എഫ്സിസി ആലുവ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് എഫ്സിസി അംഗങ്ങളായ തന്യാസ്ത്രീകൾക്ക് അയച്ച സർക്കുലറിൽ ചൂണ്ടികാണിക്കുന്നു.

കന്യാസ്ത്രീയ ബലാൽസംഗം ചെയ്ത മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവർത്തകരായ കന്യാസ്ത്രീകൾ പരസ്യമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ ദിവസങ്ങളോളം നടത്തിയ സമരത്തിന് പിന്തുണയുമായി സിസ്റ്റർ ലൂസി സമരവേദിയിൽ എത്തുകയും മാധ്യമങ്ങളിൽ അടക്കം ലേഖനം എഴുതുകയും ചെയ്തിരുന്നു.

ഇതുൾപ്പെടെയുള്ള കാര്യങ്ങളാണ് സിസ്റ്റർ ലൂസി കളപ്പുരയെ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. സംഭവത്തിൽ സിസ്റ്റർ ലൂസിയോട് സന്യാസിനി സഭാ നേതൃത്വം വിശദീകരണം തേടിയിരുന്നു. സിസ്റ്റർ ലൂസി ഇതിന് വിശദീകരണം നൽകിയെങ്കിലും എഫ്സിസി അധികൃതർ ഇത് അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ഇതുൾപ്പെടെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലൂസി കളപ്പുരയെ പുറത്താക്കാനുള്ള നടപടി തുടങ്ങിയത്.ഇതിനെതിരെ ലൂസി വത്തിക്കാനിലെ സഭാ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

അതേസമയം വത്തിക്കാൻ നടപടിക്കെതിരെ ലൂസി കളപ്പുരയും പ്രതികരണവുമായി രംഗത്തുവന്നു. തന്റെ ഭാഗം കേൾക്കാതെയാണ് വത്തിക്കാന്റെ നടപടിയെന്നും ഇത് സത്യത്തിനും നീതിക്കും നിരക്കാത്തത് ആണെന്നും അവർ പ്രതികരിച്ചു. മഠം വിട്ടുപോകാൻ തയ്യാറല്ലെന്നും അവർ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ പ്രതികരിച്ചു.