കൊട്ടാരക്കര: ആർ ബാലകൃഷ്ണ പിള്ളയുടെ വീട്ടിലെ സ്വത്ത് തർക്കത്തിന് കാരണം നേതാവ് രണ്ടാമത് എഴുതിയ വിൽപത്രം. വളരെ മുമ്പു തന്നെ പിള്ള തന്റെ സ്വത്തുക്കൾ മൂന്ന് മക്കൾക്കുമായി വിഭജിച്ച് വിൽപത്രം എഴുതിയിരുന്നു. ഇത് റദ്ദാക്കി വീണ്ടും വിൽപത്രം എഴുതിയതാണ് കുടുംബ പ്രശ്‌നത്തിന് കാരണമായത്. രണ്ടാമത് എഴുതിയ വിൽപത്രത്തിൽ കടുംബ വീടുൾപ്പെടെ ഗണേശ് കുമാറിനായെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണ പിള്ളയുടെ മൂത്തമകൾ ഉഷാ മോഹൻദാസ് പരാതിയുമായി എത്തുന്നത്. രണ്ടാം വിൽപത്രം വ്യാജമാണെന്നാണ് ഇവരുടെ സംശയം. എന്നാൽ ഇത് അവസാന നാളുകളിൽ ബാലകൃഷ്ണപിള്ള തന്നെ എഴുതിയതാണെന്നാണ് പിള്ളയുടെ അടുപ്പക്കാർ മറുനാടനോട് പങ്കുവച്ച വിവരം.

ഗണേശ് കുമാറിന്റെ ആദ്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ ചില്ലറ പ്രശ്‌നമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് ഗണേശിന് പുറത്തു പോകേണ്ടിയും വന്നു. അച്ഛനും മകനും തമ്മിലെ ഭിന്നത അന്ന് കേരള രാഷ്ട്രീയവും ഏറെ ചർച്ച ചെയ്തു. വിവാഹ മോചനത്തിന് വേണ്ടി ചില കരാറുകൾ പിള്ളയും അംഗീകരിച്ചു. അച്ഛനും മകനും രണ്ടു വഴിക്കായി യാത്ര. അന്നെല്ലാം അനന്തരവനായിരുന്ന ശരണ്യാ മനോജായിരുന്നു പിള്ളയ്‌ക്കൊപ്പം. പിന്നീട് മനോജും പിള്ളയും അകന്നു. മനോജ് കോൺഗ്രസിൽ പോലും ചേർന്നു. ഇതോടെ വീണ്ടും അച്ഛനും മകനും അടുക്കുകയായിരുന്നു. മകനുമായി പിണക്കമുണ്ടായിരുന്നപ്പോഴായിരുന്നു ആദ്യ വിൽപത്രം എഴുതിയത്.

പിള്ളയുടെ ഭാര്യ മരിച്ചതോടെ വാളകത്തെ വീട്ടിൽ സ്ഥിരമായി തന്നെ ഗണേശ് താമസിക്കുകയും ചെയ്തു. അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കുകയും ചെയ്തു. ഇതോടെ മകനോട് അച്ഛന് കൂടുതൽ താൽപ്പര്യം വന്നു. അങ്ങനെ ആദ്യ വിൽപത്രം റദ്ദാക്കി പുതിയത് എഴുതുകയും ചെയ്തു. ഇക്കാര്യം മറ്റ് മക്കളൊന്നും അറിഞ്ഞതുമില്ല. വാളകത്തെ വീടടക്കം ഗണേശിന് പിള്ള നൽകിയെന്നാണ് സൂചന. പിള്ളയുടെ മരണ ശേഷം പുതിയ വിൽപത്രം ചർച്ചയായി. ഇതോടെയാണ് മൂത്തമകളായ തനിക്കുണ്ടായ നഷ്ടം ഉഷാ മോഹൻദാസ് തിരിച്ചറിയുന്നത്. പിള്ളയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്‌കൂൾ അടക്കം പുതിയ വിൽപത്രത്തിൽ ഗണേശിന് നൽകിയെന്നതാണ് സൂചന.

ഈ സാഹചര്യത്തിലാണ് രണ്ടാം വിൽപത്രത്തെ സംശയത്തോടെ ഉഷാ മോഹൻദാസ് കാണുന്നത്. കേന്ദ്ര ഷിപ്പിങ് സെക്രട്ടറി പദം വരെ വഹിച്ച വിരമിച്ച ഐഎഎസുകാരനായ മോഹൻദാസാണ് ഉഷയുടെ ഭർത്താവ്. പിള്ളയ്ക്ക് ഉഷയും ഗണേശും അടക്കം മൂന്നു മക്കളാണുള്ളത്. അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവാണ് പിള്ളയുടെ രണ്ടാം മകൾ. ഗണേശ് ഇളവനും. ഇതിൽ ഇളയതാണ് മകൻ. ആദ്യ വിൽപത്രത്തിൽ കുടുംബ വീടുൾപ്പെടെ പലതും ഉഷയ്ക്കായിരുന്നു. പുതിയ വിൽപത്രത്തിൽ ഇതെല്ലാം ഗണേശിനായി. വാളകത്തെ ആർ വി എച്ച് എസ് എസും ഗണേശിനായി.

ഇതോടെയാണ് പരാതിയായി ഉഷ പിണറായിയെ കാണുന്നത്. വിൽപത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവർ ഗണേശിനെ മന്ത്രിയാക്കിയാൽ നിരവധി തെളിവുകൾ പുറത്തുവിടുമെന്നും അറിയിച്ചു. സോളാർ വിഷയത്തിൽ ഗണേശിന്റെ നിയമവിരുദ്ധമായ പല ഇടപാടുകളും മാധ്യമങ്ങൾക്ക് നൽകുമെന്ന് ഇവർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് ഗണേശിനെ മാറ്റി നിർത്തുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ കുടുംബ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ ഇടപെടലുകളും സജീവമാണ്.

തെളിവ് പുറത്തു വിടുമെന്നും ഉഷ പിണറായി വിജയനെ അറിയിച്ചതായാണ് സൂചന. ഇതോടെയാണ് ഗണേശിനെ തൽകാലം മന്ത്രിയാക്കാൻ പറ്റാത്ത സാഹചര്യത്തിൽ പിണറായി എത്തുന്നത്. ബാലകൃഷ്ണ പിള്ളയുടെ അനന്തരവനായ ശരണ്യാ മനോജ് ഇപ്പോൾ ഗണേശിന്റെ പ്രധാന രാഷ്ട്രീയ ശത്രുവാണ്. സോളാർ കേസിൽ പിള്ളയ്‌ക്കൊപ്പം നിന്ന് പലതും ചെയ്തത് മനോജാണ്.

അതുകൊണ്ട് തന്നെ പലതും മനോജിന് അറിയാം. ഈ സാഹചര്യത്തിലാണ് ഉഷയുടെ ഭീഷണികളെ പിണറായി ഗൗരവത്തോടെ കണ്ടത്. മന്ത്രിയാകാൻ കാത്തിരിക്കേണ്ടി വരുന്നതിൽ ഗണേശും നിരാശനാണ്. എത്രയും വേഗം കേസും വഴക്കുമാകാതെ കുടുംബ പ്രശ്‌നം ഒത്തുതീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതു നേതാക്കളും.

മുമ്പ് പലപ്പോഴും കുടുംബ പരമായ കാര്യങ്ങൾ കാരണമായിരുന്നു ഗണേശിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. അച്ഛൻ ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ കോടതി ഇടപെടലിനെ തുടർന്നാണ് യുഡിഎഫ് കാലത്ത് ഗണേശ് മന്ത്രിയാകുന്നത്. അച്ഛൻ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയപ്പോഴും മന്ത്രിയായി. എന്നാൽ അച്ഛനും മുൻ ഭാര്യയായിരുന്ന യാമിനിയുടെ പരാതികളും വിനയായി. ഇതോടെ മന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഇടതു പക്ഷത്തെത്തി. പിണറായിയുടെ ആദ്യ മന്ത്രിസഭയിൽ അംഗത്വം കിട്ടിയില്ല.

എന്നാൽ രണ്ടാം മന്ത്രിസഭയിൽ മുഴുവൻ ടേമും ഗണേശിന് കൊടുക്കണമെന്ന് പിണറായിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പരാതി എത്തിയത്. മന്ത്രിസഭയെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കാൻ പിണറായി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗണേശിനെ മാറ്റി നിർത്തുന്നത്.