ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം.ശാന്തന ഗൗഡർ (63) അന്തരിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘനാളായി അദ്ദേഹം സുഖ ബാധിതനായിരുന്നതായാണ് റിപ്പോർട്ട്. സുപ്രീംകോടതി അസിസ്റ്റന്റ് രജിസ്ട്രാർ ആണ് അദ്ദേഹത്തിന്റെ മരണ വാർത്ത പുറത്ത് വിട്ടത്.

കർണാടക സ്വദേശിയായ ശാന്തന ഗൗഡർ 1980 സെപ്റ്റംബറിലാണ് അഭിഭാഷക വൃത്തിയിൽ പ്രവേശിച്ചത്. 2003 മെയ്‌ 12നു കർണാടക ഹൈക്കോടതിയിലെ അഡീഷനൽ ജഡ്ജിയായി. 2004 സെപ്റ്റംബറിൽ സ്ഥിരം ജഡ്ജിയായി. 2016 ഓഗസ്റ്റ് ഒന്നിന് കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി. സെപ്റ്റംബർ 22ന് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. 2017 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2023 മെയ് നാലിനായിരുന്നു സുപ്രീം കോടതിയിൽ നിന്നും വിരമിക്കേണ്ടത്.