തിരുവനന്തപുരം: എസ് ഐ യു സിക്ക് അനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ സമര മുഖം വീണ്ടും തുറക്കും. കാലാകാങ്ങളായി ലഭിച്ചിരുന്ന വിദ്യാഭ്യാസ സംവരണം ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലും കുറവും വരുത്തുന്നതുമാണ് ഈ വിഭാഗത്തിന്റെ ആശങ്കയ്ക്ക് കാരണം. കാരക്കോണത്തേത് വലിയ നീതി നിഷേധമാണെന്ന് എസ് ഐ യു സി തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ സി എസ് ഐ സഭ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. ദക്ഷിണ കേരള മഹായിടവക അഡ്‌മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ഡോ റ്റി റ്റി പ്രവീണിന്റെ നേതൃത്വത്തിലാണ് സമരമുഖം തുറക്കുന്നത്. സർക്കാരിനെ അനുനയത്തിലൂടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് ആദ്യ പടിയിൽ ശ്രമം. അതിനിടെ വിഷയം ഗവർണ്ണർ അരീഫ് മുഹമ്മദ് ഖാന്റെ ശ്രദ്ധയിലേക്കും കൊണ്ടു വന്നിട്ടുണ്ട്.

കാരക്കോണം മെഡിക്കൽ കോളേജിൽ സഭയ്ക്ക് നീതി നിഷേധം സംഭവിക്കുന്നുവെന്നാണ് പ്രവീൺ പറയുന്നത്. ഈ സാഹചര്യത്തിലാണ് വിഷയം ഗവർണ്ണറുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നത്. ഇതിനൊപ്പം മറ്റ് സംവരണ ആനകൂല്യം നിഷേധിക്കലും പ്രവീണും കൂട്ടരും ചർച്ചയാക്കുന്നുണ്ട്. സർക്കാരിൽ നിന്ന് അനകൂല തീരുമാനങ്ങളാണ് സഭ ഈ ഘട്ടത്തിലും പ്രതീക്ഷിക്കുന്നത്. ഏതായാലും സംവരണം ചർച്ചയാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പ്രവീണിന്റെ നേതൃത്വത്തിൽ ഗവർണ്ണറെ കണ്ട് നിവേദനം നൽകിയത്. പരിശോധിച്ച് വേണ്ട തീരുമാനം എടുക്കാമെന്ന് ഗവർണ്ണർ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചിട്ടുണ്ട്.

1966 മുതൽ വിദ്യാഭ്യാസ രംഗത്ത് ലഭിച്ചു കൊണ്ടിരുന്ന സംവരണം തനതായി നിലനിൽക്കണമെന്നത് 13 ലക്ഷത്തോളം വരുന്ന സമുദായത്തിന്റെ അവകാശമാണ്. സാമ്പത്തിക പാരാധീനതകൾ ഉയർത്തിയാണ് ഈ ചർച്ച സജീവമാക്കുന്നതെന്ന് പ്രവീണ്ഡ പറയുന്നു. സമൂദായത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകാനാണ് 2011ൽ കാരക്കോണത്ത് മെഡിക്കൽ കോളേജ് തുടങ്ങുന്നത്. 2002 മുതൽ 2018വരെ സർക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം സർക്കാർ മാനേജ്‌മെന്റ് ക്വാട്ട 50:50 എന്ന നിലയിൽ പ്രവേശനം നൽകി. 2019ൽ എല്ലാ ക്രിസ്തീയ സമുദായ അംഗങ്ങളേയും ഒരുമിച്ച് ചേർത്ത് അഡ്‌മിഷൻ നടത്തിയപ്പോൾ എസ് ഐ യു സിക്ക് ലഭിച്ച സീറ്റ് നഷ്ടമായി. ആകെയുള്ള 100 സീറ്റിൽ 50 സീറ്റ് സമുദായാംഗങ്ങൾക്ക് കിട്ടണം. എന്നാൽ നാലു പേർക്കാണ് സീറ്റ് കിട്ടിയത്-ഇതാണ് അടിയന്തര ഇടപെടലുകൾ വേണമെന്ന് സഭ ആവശ്യപ്പെടാൻ കാരണം.

2020ൽ ആകെയുള്ള 150 എംബിബിഎസ് സീറ്റിൽ 17 സീറ്റുകൾ മാത്രമാണ് എസ് ഐ യു സി വിഭാഗത്തിൽ പെട്ടവർക്ക് കിട്ടിയത്. സാമ്പത്തിക-പഠന പിന്നോക്കാവസ്ഥ നിലനിൽക്കുന്ന സമുദായത്തിലെ കുട്ടികൾക്ക് മുന്നോക്കം നിൽക്കുന്ന മറ്റ് ക്രിസ്തീയ വിഭാഗത്തിലെ കുട്ടികൾക്കൊപ്പം മത്സര പരീക്ഷയിൽ ഉന്നത റാങ്കുകൾ നേടി എത്താൻ കഴിയുന്നില്ല. അതിനാൽ 2018 വരെ സർക്കാരുമായുണ്ടാക്കിയ ധാരണ പ്രകാരം ലഭിച്ചു കൊണ്ടിരുന്ന അഡ്‌മിഷൻ അനുപാതത്തിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് സി എസ് ഐ സഭയുടെ ആവശ്യം. 2021ൽ നീതി നടപ്പാക്കണമെന്നാണ് ആവശ്യം. ഇതിനൊപ്പം പി എസ് സി നിയമനങ്ങളിലും അർഹതപ്പെട്ടത് ഉറപ്പാക്കാനും ഇവർ ശ്രമിക്കും. ഇക്കാര്യത്തിലും പരാതികളുണ്ട്.

1957ൽ കേരളാ സ്‌റ്റേറ്റ് സബോർഡിനേറ്റ് സർവ്വീസ് റൂൾ നിലവിൽ വന്നപ്പോൾ പി എസ് സി നിയമനങ്ങൾക്ക് ലത്തീൻ കത്തോലിക്ക, എസ്‌ഐ.യു.സി., ആംഗ്ലോ ഇന്ത്യൻ എന്നീ വിഭാഗങ്ങളെ ഒറ്റ പട്ടികയായി 5% സംവരണം അനുവദിച്ചു. 1963 ൽ ലത്തീൻ കത്തോലിക്കാരെ വേർതിരിച്ച് അവർക്കുമാത്രം 4% സംവരണം നൽകി. എസ്‌ഐ.യു.സി. ക്കും ആംഗ്ലോ ഇന്ത്യനുമായി 1% ആയി കുറച്ചു നൽകി. 1978 ൽ ഈ പട്ടികയിൽ നിന്നും ആംഗ്ലോ ഇന്ത്യനെ മാറ്റി എസ്‌ഐ.യുസി.യെ വിഭജിച്ച് നാടാർ എസ്‌ഐ.യു.സി. എന്നും ഹിന്ദു നാടാരെന്നും ചേർത്ത് 1% സംവരണം അനുവദിക്കുകയും നാടാർ ഒഴികെയുള്ള എസ്‌ഐ.യു.സി. വിഭാഗത്തെ ഒ.ബി.സി. വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

1978 മുതൽ 1982 വരെ ഇപ്രകാരം തുടർന്നു. 1982 ൽ. എസ് ഐ യുസി ഹിന്ദു നാടാർ വിഭാഗത്തിന്റെ സംവരണം ക്ലാസ്സ് മൂന്ന് വരെ 2% വും ക്ലാസ്സ് നാല് തസ്തികയിൽ 3% ആയും വർദ്ധിപ്പിച്ചു. 2001 ൽ സുപ്രീം കോടതി വിധിപ്രകാരം എസ് ഐ യു സി വിഭാഗത്തിന് മാത്രമായി ക്ലാസ്സ് മൂന്ന് തസ്തികകളിൽ 1% വും ക്ലാസ്സ് നാല് തസ്തികകളിൽ 2% വും സംവരണം അനുവദിച്ചുവെന്നും പ്രവീൺ വിശദീകരിക്കുന്നു.

മെഡിക്കൽ പ്രവേശനം ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിന് പരിവർത്തിത ക്രിസ്ത്യൻ, എസ് ഐ യു സി. വിഭാഗങ്ങളെ ഒരു പട്ടികയായി ചേർത്ത് 1% സംവരണം 2020 വരെ അനുവദിച്ചു വന്നു. എന്നാൽ 2021 ൽ ഈ പട്ടികയിൽ നാടാർ വിഭാഗത്തിലെ മറ്റ് ക്രൈസ്തവ വിഭാഗങ്ങളെ കൂടി ചേർത്താണ് ഒരു ശതമാനം സംവരണം അനുവദിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് സി എസ് ഐ സഭ പറയുന്നു.

2002 ൽ ആരംഭിച്ച കാരക്കോണം മെഡിക്കൽ കോളേജിൽ 50:50 എന്നതായിരുന്നു സീറ്റിന്റെ അനുപാതം. സർക്കാർ സീറ്റിൽ 15% കൂടെ, കോളേജ് നടത്തുന്ന വിഭാഗങ്ങൾക്ക് മാറി വന്ന ഇടതു സർക്കാർ അനുവദിച്ചതോടെ 65% സീറ്റിൽ എസ് ഐ യു സിക്ക് അഡ്‌മിഷൻ ലഭിച്ചുകൊണ്ടിരുന്നു.
എന്നാൽ 31.10.2018 ൽ മുസ്ലിം ന്യൂനപക്ഷത്തിൽപ്പെട്ട ചില വിദ്യാർത്ഥികൾ അവരുടെ വിഭാഗത്തിന്റെ അവകാശത്തിനായി ഹൈക്കോടതിയിലൂടെ നേടിയ വിധി പൊതുമാനദണ്ഡമായി പരിഗണിച്ചപ്പോൾ 2019 മുതൽ എസ്‌ഐ.യു.സി. ക്ക് ലഭിച്ചു കൊണ്ടിരുന്ന 65% സീറ്റ് സംവരണം നഷ്ടമായി.

2019 ൽ വെറും 4 എസ് ഐ യുസിക്കാർക്കും, 2020ൽ 17 എസ്‌ഐ.യു.സി.ക്കാർക്കും മാത്രമേ കാരക്കോണം മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ ലഭിച്ചുള്ളൂ. ലഭിക്കേണ്ടിയിരുന്നത് 2019 ൽ 65 ഉം, 2020 ൽ 97 ഉം സീറ്റുകളായിരുന്നു.