മുംബൈ: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തെ വിമർശിച്ച് ശിവസേന രം​ഗത്ത്. വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുമ്പോളാണ്പിന്തുണയുമായി മഹാരാഷ്ട്രയിലെ കോൺ​ഗ്രസ് സഖ്യകക്ഷിയായ ശിവസേന രം​ഗത്തെത്തിയത്. വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർക്ക് ഇന്ത്യൻ നേതാക്കളെ കുറിച്ച് അഭിപ്രായം പറയാൻ ഒരു അവകാശവുമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ട്രംപിന് ഭ്രാന്താണെന്ന് ഞങ്ങൾ പറയില്ല. ഒബാമയ്ക്ക് ഇന്ത്യയെപ്പറ്റിയും ഇന്ത്യൻ നേതാക്കളെപ്പറ്റിയും എന്തറിയാമെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.

എ പ്രോമിസ്ഡ് ലാൻഡ് എന്ന ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകളുടെ പുസ്തകത്തിലാണ് രാഹുലിനെപ്പറ്റിയുള്ള പരാമർശങ്ങൾ. കോൺഗ്രസ് നേതാക്കൾ പോലും കാര്യമായി പ്രതിരോധിക്കാൻ മടിക്കുന്നതിനിടെയാണ് ശത്രുത മറന്ന് സമീപകാലത്ത് മാത്രം കോൺഗ്രസുമായി കൂട്ടുകൂടിയ ശിവസേന രാഹുലിനെ പിന്തുണച്ചത്. ഒബാമയുടെ പരാമർശം രാഷ്ട്രീയമായി മുതലെടുക്കുന്ന ബിജെപിയെയും മഹാരാഷ്ട്രയിലെ കോൺഗ്രസ് സഖ്യകക്ഷിയായ സേന വിമർശിച്ചു.

അമേരിക്കൻ പ്രസിഡന്റായിരുന്ന എട്ടുവർഷത്തിനിടയിൽ താൻ കണ്ടുമുട്ടിയതും ഇടപഴകിയതുമായ വിവിധ ലോകാനേതാക്കളെ വിലയിരുത്തുന്നുണ്ട് എ പ്രോമിസ്ഡ് ലാൻഡ് എന്ന ഈ പുസ്തകത്തിൽ. ഇന്ത്യയിൽ നിന്നും ഈ പുസ്തകത്തിൽ ഇടം കണ്ടെത്തിയ രണ്ടു നേതാക്കൾ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും, മുൻ കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയുമാണ്.

പഠനത്തിൽ താത്പര്യമില്ലാത്തഒരു വിദ്യാർത്ഥിയെ പോലെയാണ് വയനാട് എം പി രാഹുൽ ഗാന്ധി എന്നാണ് ഒബാമ പറയുന്നത്. അദ്ധ്യാപകനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന, എന്നാൽ, വിഷയത്തിൽ ആഴത്തിലുള്ള ജ്ഞാനം ഇല്ലാത്ത ഒരു വിദ്യാർത്ഥി. മാത്രമല്ല, വിഷയം പഠിക്കുവാനുള്ള താത്പര്യമോ അതിനുള്ള ശ്രമമോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല എന്നും ഒബാമ പറയുന്നു.അതേസമയം, തികഞ്ഞ മാന്യനും സത്യസന്ധനുമെന്നാണ് മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ ഒബാമ വിശേഷിപ്പിക്കുന്നത്.

അമേരിക്കൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. തന്നോടൊപ്പംവൈസ് പ്രസിഡണ്ട് എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള ജോ ബൈഡൻ തനിക്ക് അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന തോന്നലുണ്ടായാൽ അസ്വസ്ഥനാകുന്ന ഒരു വ്യക്തിയാണെന്നാണ് ഒബാമ പറയുന്നത്. തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു മേലധികാരിയുമായി പ്രവർത്തിക്കുമ്പോൾ ഈ സ്വഭാവം ഇടയ്ക്കിടെ പുറത്തുവരുമെന്നും അദ്ദേഹം തുടർന്നെഴുതുന്നു.

വ്ളാഡിമിർ പുട്ടിനെ കാണുമ്പോൾ ഷിക്കാഗോ തെരുവിലെ ഒരു ഗുണ്ടയേയാണ് ഓർമ്മ വരിക. ശാരീരികമായി അസാധ്യമായ ആരോഗ്യമുള്ള വ്യക്തികൂടിയാണ് പുട്ടിൻ എന്നും ഒബാമ പറയുന്നു. ക്രിമിയ പിടിച്ചെടുത്തതിനു പുറകേ റഷ്യയെ ജി 8 ൽ നിന്നും പുറത്താക്കാൻ ഒബാമ മുൻകൈ എടുത്തതോടെ 2014 ൽ ഇവർക്കിടയിലെ ബന്ധം വഷളായിരുന്നു. മാത്രമല്ല, 2016-ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെടാൻ ശ്രമിക്കുന്നു എന്ന വിവരം അറിയാമായിരുന്നു എന്നും ഒബാമ പറയുന്നു. റഷ്യയുടെ പങ്ക് മനസ്സിലാക്കുവാൻ എഫ് ബി ഐ ഒരു കൗണ്ടർ ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു. ഇതാണ് പിന്നീട് തന്റെ പ്രചാരണത്തിൽ ഒബാമ ചാരപ്പണി നടത്തുന്നു എന്ന് ആരോപിക്കുവാൻ ട്രംപിനെ പ്രേരിപ്പിച്ചത്.

നവംബർ 17 ന് പുറത്തിറങ്ങുന്ന, ''വാഗ്ദത്ത ഭൂമി'' എന്ന 768 പേജുള്ള പുസ്തകത്തിൽ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം തൊട്ട്, ആദ്യവട്ടം പ്രസിഡണ്ട് കാലാവധി കഴിയുന്നതുവരെയുള്ള സംഭവങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. തന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളും താൻ ഇടപഴകിയ ലോകനേതാക്കളെ കുറിച്ചുള്ള അഭിപ്രായങ്ങളുമൊക്കെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

താൻ ഏറ്റവുമധികം ബോറടിച്ചത് ചൈനീസ് പ്രസിഡണ്ട് ഹു ജിന്താവോയുമായുള്ള മീറ്റിംഗിനിടയിലാണെന്നാണ് ഒബാമ പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. എഴുതിക്കൊണ്ടുവന്നിരുന്ന പേപ്പർ നോക്കി വായിക്കുകയായിരുന്നു ഹു. ബോറടിച്ചതിനെ തുടർന്ന്, ഇതിലും ഭേദംനമുക്ക് പരസ്പരം പേപ്പറുകൾ കൈമാറാം എന്ന് ഒബാമ പറയുകയുണ്ടായി. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പിനേ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. അതുപോലെ ഡൊണാൾഡ് ട്രംപിനെ കുറിച്ചും.

അമേരിക്കയുടെ ആദ്യ കറുത്തവർഗ്ഗക്കാരനായ പ്രസിഡണ്ടിനെ കുറിച്ച് വെള്ളക്കാരിൽ ഉയർന്ന ആശങ്കയ്ക്ക് മറുപടി നൽകുകയായിരുന്നു ട്രംപ് എന്നാണ് അദ്ദേഹം പറയുന്നത്. ആ ആശങ്കയെ തട്ടിയുണർത്താൻ കഴിഞ്ഞു എന്നതാണ് ട്രംപ് വിജയിക്കുവാൻ കാരണമായത്. ഇതോടൊപ്പം അമേരിക്കയിലെ മറ്റ് പല പ്രമുഖരായ രഷ്ട്രീയ നേതാക്കളെ കുറിച്ചും ഒബാമ തന്റെ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. നവംബർ 17 ന് പ്രകാശനം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏറെ വിവാദം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.