തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിപറഞ്ഞ് പുലിവാല് പിടിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിശദീകരണവുമായി രംഗത്ത്. നാക്കുപിഴ മനുഷ്യ സഹജമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതിൽ വാശിയും വൈരാഗ്യമുള്ളവരാണ് പ്രചാരണം നടത്തിന് പിന്നിലെന്നാണ് ശിവൻകുട്ടി പറയുന്നത്.

ഇന്നലെ സ്‌കൂൾ തുറക്കുന്നതിലെ മാർഗരേഖ വിശദീകരിക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിക്ക് അബദ്ധം പറ്റിയത്. മന്ത്രിയുടെ അറിവില്ലായ്മ എന്ന രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ഇത് പ്രചരിച്ചു. പലപ്പോഴും പറഞ്ഞു കുടുങ്ങുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ഇപി ജയരാജന്റെയും പിൻഗാമിയായി ശിവൻകുട്ടിയെ ട്രോളന്മാരും രാഷ്ട്രീയ എതിരാളികളും ഏറ്റെടുത്തു. ട്രോളുകളോടുള്ള വിയോജിപ്പ് പലപ്പോഴും തുറന്നു പറഞ്ഞ ശിവൻകുട്ടി, നാക്കുപിഴ മനുഷ്യ സഹജമാണെന്നാണ് പുതിയ ആക്ഷേപങ്ങളോട് പ്രതികരിച്ചത്.

നാക്ക് പിഴ എല്ലാവർക്കും സംഭവിക്കും. ഇത് മനുഷ്യ സഹജമാണ്. ആക്ഷേപിക്കുന്നവർക്ക് സന്തോഷം കിട്ടുന്നെങ്കിൽ സന്തോഷിക്കട്ടെ. ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല. നേമത്ത് അക്കൗണ്ട് പൂട്ടിയതിൽ ബിജെപിക്ക് വാശിയും വൈരാഗ്യമുള്ളവരുണ്ടെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. സ്‌കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. മാർഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തിയ സ്‌കൂൾ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.