തിരുവനന്തപുരം: ഭർത്താവിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പിൽശാല പൊലീസ് അറസ്റ്റു ചെയ്തു. കേസിൽ രണ്ടുവർഷമായി ഒളിവിലായിരുന്ന നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടിൽ കെ.വിഷ്ണു(30)വാണ് അറസ്റ്റിലായത്.

ബന്ധുവെന്ന് പരിചയപ്പെടുത്തി സ്വന്തം വീട്ടിൽ അമിതാധികാരം നൽകിയ സുഹൃത്ത് ഭാര്യയുടെ രഹസ്യകാമുകനായിരുന്നെന്ന് അറിഞ്ഞതോടെയാണ് രണ്ട് വർഷം മുമ്പ് മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാഭവനിൽ കെ.ശിവപ്രസാദ് (35) ആത്മഹത്യചെയ്തത്. കേസിൽ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.

2019 സെപ്റ്റംബർ എട്ടിനാണ് വിളപ്പിൽശാല പുറ്റുമ്മേൽക്കോണം ചാക്കിയോടുള്ള വീട്ടിൽ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ആത്മഹത്യയായി കണ്ട് പൊലീസ് എഴുതിത്ത്ത്ത്ത്തള്ളാനൊരുങ്ങിയ കേസിൽ ശിവപ്രസാദിന്റെ അമ്മയുടെ പരാതിയെ തുടർന്നാണ് അന്വേഷണം ഊർജിതമായത്.

മലയിൻകീഴ് തച്ചോട്ടുകാവിലെ ഗ്യാസ് ഏജൻസിയിൽ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യ അഖില, അവിടത്തെ ജീവനക്കാരൻ വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ വിഷ്ണു തന്റെ ബന്ധുവാണെന്നാണ് അഖില, ഭർത്താവിനെ പരിചയപ്പെടുത്തിയത്. അതിനാൽ അഖിലയുടെയും ശിവപ്രസാദിന്റെയും വീട്ടിൽ ഇയാൾക്ക് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

അപ്രതീക്ഷിതമായി സുഹൃത്തിന്റെ ഫോണിൽ അഖിലയും വിഷ്ണുവും തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരിൽ, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇപ്പോൾ അഖിലയും രണ്ടു പെൺകുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിക്കുന്നത്. കേസിൽ രണ്ടാംപ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇയാൾ ശ്രീകാര്യത്തുള്ള വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചാണ് പൊലീസ് അവിടെയെത്തി പിടികൂടിയത്. ഒന്നാം പ്രതിയായ അഖില ഈ സമയം വീട്ടിലില്ലാതിരുന്നതിനാൽ പിടികൂടാനായില്ലെന്ന് പൊലീസ് പറഞ്ഞു. വിളപ്പിൽശാല സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.സുരേഷ്‌കുമാർ, എസ്‌ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.