കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സമെന്റ് രജിസ്റ്റർ ചെയ്ത കേസിലും എം.ശിവശങ്കറിന് ജാമ്യം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ രാവിലെ ജാമ്യം അനുവദിച്ചിരുന്നു. ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽക്കൂടി ജാമ്യം ലഭിച്ചാലേ ശിവശങ്കറിനു പുറത്തിറങ്ങാനാവൂ.

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന്, സാമ്പത്തിക കുറ്റങ്ങൾക്കായുള്ള കോടതി സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ കേസിൽ അറസ്റ്റിലായി എൺപത്തിയൊൻപതാം ദിവസമാണ് ജാമ്യം ലഭിച്ചത്.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷിക്കുന്ന കേസിൽ ശിവശങ്കറിനെ പ്രതി ചേർത്തിട്ടില്ല.നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ.

സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരുന്നു. സ്വർണകള്ളക്കടത്തിനും ഡോളർ കടത്തിനും കസ്റ്റംസ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.

ഇഡി രജിസ്റ്റർ കേസുമായി നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.