മുംബൈ: മമത ബാനർജി തള്ളിപ്പറഞ്ഞ കോൺഗ്രസിനെ ചേർത്ത് പിടിച്ച് ശിവസേനയുടെ പ്രഖ്യാപനം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇല്ലാത്ത ഒരു പ്രതിപക്ഷ സഖ്യത്തെ കുറിച്ച് ചിന്തിക്കുക സാധ്യമല്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. നിലവിൽ പുതിയ പ്രതിപക്ഷ സഖ്യം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം റാവത്ത് പറഞ്ഞു.

യുപിഎയെക്കുറിച്ചുള്ള തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് റാവത്തിന്റെ പരാമർശം. ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്ത് ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്. കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടിക്കും അതിന്റെ നേതൃത്വം വഹിക്കാനാകില്ലെന്നും റാവത്ത് പറഞ്ഞു.

വരും വർഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ശിവസേന തങ്ങളെ പിന്തുണച്ചേക്കുമെന്ന് കോൺഗ്രസും സൂചിപ്പിക്കുന്നു. പഞ്ചാബിലും യുപിയും ഒക്കെ ശിവസേനയ്ക്ക് കാര്യമായ സാന്നിധ്യം ഇല്ലെങ്കിലും, പ്രത്യയശാസ്ത്രപരമായി അകന്നു നിൽക്കുന്ന രണ്ടുപാർട്ടികൾ തമ്മിൽ കൂടുതൽ അടുക്കുന്നതിന്റെ രാഷ്ട്രീയ പ്രതീകം ആയിരിക്കും ഈ പിന്തുണ.

ചില റിപ്പോർട്ടുകൾ പ്രകാരം സേന യുപിഎയിൽ ചേരാനും സാധ്യതയുണ്ട്. അതുവഴി കോൺഗ്രസ് -തൃണമൂൽ ബന്ധത്തിലെ വിള്ളൽ ഒരുപരിധി വരെ പരിഹരിക്കാമെന്നും കരുതുന്നവരുണ്ട്. ബിജപിയുടെ മുൻ സഖ്യകക്ഷിയായ ശിവസേന മമത ബാനർജിയുടെ ആക്രമണങ്ങളിൽ നിന്നും ശക്തമായി കോൺഗ്രസിനെ പ്രതിരോധിക്കുന്ന പാർട്ടിയാണ്. മമത ഡൽഹിയിൽ എത്തിയപ്പോൾ ആദിത്യ താക്കറെയെയും എൻസിപിയുടെ ശരദ് പവാറിനെയും കണ്ടിരുന്നു.

കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎയുടെ അസ്തിത്വത്തെ ചോദ്യം ചെയ്ത് മമതയുടെ 'എന്ത് യുപിഎ പരാമർശത്തെ'ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിൽ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിനെ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കി, യുപിഎയ്ക്ക് ബദലുണ്ടാക്കുന്നത് ബിജെപിയെയും ഫാസിസ്റ്റ് ശക്തികളെയും ശക്തിപ്പെടുത്തുകയേ ഉള്ളുവെന്ന് ശിവസേന വിമർശിച്ചിരുന്നു.

'മമത കോൺഗ്രസിനെയും ഇടതിനെയും ബിജെപിയെയും പശ്ചിമബംഗാളിൽ ഫിനിഷ് ചെയ്തുവെന്നത് പരമാർത്ഥമാണ്. എന്നാൽ, കോൺഗ്രസിനെ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കുന്നത് ഫാസിസ്റ്റ് ശക്തികളെ ശക്തിപ്പെടുത്തും. കോൺഗ്രസിനെ തുടച്ചുനീക്കണം എന്നുള്ളത് മോദിയുടെയും ബിജെപിയുടെയും അജണ്ട ആണെന്ന കാര്യം മനസ്സിലാക്കാം. എന്നാൽ, മോദിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും എതിർക്കുന്നവർ അങ്ങനെ ചിന്തിക്കുന്നത് അപകടകരമാണ്'-സാംമ്‌ന എഡിറ്റോറിയലിൽ പറയുന്നു. സോണിയയും രാഹുലും യുപിഎയെ ശക്തമാക്കാൻ മുന്നോട്ട് വരണമെന്നും എഡിറ്റോറിയലിൽ ആവശ്യപ്പെടുന്നുണ്ട്.